അമേരിക്കന്‍ ചാര കേന്ദ്രങ്ങളുടെ ഉപഗ്രഹമോ ഇന്ത്യ?

Posted on: August 10, 2013 6:00 am | Last updated: August 9, 2013 at 9:47 pm
SHARE

അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ ‘പ്രിസം’ എന്ന് നാമകരണം ചെയ്ത ചാരപ്പണിയില്‍ ഇന്ത്യന്‍ ഭരണകൂടവും പങ്കാളിയായിരുന്നുവെന്ന വിവരമാണ് കഴിഞ്ഞ ദിവസം ഗാര്‍ഡിയന്‍ പത്രം പറത്തുവിട്ടത്. ഇന്ത്യയെ പെന്റഗണിന്റെയും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെയും ഉപഗ്രഹമായി അധഃപതിപ്പിച്ച യു പി എസര്‍ക്കാറിന്റെ രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങളാണ് ഇതോടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്.
ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രവൃത്തികളും സംഭാഷണങ്ങളും സി ഐ എയും എഫ് ബി ഐയും ദേശരക്ഷാ ഏജന്‍സിയും ചേര്‍ന്ന് ചോര്‍ത്തിയെടുത്തുകൊണ്ടിരിക്കുകയായിരുന്നുവെന്ന വിവരം പുറത്തുവിട്ടത് എഡ്വേര്‍ഡ് സ്‌നോഡന്‍ എന്ന അമേരിക്കന്‍ പൗരനാണ്. അമേരിക്കന്‍ ദേശരക്ഷാ ഏജന്‍സിക്കു വേണ്ടി വിവരം ചോര്‍ത്തിയെടുത്ത ബൂസ് അലന്‍ ഹാമില്‍ട്ടന്‍ എന്ന കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ സാങ്കേതിക ജീവനക്കാരനായിരുന്നു സ്‌നോഡന്‍. ലോകമെമ്പാടുമുള്ള മനുഷ്യരുടെ ടെലിഫോണ്‍ സംഭാഷണങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആശയവിനിമയങ്ങളും വിവരങ്ങളും ചോര്‍ത്തിയെടുക്കുന്ന ഈ അമേരിക്കന്‍ നടപടി ഭരണകൂടത്തിന്റെ പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇത് എതിര്‍ക്കപ്പെടേണ്ടതാണെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെയും ഗാര്‍ഡിയന്‍ പത്രത്തിന്റെയും ലേഖകര്‍ക്ക് ഈ വിവരം സ്‌നോഡന്‍ കൈമാറിയത്. ഇതോടെ അമേരിക്കന്‍ ഭരണകൂടം അദ്ദേഹത്തിന്റെ പൗരത്വ രേഖകള്‍ റദ്ദ് ചെയ്യുകയും അമേരിക്കന്‍ താത്പര്യങ്ങള്‍ക്കെതിരെ നീങ്ങുന്ന രാജ്യദ്രോഹിയായി പ്രഖ്യാപിച്ച് വേട്ടയാടുകയുമായിരുന്നു.
ഹോംഗ്‌കോംഗ് വഴി മോസ്‌കോവിലേക്ക് കടന്ന സ്‌നോഡന് ഇപ്പോള്‍ റഷ്യ രാഷ്ട്രീയാഭയം നല്‍കാന്‍ തീരുമാനിച്ചിരിക്കയാണ്. കടുത്ത അമേരിക്കന്‍ സമ്മര്‍ദങ്ങളെയും സി ഐ എയുടെയും എഫ് ബി ഐയുടെയും കുത്തിത്തിരിപ്പുകളെയും നേരിട്ടുകൊണ്ടാണ് അവസാനം പുടിന്‍ ഭരണകൂടം സ്‌നോഡന് അഭയം നല്‍കാനുള്ള തീരുമാനത്തിലെത്തിയത്. അന്താരാഷ്ട്ര രംഗത്ത് റഷ്യയെ ഒറ്റപ്പെടുത്തുമെന്നാണ് ഒബാമ ഭരണകൂടം ഭീഷണിപ്പെടുത്തിയിരിക്കുന്നത്. റഷ്യന്‍ നടപടിയെ വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി ജെ കോര്‍ബി കടുത്ത ഭാഷയിലാണ് അപലപിച്ചത്. തങ്ങള്‍ വേട്ടയാടുന്ന സ്‌നോഡന് അഭയം നല്‍കിയതില്‍ പ്രതിഷേധിച്ച് നേരത്തെ നിശ്ചയിച്ചിരുന്ന ഒബാമ- പുടിന്‍ ഉച്ചകോടി റദ്ദാക്കുമെന്നും വൈറ്റ്ഹൗസ് ഭീഷണി മുഴക്കിയിരിക്കയാണ്.
