കാളികാവ് ഗ്രാമപഞ്ചായത്തിന്റെ ട്രാക്ടര്‍ തുരുമ്പെടുത്ത് നശിക്കുന്നു

Posted on: August 7, 2013 5:26 am | Last updated: August 7, 2013 at 5:26 am
SHARE

കാളികാവ്: ഗ്രാമപഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ട്രാക്ടര്‍ ആശുപത്രി വളപ്പില്‍ തുരുമ്പെടുത്ത് നശിക്കുന്നു. കാര്‍ഷികാവശ്യത്തിനായി വാങ്ങിയ ട്രാക്ടറാണ് മഴയും വെയിലുമേറ്റ് കാളികാവ് സി എച്ച് സി വളപ്പില്‍ മഴയില്‍ നശിക്കുന്നത്.
ഗ്രാമപഞ്ചായത്തിന്റെ കാര്‍ഷിക ഫണ്ടില്‍ ആറ് ലക്ഷം വിനിയോഗിച്ച് വാങ്ങിയ ട്രാക്ടര്‍ നെല്‍കൃഷി കുറഞ്ഞതോടെ മാലിന്യ നീക്കത്തിനായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ചെറിയ തകരാര്‍ വന്നതോടെ വാഹനം പുറത്തിറക്കാതായി. ഇതോടെ പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്ന ഷെഡിനകത്ത് ട്രാക്ടര്‍ നിര്‍ത്തയിട്ടിരിക്കുന്നത്. പഞ്ചായത്ത് ഓഫീസ് നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥല സൗകര്യമില്ലാതെ വന്നതോടെ ആര്‍ക്കും വേണ്ടാത്ത ട്രാക്ടറിന്റെ വിശ്രമം കാളികാവ് സി എച്ച് സി വളപ്പായി മാറ്റുകയായിരുന്നു.
ട്രാക്ടര്‍ മാലന്യ നീക്കത്തിന് തന്നെ ഉപയോഗിക്കുമെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലിപ്പെറ്റ ജമീല പറയുന്നത്. എന്നാല്‍ കാളികാവ് അടക്കം പല പഞ്ചായത്തുകളിലും കൃഷി ആവശ്യത്തിന് വാങ്ങിയ ട്രാക്ടറുകള്‍ ഇതേ പോലെ ഉപയോഗ ശൂന്യമായി കിടക്കുന്ന സാഹചര്യത്തില്‍ അവ കൃഷി വകുപ്പ് ഏറ്റെടുത്ത് കൃഷി സജീവമായ മറ്റു പഞ്ചായത്തുകള്‍ക്ക് കൈമാറുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടാവണമെന്നാണ് ആവശ്യമുയരുന്നത്.