സെക്രട്ടേറിയേറ്റ് ഉപരോധം തുടരുന്നു; സമാധാനപരമെന്ന് എ ഡി ജി പി

Posted on: August 12, 2013 10:48 am | Last updated: August 13, 2013 at 8:22 am
SHARE

manush

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് നടത്തുന്ന സെക്രട്ടേറിയേറ്റ് ഉപരോധ സമരം തുടരുന്നു. ചില ഒറ്റപ്പെട്ട അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പൊതുവെ സമരം സമാധാനപരമാണെന്ന് എ ഡി ജി പി ഹേമചന്ദ്രന്‍ പറഞ്ഞു.

പാളയത്ത് ജീവനക്കാരുമായി വന്ന് പോലീസ് വാഹനം സമരക്കാര്‍ തകര്‍ത്തു. വെള്ളയമ്പലത്ത് പോലീസ് വാഹനത്തിന് നേരെ സമരക്കാര്‍ നടത്തിയ കല്ലേറില്‍ പോലീസ് ജീപ്പിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. രാവിലെ മന്ത്രിസഭാ യോഗം കഴിഞ്ഞു മടങ്ങുന്ന മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വാഹനം സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പിന്നീട് പോലീസ് സമരക്കാരെ നീക്കിയതിന് ശേഷമാണ് മന്ത്രിമാര്‍ പുറത്തേക്ക് പോയത്.
സമരക്കാരും സര്‍ക്കാറുമായുള്ള ധാരണപ്രകാരം കണ്ടോണ്‍മെന്റ് ഗേറ്റ് ഉപരോധിച്ചില്ലായിരുന്നു. എന്നാല്‍ ഉച്ചയോടെ കണ്ടോണ്‍മെന്റ് ഗേറ്റ കൂടി സമരക്കാര്‍ ഉപരോധിക്കാന്‍ തുടങ്ങി. പ്രകോപനം സൃഷ്ടിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ പെരുമാറിയതാണ് കണ്ടോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കാന്‍ കാരണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതിക്രമമുണ്ടായാല്‍ മാത്രം നടപടിയെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ആദ്യ പ്രകോപനം ഏതായാലും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. മുന്‍കരുതല്‍ അധികമായോ എന്ന് സമരം കഴിഞ്ഞശേഷമേ പറയാന്‍ കഴിയൂ എന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. സംയമനം പാലിക്കാനാണ് പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

30 ശതമാനം ജീവനക്കാര്‍ സെക്രട്ടറിയേറ്റില്‍ ജോലിക്കെത്തിയാണ് അറിയാന്‍ കഴിയുന്നത്. 25 സെക്രട്ടറിമാരില്‍ 19 സെക്രട്ടറിമാര്‍ ജോലിക്കെത്തിയിട്ടുണ്ട്.

സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. തന്റെ തന്നെ പാര്‍ട്ടിയിലെ പവന്‍കുമാര്‍ ബന്‍സലിനെ ഉമ്മന്‍ചാണ്ടി മാതൃകയാക്കണം. ബന്‍സലിന്റെ ഓഫീസുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം ഉയര്‍ന്നതെന്നും കാരാട്ട് പറഞ്ഞു.
സംഘര്‍ഷം നടക്കുന്ന കശ്മീരിലേക്കാണ് പട്ടാളത്തെ അയക്കേണ്ടത്. അല്ലാതെ അഴിമതിക്കാരെ സംരക്ഷിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിന്റെ ജനപങ്കാളിത്തം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സമരക്കാരെ അഭിസംബോധന ചെയ്ത മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ പറഞ്ഞു. സി പി ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍, ആര്‍ എസ് പി നേതാവ് ടി ജെ ചന്ദ്രചൂഡന്‍ എന്നിവര്‍ സംസാരിച്ചു.

 

 

 

സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here