സംഭവബഹുലവും സാര്‍വദേശീയ രംഗത്ത് അമേരിക്കന്‍ തീട്ടൂരങ്ങളെ വെല്ലുവിളിക്കുന്നതുമായ നടപടികളുടെ സാഹചര്യത്തിലാണ് ഗാര്‍ഡിയന്‍ പത്രത്തില്‍ സ്‌നോഡന്റെ അഭിമുഖ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ആ വാര്‍ത്തയിലാണ് സ്‌നോഡനെ ഉദ്ധരിച്ച്, ഇന്ത്യ അമേരിക്കയുടെ രഹസ്യം ചോര്‍ത്തല്‍ പരിപാടിയില്‍ സഹായിയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ഇന്ത്യയുടെ സുപ്രധാന വകുപ്പുകളുടെയും സാധാരണ പൗരന്മാരുടെയും ഇന്റര്‍നെറ്റ് ആശയവിനിമയങ്ങള്‍ അമേരിക്ക ചോര്‍ത്തിയിട്ടുണ്ടെന്നാണ് സ്‌നോഡനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ട വാര്‍ത്ത. രാഷ്ട്രപതി ഓഫീസ്, പ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങി ഭരണരംഗത്തെ പ്രധാന വകുപ്പ് ഓഫീസുകള്‍ വരെ ചാരപ്പണിക്ക് വിധേയമാക്കിയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയെന്ന പരമാധികാര രാഷ്ട്രത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും രഹസ്യങ്ങളും അമേരിക്ക ചോര്‍ത്തിയിട്ടുണ്ട്.
തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി മാധ്യമ പ്രവര്‍ത്തകരുടെയും എം എല്‍ എമാരുടെയും ഫോണ്‍ ചോര്‍ത്തുന്ന നടപടി ഇവിടെ കേരളത്തിലെ ഭരണാധികാരികള്‍ ന്യായീകരിച്ചുകൊണ്ടിരിക്കുകയാണല്ലോ. രാജ്യരക്ഷക്ക് ഭീഷണിയാകുന്ന തീവ്രവാദികളെ നേരിടാനുള്ള പോലീസ് ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തും ഫോണ്‍ ചോര്‍ത്തല്‍ വിവാദം എന്നാണ് സംസ്ഥാന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ലജ്ജാരഹിതമായ പോലീസ് നടപടിയെ ന്യായീകരിക്കാനായി പറയുന്നത്. ഇതെല്ലാം ജനാധിപത്യവിരുദ്ധവും അപഹാസ്യവുമായ തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാനുള്ള ഭരണാധികാരികളുടെ അടിസ്ഥാനമില്ലാത്ത വാദങ്ങള്‍ മാത്രമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.
ഒരു രാജ്യത്തിന്റെ ഇന്റര്‍നെറ്റും ഫോണും വഴിയുള്ള എല്ലാ ആശയവിനിമയങ്ങളും ചോര്‍ത്തിയെടുക്കാന്‍ അമേരിക്കക്ക് സഹായം നല്‍കുന്ന യു പി എയെ നയിക്കുന്ന കോണ്‍ഗ്രസിന്റെ രാജ്യദ്രോഹ രാഷ്ട്രീയത്തിന്റെ ജീര്‍ണരൂപങ്ങള്‍ മാത്രമാണ് ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരുമെല്ലാം. സോളാര്‍ അഴിമതിയും അതില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ നടത്തുന്ന കുല്‍സിത നീക്കങ്ങളും ജനാധിപത്യ വ്യവസ്ഥക്കും രാഷ്ട്രീ സദാചാര മൂല്യങ്ങള്‍ക്കും നിരക്കുന്നതല്ലെന്ന കാര്യം യു ഡി എഫിന്റെ ചീഫ് വിപ്പ് പി സി ജോര്‍ജിന് പോലും ബോധ്യമുണ്ട്.
