Connect with us

Ongoing News

അതിരുകള്‍ ഭേദിച്ച് എം പിമാരുടെ ഇഫ്താര്‍

Published

|

Last Updated

 

politicianഇടക്കിടെ ചെറിയ മഴയുണ്ടെങ്കിലും കനത്ത ചൂടാണ് ന്യൂഡല്‍ഹിയില്‍. രാജ്യതലസ്ഥാനത്ത് ഇത് പതിവായതിനാല്‍ അത്ര കാഠിന്യം തോന്നുന്നില്ല ആര്‍ക്കും. പക്ഷേ സഹിക്കാനാകില്ല രാജ്യസഭയിലെയും ലോകസഭയിലെയും രാഷ്ട്രീയ ചൂട്. തുടങ്ങി രണ്ട് ദിവസം പിന്നിട്ടപ്പോഴേക്കും സഭാനടപടികളില്‍ ബോധ്യപ്പെട്ടു ഇതെല്ലാം. തെലങ്കാന പ്രശ്‌നം, ഐക്യ ആന്ധ്രക്കായുള്ള കോണ്‍ഗ്രസ് അംഗങ്ങളുടെ വാദം, ബോഡോലാന്‍ഡ് സംസ്ഥാനം ആവശ്യപ്പെട്ട് അസമില്‍ നിന്നുള്ള എം പിമാരുടെ മുദ്രാവാക്യം, അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ അഞ്ച് സൈനികര്‍ മരണപ്പെട്ട വിഷയമുയര്‍ത്തി നടുത്തളത്തിലിറങ്ങിയ സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍, ഇതിനിടെ സോളാര്‍ വിഷയം കത്തിക്കാന്‍ കേരളത്തില്‍ നിന്നുള്ള ഇടത് എം പിമാരും. കൈയാങ്കളിയും പോര്‍വിളിയും ബഹളവും. പൊടിപൂരമായിരുന്നു രണ്ട് ദിവസവും.

എന്നാല്‍ ഇന്നലെ ന്യൂനപക്ഷകാര്യ മന്ത്രി റഹ്മാന്‍ഖാന്റെ വീട്ടില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ പാര്‍ട്ടികളും പ്രാദേശിക വാദങ്ങളും എല്ലാം മാറ്റിവെച്ച് വിവിധ പാര്‍ട്ടികളിലെ എം പിമാര്‍ ഒന്നിച്ചിരുന്ന് നോമ്പ് തുറന്നു. പരസ്പരം പരിചയപ്പെട്ടും സൗഹൃദം പുതുക്കിയും റഹ്മാന്‍ഖാന്റെ അക്ബര്‍ റോഡിലെ വസതി സൗഹൃദ കൂട്ടായ്മയുടെ വേദിയായി. റഷീദ് ആല്‍വി, മുഖ്താര്‍ അബ്ബാസ് നഖ്‌വി, സയ്യിദ് ഷാനവാസ് ഹുസൈന്‍, എം ഐ ഷാനവാസ്, സഈദുല്‍ ഹഖ് തുടങ്ങി പ്രമുഖരെല്ലാം പങ്കെടുത്തു ഇഫ്താര്‍ വിരുന്നില്‍.
കോണ്‍ഗ്രസ് പുനഃസംഘടനാ ചര്‍ച്ചകളുമായി നേരത്തെ ഡല്‍ഹിയിലെത്തിയപ്പോഴും സഭാസമ്മേളനത്തിനായി കഴിഞ്ഞ ദിവസം എത്തിയപ്പോഴും വീട്ടില്‍ നിന്ന് തന്നെയായിരുന്നു എം ഐ ഷാനവാസിന്റെ നോമ്പുതുറ. കേരളത്തിലെ പത്തിരിയും പിന്നെ ചിക്കന്‍ കറിയും ഫിഷ് കറിയുമൊക്കെ തന്നെയാണ് വിഭവം. അത്താഴത്തിന് ചപ്പാത്തിയാണ് പതിവ്. ഇശാഅ് ബാങ്ക് വിളിച്ചാല്‍ അക്ബര്‍ റോഡിലെ വീട്ടില്‍ നിന്ന് പാര്‍ലിമെന്റ് സ്ട്രീറ്റിലെ പള്ളിയിലെത്തും. തറാവീഹ് നിസ്‌കാരവും കഴിഞ്ഞാണ് മടക്കം. ഇത്തവണ പെരുന്നാള്‍ ആഘോഷവും ഷാനവാസിന് ന്യൂഡല്‍ഹിയിലെ രാഷ്ട്രീയ തിരക്കുകള്‍ക്കിടയില്‍ തന്നെയാകും.
നോര്‍ത്ത് അവന്യൂവിലെ റൂം നമ്പര്‍ 209 ല്‍ അപ്രതീക്ഷിതമായി നാട്ടില്‍ നിന്ന് അതിഥികളെത്തിയതിനാല്‍ ലക്ഷദ്വീപ് എം പി ഹംദല്ല സൈദിന് മന്ത്രി റഹ്മാന്‍ ഖാന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനായില്ല. അതിഥികള്‍ക്കൊപ്പം വീട്ടില്‍ തന്നെ നോമ്പ് തുറന്നു. ചിക്കന്‍ കറിയും ചപ്പാത്തിയും പത്തിരിയും തരിക്കഞ്ഞിയുടെ മറ്റൊരു രൂപമായ ഊറലുമൊക്കെയായിരുന്നു വിഭവങ്ങള്‍. പാര്‍ലിമെന്റ് സ്ട്രീറ്റിലെ പള്ളിയില്‍ തന്നെയായിരുന്നു നാട്ടുകാര്‍ക്കൊപ്പം ഇശാഅും തറാവീഹും. രണ്ട് ദിവസം മുമ്പ് കോഴിക്കോട് ഡി സി സി ഓഫീസില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്താണ് ഹംദുല്ല സൈദ് ന്യൂഡല്‍ഹിയിലെത്തിയത്.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ബംഗാളിലെ ബര്‍ദ്വാനില്‍ നിന്നുള്ള എം പിയാണ് സഈദുല്‍ ഹഖ്. ജനിച്ചു വളര്‍ന്ന പ്രദേശത്തിന്റെ പ്രത്യേകതകള്‍ കൊണ്ടു തന്നെ റമസാനെ പവിത്രതയോടെയാണ് ഹഖ് നോക്കി കാണുന്നത്. ഇന്നലെ റഹ്മാന്‍ഖാന്റെ വീട്ടിലായിരുന്നു ഇഫാതാര്‍. നാട്ടില്‍ നിന്ന് എത്തിയ ദിവസം റാഫി മാര്‍ഗിലെ 201 ാം നമ്പര്‍ വീട്ടില്‍ തന്നെയായിരുന്നു. നോണ്‍വെജിറ്റേറിയനോട് അത്ര താത്പര്യമില്ലാത്തതിനാല്‍ റൊട്ടിക്കൊപ്പം ദാലും ചെന മസാലയുമൊക്കെയാണ് നോമ്പ് തുറ വിഭവങ്ങളായി ഒരുക്കാറുള്ളത്. ഡല്‍ഹിയിലെ ചൂട് വലിയ പ്രശ്‌നമായി തോന്നുന്നില്ലെന്നാണ് ഹഖിന്റെ പക്ഷം.

Latest