Connect with us

Editorial

എന്‍ഡോസള്‍ഫാന്‍: നിര്‍ദേശങ്ങള്‍ നടപ്പാക്കണം

Published

|

Last Updated

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയില്‍ ട്രൈബ്യൂണല്‍ രൂപവത്കരിക്കണമെന്ന് ശിപാര്‍ശ. എന്‍ഡോസള്‍ഫാന്‍ കാരണമായി രോഗബാധിതരായവര്‍, കിടപ്പിലായവര്‍, വൈകല്യം സംഭവിച്ചര്‍, 50 ശതമാനത്തില്‍ കൂടുതല്‍ ബുദ്ധിവൈകല്യം സംഭവിച്ചവര്‍ എന്നിവര്‍ക്ക് അഞ്ച് ലക്ഷം വീതവും ക്യാന്‍സര്‍ രോഗികളടക്കമുള്ള മറ്റ് ഇരകള്‍ക്ക് മുന്ന് ലക്ഷം വീതവും നഷ്ടപരിഹാരം, ഇവര്‍ക്ക് യഥാക്രമം 2,000 രൂപ, 1,000 രൂപ ക്രമത്തില്‍ പെന്‍ഷന്‍, ഇരകളുടെ ആശ്രിതര്‍ക്ക് പ്ലാന്റേഷന്‍ കേര്‍പ്പറേഷനില്‍ ജോലി തുടങ്ങിയവയാണ് കമ്മീഷന്റെ മറ്റു നിര്‍ദേശങ്ങള്‍. 4,500 പേര്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. 1,318 പേര്‍ക്ക് കൂടി ആനുകൂല്യ ങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ മെയ് 20നാണ് കേരള സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചത്.
മനുഷ്യമനഃസാക്ഷിയെ നടുക്കിയ ദുരന്തങ്ങളാണ് കാസര്‍ക്കോട്ടെ കശുമാവിന്‍ തോട്ടത്തില്‍ 1983-2000 കാലയളവില്‍ നടത്തിയ എന്‍ഡോസള്‍ഫാന്‍ തളി വരുത്തിവെച്ചത്. മാരകമായ രോഗങ്ങള്‍, ജനിതക വൈകല്യങ്ങള്‍, നാഡീവൈകല്യങ്ങള്‍, പ്രത്യത്പാദന വ്യവസ്ഥാ തകരാറ് തുടങ്ങി അതീവ ഗുരുതരമായിരുന്നു പ്രത്യാഘാതങ്ങള്‍. എള്‍ഡോസള്‍ഫാന്‍ തളിക്കെതിരെയും നഷ്ടപരിഹാരത്തിനുമായി ജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും പ്രശ്‌നം ഏറ്റെടുത്തു. ആഗോള തലത്തില്‍ വരെ ഇത് ചര്‍ച്ചയായി. 2011-ല്‍ ജനീവയില്‍ ചേര്‍ന്ന സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ പാര്‍ട്ടികളുടെ അഞ്ചാം സമ്മേളനം എള്‍ഡോസള്‍ഫാന്‍ ആഗോള വ്യാപകമായി നിരോധിക്കേണ്ട മാരക കീടനാശിനിയാണെന്ന് വിധിയെഴുതി.
എന്നിട്ടും കാസര്‍ക്കോട്ട് നാശം വിതച്ച പ്ലാന്റേഷന്‍ കോര്‍പറേഷനനുകൂലമായ നിലപാടാണ് എന്‍ഡോസള്‍ഫാന്‍ നിരോധമാവശ്യപ്പെട്ട് ഒരു സംഘടന നല്‍കിയ ഹര്‍ജിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ സ്വീകരിച്ചത്. 2006 ല്‍ ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തെ തുടര്‍ന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് എന്‍ഡോസള്‍ഫാനിന് അനുകൂലമായിരുന്നു. കാര്‍ഷികവൃത്തി കുറഞ്ഞ രാജ്യങ്ങളിലാണ് എന്‍ഡോസള്‍ഫാന്‍ നിരോധമുണ്ടായത്. മറ്റ് രാജ്യങ്ങളില്‍ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല,സംശയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു നിരോധം. എന്‍ഡോസള്‍ഫാനിന്റെ ഉപയോഗം പതിനൊന്ന് വര്‍ഷംകൊണ്ട് കുറച്ചാല്‍ മതി. ഉത്പാദകരുടെ കൈയില്‍ അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ രാജ്യത്ത് തന്നെ വിറ്റഴിക്കാം തുടങ്ങി എന്‍ഡോസള്‍ഫാന്‍ ഉത്പാദകര്‍ക്ക് സഹായകമായ വാദങ്ങളാണ് കേന്ദ്ര കൃഷി മന്ത്രാലയം മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. കാസര്‍ക്കോട്ടെ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് സഹതാപവും കാരുണ്യവും പ്രകടിപ്പിക്കുന്നതിന് പകരം എന്‍ഡോസള്‍ഫാന്‍ നിരോധം മുലം കമ്പനികള്‍ക്ക് നഷ്ടം നേരിടുന്നതിലായിരുന്നു കേന്ദ്രത്തിന് വ്യഥ.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കാസര്‍ക്കോട്ട് സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ പ്രസ്താവനയും ഇത്തരത്തില്‍ ജനങ്ങളെ പരിഹസിക്കുന്ന തരത്തിലായിരുന്നു. സെന്‍ട്രല്‍ ഇന്‍സെക്റ്റിസൈഡ്‌സ് ആക്ട് അനുസരിച്ചാണ് എന്‍ഡോസള്‍ഫാന്‍ തളിച്ചത്. തളിക്കുന്ന സമയത്ത് ജനങ്ങള്‍ പ്രദേശത്ത് നിന്ന് മാറി നില്‍ക്കേണ്ടതായിരുന്നു, എങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കീടനാശിനി നിര്‍മാതാക്കളെയും തളിച്ചവരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്നും അവര്‍ നിയമപരമായാണ് പ്രവര്‍ത്തിച്ചതെന്നും പറഞ്ഞ അദ്ദേഹം ഇതൊരു മെഡിക്കല്‍ പ്രശ്‌നം മാത്രമാണെന്നും ട്രൈബ്യൂണലിന്റെ ആവശ്യമില്ലെന്നും വരെ നിരീക്ഷിക്കുകയുണ്ടായി. ഈ പരാമര്‍ശങ്ങള്‍ ഏറെ വിമര്‍ശങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിധേയമായത് കൊണ്ടായിരിക്കണം ട്രൈബ്യൂണല്‍ രൂപവത്കരണത്തിന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ ശിപാര്‍ശ ചെയ്തത്.
കാസര്‍ക്കോട്ടെ കീടനാശിനി ദുരന്തത്തിന്റെ ആഴവും കാഠിന്യവും കണക്കിലെടുക്കുമ്പോള്‍ കമ്മീഷന്‍ നിര്‍ദേശിച്ച നഷ്ടപരിഹാരത്തോത് അപര്യാപ്തമാണെങ്കിലും ഉടനടി ട്രൈബ്യൂണല്‍ സ്ഥാപിച്ച് അതെങ്കിലും ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.