Connect with us

International

അനധികൃത കുടിയേറ്റത്തിന് ഇസ്‌റാഈല്‍ സര്‍ക്കാറിന്റെ അനുമതി

Published

|

Last Updated

ടെല്‍ -അവീവ്: ഫലസ്തീനിന്റെയും ലോകരാഷ്ട്രങ്ങളുടെയും പ്രതിഷേധം വകവെക്കാതെ അനധികൃത കുടിയേറ്റവുമായി മുന്നോട്ടുപോകാന്‍ ഇസ്‌റാഈല്‍ തീരുമാനിച്ചു. ഫലസ്തീനില്‍ നിന്ന് പിടിച്ചെടുത്ത വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലുമായി 1,200 വീടുകള്‍ പണിയാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കെട്ടിട നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് കുടിയേറ്റ നിര്‍മാണവുമായി ബന്ധപ്പെട്ട ഇസ്‌റാഈല്‍ മന്ത്രി യൂറി ഏരിയല്‍ വ്യക്തമാക്കി.
കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു രാജ്യമെടുക്കുന്ന തീരുമാനത്തില്‍ ഇടപെടേണ്ട ആവശ്യം മറ്റൊരു രാജ്യത്തിന് ഇല്ലെന്ന് യൂറി ഏരിയല്‍ പറഞ്ഞു. സര്‍ക്കാറിന്റെ തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക മേഖലക്കും സിയോണിസത്തിനും അനിവാര്യമാണെന്ന് ഏരിയല്‍ കൂട്ടിച്ചേര്‍ത്തു. കിഴക്കന്‍ ജറൂസലമില്‍ 793ഉം വെസ്റ്റ് ബാങ്കില്‍ 394ഉം കെട്ടിടങ്ങള്‍ പണിയാനാണ് സര്‍ക്കാറിന്റെ തീരുമാനം. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ഫലസ്തീന്‍ – ഇസ്‌റാഈല്‍ സമാധാന ദൗത്യത്തിന് കനത്ത തിരിച്ചടിയാണ് ഫലസ്തീന്‍ ജനതയെ പ്രകോപിപ്പിക്കുന്ന ഇസ്‌റാഈലിന്റെ പുതിയ നീക്കം. സമാധാന ചര്‍ച്ചയുടെ രണ്ടാം ഘട്ടം ജറൂസലമില്‍ നടക്കാനിരിക്കുകയാണ്. ചര്‍ച്ചയില്‍ പങ്കെടുത്താലേ ഇസ്‌റാഈലിലെ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുകയുള്ളൂവെന്നും ഇസ്‌റാഈല്‍ വക്താക്കള്‍ അറിയിച്ചിട്ടുണ്ട്.

ഫലസ്തീന്‍ ശക്തമായി
പ്രതിഷേധിച്ചു

ജറൂസലം: ഇസ്‌റാഈല്‍ തീരുമാനത്തില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ശക്തമായ പ്രതിഷേധിച്ചു. എന്നാല്‍ സമാധാന ചര്‍ച്ചയില്‍ നിന്നും പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനധികൃത കുടിയേറ്റം കനത്ത സംഘര്‍ഷത്തിന് കാരണമാകുമെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ വക്താവ് ഹന്നാന്‍ അശ്‌റാവി മുന്നറിയിപ്പ് നല്‍കി.
അതിനിടെ, ഫലസ്തീനുമായി സമാധാന ചര്‍ച്ചക്ക് തയ്യാറായതും ഇസ്‌റാഈല്‍ ജയിലില്‍ കഴിയുന്ന ഫലസ്തീന്‍ പൗരന്‍മാരെ മോചിപ്പിച്ചതും ഇസ്‌റാഈലില്‍ കനത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. കുടിയേറ്റ പദ്ധതിയിലൂടെ പ്രതിഷേധക്കാരെ മയപ്പെടുത്താനാകുമെന്നാണ് ഇസ്‌റാഈല്‍ സര്‍ക്കാര്‍ കരുതുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.