ഇന്ത്യയുടെ തന്ത്രപ്രധാനമായ ഭരണകേന്ദ്രങ്ങളുടെയും പൗരന്മാരുടെയും വിവരം ചോര്‍ത്തിയത് ‘എക്‌സ് കീസ്‌കോര്‍’ എന്ന സംവിധാനമുപയോഗിച്ചായിരുന്നു. അമേരിക്കന്‍ രക്ഷാ ഏജന്‍സിയുടെ ‘വിവരചോരണ’ പദ്ധതിക്കായി ലോകമെങ്ങും 150 കേന്ദ്രങ്ങളിലായി 700 സര്‍വര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഡല്‍ഹിക്കടുത്താണ് സര്‍വറുകള്‍ സ്ഥാപിച്ചത്. ഇന്ത്യാ സര്‍ക്കാറിന്റെ അനുമതിയോടെയാണ് ഈ സര്‍വറുകള്‍ സ്ഥാപിച്ചതെന്ന കാര്യം നമ്മുടെ ഭരണാധികാരികളുടെ അമേരിക്കന്‍ വിധേയത്വത്തെയും രാജ്യദ്രോഹ മനോഭാവത്തെയുമാണ് അനാവരണം ചെയ്യുന്നത്. അമേരിക്കയുടെ ചാരപ്പണിക്ക് ഇന്ത്യയെ താവളമാക്കാനുള്ള തീരുമാനം യു പി എ സര്‍ക്കാര്‍ കാബിനറ്റില്‍ ചര്‍ച്ച ചെയ്തിരുന്നോ? ആരോട് ചോദിച്ചാണ് ഇത്തരം രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തെ വിട്ടുകൊടുത്തത്? രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളും രാഷ്ട്രപതിയുടെ ഓഫീസും വരെ അമേരിക്കന്‍ ചാരപ്പണിക്ക് വിധേയമാക്കിക്കൊടുക്കാന്‍ ആരാണ് പ്രധാനമന്ത്രിക്ക് അധികാരം നല്‍കിയത്?
പൗരന്മാരുടെ ആശയ വിനി മയങ്ങളും സംഭാഷണങ്ങളും ചോര്‍ത്തിയെടുക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സൗകര്യം ചെയ്തുകൊടുത്തവര്‍ ജനങ്ങളുടെ സ്വകാര്യതക്ക് മേലാണ് കടന്നാക്രമണം നടത്തിയിരിക്കുന്നത്. രാജ്യരക്ഷയും പൗരന്മാരുടെ സ്വകാര്യതയും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് തട്ടിക്കളിക്കാന്‍ വിട്ടുകൊടുക്കുന്നവര്‍ ഇന്ത്യയെ തകര്‍ക്കുന്ന പെന്റഗണിന്റെയും സി ഐ എയുടെയും അജന്‍ഡയുടെ നിര്‍വാഹകരായി മാറുകയാണ്.
ഗാര്‍ഡിയന്‍ പത്രത്തില്‍ സ്‌നോഡനെ ഉദ്ധരിച്ചുവന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഒരാളുടെ ഇമെയില്‍ ഐഡി മാത്രം ലഭിച്ചാല്‍ ആ വ്യക്തിക്ക് വന്ന സന്ദേശങ്ങള്‍, അയച്ച സന്ദേശങ്ങള്‍, ചാറ്റിംഗ് വഴിയുള്ള ആശയവിനിമയം എന്നിവയെല്ലാം ചോര്‍ത്തിയെടുക്കാന്‍ കഴിയും. എന്‍ എസ് എക്ക് വേണ്ടി താനിതെല്ലാം ചെയ്തിരുന്നുവെന്നും സ്‌നോഡന്‍ വ്യക്തമാക്കിയിരിക്കുന്നു. ഇപ്പോള്‍ ലോകത്ത് അമേരിക്കക്ക് സ്വാധീനമുള്ള എല്ലാ രാജ്യങ്ങളിലേക്കുമുള്ള ആശയവിനിമയങ്ങളും ചോര്‍ത്താന്‍ കഴിയുന്ന തരത്തില്‍ എന്‍ എസ് എ ഇതിനെ വ്യാപിപ്പിച്ചിരിക്കയാണ്. എക്‌സ് കീസ് കോറിന്റെ സംഭരണശേഷി അപാരമാണ്. 2007 മുതല്‍ എന്‍ എസ് എ 85,000 കോടി ടെലിഫോണ്‍ സംഭാഷണങ്ങളും 15,000 കോടി ഇന്റര്‍നെറ്റ് റിക്കോര്‍ഡുകളും ശേഖരിച്ചിട്ടുണ്ട് പോലും. ഓരോ ദിവസവും എന്‍ എസ് എ 200 കോടി ഇന്റര്‍നെറ്റ് രേഖകള്‍ വീതം രഹസ്യ ചോര്‍ത്തല്‍ വഴി കൂട്ടിച്ചേര്‍ക്കുകയാണ്.
