പുഴയില്‍ കാണാതായ യുവാവ് ഗള്‍ഫിലുണ്ടെന്ന് സൂചന

Posted on: August 7, 2013 12:10 am | Last updated: August 7, 2013 at 12:10 am
SHARE

കണ്ണൂര്‍: രണ്ടാഴ്ച മുമ്പ് പുഴയില്‍ കാണാതായ യുവാവിനെ ഗള്‍ഫില്‍ കണ്ടതായി അഭ്യൂഹം. നമ്പ്രം പുഴയില്‍ കാണാതായ നമ്പ്രം ഉപ്പാലക്കണ്ടി ആശിഖി(21) നായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയതിനിടെയാണ് അഭ്യൂഹം പരന്നത്. കഴിഞ്ഞ മാസം 23ന് തോണിയില്‍ പുഴയിലിറങ്ങിയ ആശിഖിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് പോലീസും കോസ്റ്റ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് അഞ്ച് ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അതിനിടെ വളപട്ടണം റെയില്‍വേ പാലത്തിന് സമീപം പുഴയില്‍ മൃതദേഹം ഒഴുകിനടക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് വളപട്ടണം പുഴയിലും അഴീക്കല്‍ തീരങ്ങളിലും നടത്തിയ തിരച്ചിലും വിഫലമായി. പുതിയ വിവരത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായ ആശിഖ് നിരവധി കേസുകളില്‍ പ്രതിയാണെന്നും ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനിരിക്കെയാണ് ഇയാളെ കാണാതായതെന്നും പോലീസ് പറഞ്ഞു.