Connect with us

International

യമനിലെ നയതന്ത്ര ഉദ്യോഗസ്ഥരെയും പൗരന്മാരെയും അമേരിക്ക തിരിച്ചുവിളിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍: യമനിലെ യു എസ് പൗരന്‍മാരോടും ഉദ്യോഗസ്ഥരോടും ഉടന്‍ നാട്ടിലേക്ക് തിരിക്കാന്‍ വിദേശകാര്യ മന്ത്രാലയം അടിയന്തര നിര്‍ദേശം നല്‍കി. അല്‍ഖാഇദ ഭീഷണിയെ തുടര്‍ന്നാണ് യു എസ് നടപടി. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ഒരു നയതന്ത്ര ഉദ്യോഗസ്ഥനും യമനില്‍ തങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്‍ഖാഇദ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി യമനിലേതടക്കം നിരവധി രാജ്യങ്ങളിലെ 21 എംബസികളും കോണ്‍സുലേറ്റുകളും ഒരാഴ്ച കൂടി അടച്ചിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് യമനിലെ പൗരന്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്.
വടക്കന്‍ ആഫ്രിക്കയിലെയും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെയും യു എസ് പൗരന്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ വ്യാപകമായ ആക്രമണങ്ങള്‍ നടത്താന്‍ അല്‍ഖാഇദ പദ്ധതിയിട്ടിട്ടുണ്ടെന്ന് യു എസ് വക്താക്കള്‍ അറിയിച്ചു. അമേരിക്കന്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് യമനില്‍ പോലീസും സൈന്യവും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് യമന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, അല്‍ഖാഇദ മേധാവി അയ്മന്‍ സവാഹിരിയും യമനിലെ അല്‍ഖാഇദ നേതാവ് നാസല്‍ അല്‍ വഹ്ശിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം ചോര്‍ത്തിയതിനെ തുടര്‍ന്നാണ് ആക്രമണ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ യു എസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതെന്ന് സി എന്‍ എന്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ യു എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യമനില്‍ അമേരിക്ക നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്കുള്ള പ്രതിഷേധമെന്ന നിലക്കാണ് തീവ്രവാദ ആക്രമണങ്ങള്‍ക്ക് അല്‍ഖാഇദ പദ്ധതിയിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അല്‍ഖാഇദ ഭീഷണിയെ തുടര്‍ന്ന് യമന്‍ തലസ്ഥാനമായ സന്‍ആയിലും മറ്റും പരിശോധന ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാന ഭാഗങ്ങളിലെ സൈനിക ചെക്ക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമാക്കിയതായും വാഹനങ്ങളിലും കെട്ടിടങ്ങളിലും പരിശോധന നടത്തുന്നതായും യമന്‍ പോലീസ് വക്താക്കള്‍ അറിയിച്ചു. അതിനിടെ, അല്‍ഖാഇദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇരുപതോളം പേരെ യമന്‍ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. രഹസ്യ കേന്ദ്രത്തില്‍വെച്ച് ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.
വിദേശികള്‍ക്കെതിരെയുള്ള ആക്രമണത്തിന് പദ്ധതിയിട്ട അല്‍ഖാഇദ നേതാക്കളെന്ന് സംശയിക്കുന്ന 25 പേരുടെ വിവരങ്ങള്‍ പോലീസ്, സൈനിക വിഭാഗത്തിന് കൈമാറിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യമനില്‍ അമേരിക്ക ഡ്രോണ്‍ ആക്രമണം ശക്തമാക്കിയതോടെ വ്യാപകമായ ആക്രമണങ്ങളാണ് യു എസ് പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും നേരെയുണ്ടായത്. യമനിന് പുറമെ യു എസ് ജാഗ്രതാ നിര്‍ദേശം നല്‍കിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും മറ്റും യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടുമെന്നാണ് സൂചന.