ഭീകരപ്രവര്‍ത്തനം നിരീക്ഷിക്കുന്നുവെന്ന പേരില്‍ രഹസ്യം ചോര്‍ത്തലിനെ യു പി എ സര്‍ക്കാര്‍ നേരത്തെ മുതല്‍ ന്യായീകരിക്കുകയാണ്. വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദിന് അമേരിക്കന്‍ ചാരപ്പണിയെ ന്യായീകരിക്കേണ്ടിവന്നത് അമേരിക്കയുടെ രഹസ്യം ചോര്‍ത്തല്‍ പദ്ധതിയില്‍ ഇന്ത്യ സ്വമേധയാ പങ്കാളിയായതുകൊണ്ട് കൂടിയാണെന്ന കാര്യമാണ് സ്‌നോഡന്റെ വെളിപ്പെടുത്തലോടെ വ്യക്തമായിരിക്കുന്നത്.
വാര്‍ത്താ വിനിമയത്തിന്റെ നട്ടെല്ലായ ഇന്റര്‍നെറ്റും ടെലിഫോണ്‍ സംവിധാനങ്ങളും അമേരിക്കന്‍ ചാര-സൈനിക ലക്ഷ്യങ്ങള്‍ക്ക് കീഴ്‌പെടുത്തുന്ന നടപടികളാണ് ആഗോളവത്കരണ നയങ്ങളുടെ നടത്തിപ്പുകാരായ എന്‍ ഡി എ- യു പി എ സര്‍ക്കാറുകള്‍ കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ചത്. അമേരിക്കന്‍ എംബസി കേന്ദ്രമായി സി ഐ എ പ്രവര്‍ത്തിക്കുന്നതും എഫ് ബി ഐയുടെ ഓഫീസ് ഡല്‍ഹിയില്‍ പ്രവര്‍ത്തനമാരംഭിച്ചതും ഇന്ത്യയില്‍ ശക്തിപ്രാപിച്ചുവരുന്ന ആഗോളവത്കരണവിരുദ്ധ സമരങ്ങളെ അടിച്ചമര്‍ത്താനും നമ്മുടെ സമ്പദ്ഘടനയെ കോര്‍പ്പറേറ്റ്‌വത്കരിക്കാനുമുള്ള ലക്ഷ്യത്തോടെയായിരുന്നു. സര്‍വ ശിഥിലീകരണ ശക്തികളെയും പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയെ അസ്ഥിരീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സി ഐ എ പ്രവര്‍ത്തനനിരതമായിരിക്കുന്നത്. അസാമിലെ വിഘടന പ്രസ്ഥാനങ്ങള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വംശീയ ഗോത്ര പ്രസ്ഥാനങ്ങള്‍, കാശ്മീര്‍ പ്രശ്‌നം തുടങ്ങിയവയിലെല്ലാം ‘ഇരുതലമൂരി’ നയമാണ് അമേരിക്കക്ക്. ഒരു ഭാഗത്ത് അത്തരം വര്‍ഗീയ വിഘടന ശക്തികളെ പ്രോത്സാഹിപ്പിക്കുക, മറുവശത്ത് ഇത്തരം വിധ്വംസക ശക്തികളെ നേരിടാനെന്ന വ്യാജേന സി ഐ എയുടെയും മൊസ്സാദിന്റെയും പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുക. ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് 2000 ഫെബ്രുവരിയില്‍ രൂപം കൊടുത്ത ഭീകരവാദത്തിനെതിരായ വര്‍ക്കിംഗ് ഗ്രൂപ്പ് ആണ് സര്‍വ ചാര സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്.