Connect with us

Gulf

അവര്‍ യാത്രയായി; കടലിന്റെ ലാളന ഏറ്റുവാങ്ങാന്‍

Published

|

Last Updated

ദുബൈ: കുറഞ്ഞ കാലത്തെ കരയിലെ കാത്തിരിപ്പിന് ശേഷം അവര്‍ യാത്രയായി, കടലിന്റെ ലാളന ഏറ്റുവാങ്ങാന്‍. വംശനാശം നേരിടുന്ന 40 ഹോക്‌സ്ബില്‍ ആമ കുഞ്ഞുങ്ങളാണ് സാദിയാത്ത് കടപ്പുറത്ത് നിന്നും ആഴിയുടെ അപാരതയിലേക്ക് കുഞ്ഞുകാലുകളാല്‍ തുഴഞ്ഞു കാണാമറയത്തേക്ക് യാത്രയായത്.

രാവിന്റെ വിജനതയില്‍ അമ്മ ഭദ്രമായി നിക്ഷേപിച്ച് പോയ മുട്ടകളില്‍ നിന്നും കടലിന്റെ താരാട്ട് കേട്ട് വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളാണ് കരയോട് വിടപറഞ്ഞത്. തീരങ്ങളുടെ നാശവും മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ശത്രുക്കളുടെ ആക്രമണങ്ങളും കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹോക്‌സ്ബില്ലും ഒലീവ് റെഡ്‌ലിയും ഉള്‍പ്പെടെയുള്ള കടല്‍ ആമകള്‍ കടുത്ത വംശനാശ ഭീഷണി നേരിടുകയാണ്.
വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കടല്‍ക്കരകള്‍ കൈയേറുന്നതും കടല്‍ക്ഷോഭം തടയാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കരിങ്കല്ലും മറ്റും ഉപയോഗിച്ച് ഭിത്തി നിര്‍മിക്കപ്പെടുന്നതുമെല്ലാം ആമകള്‍ക്ക് സുരക്ഷിതമായി മുട്ടയിട്ട് കടലിലേക്ക് തിരിച്ചുപോകാനുള്ള സാഹചര്യം ഇല്ലാതാക്കികൊണ്ടിരിക്കേയാണ് യു എ ഇ സര്‍ക്കാരിന്റെ ശുഷ്‌കാന്തിയിലാണ് ആമകുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയത്.
മുട്ടയിടാനായി കരയിലേക്ക് എത്തുന്ന ഹോക്‌സ്ബില്‍ ആമ ഒരു തവണ 140 മുട്ടകള്‍ വരെയാണ് കുഴിയില്‍ നിക്ഷേപിക്കുക. പൂഴിയില്‍ പ്രകൃതി ഒരുക്കുന്ന മിതമായ ചൂടിലാണ് ഇവ വരിഞ്ഞിറങ്ങുന്നതും കടലിലേക്ക് തിരിച്ചുപോകുന്നതും. വംശനാശ ഭീഷണി നേരിടുന്നത് മനസിലായതോടെയാണ് വിവിധ സന്നദ്ധസംഘടനകളുടെയും പ്രകൃതിസ്‌നേഹികളുടെയും സര്‍ക്കാരിന്റെയുമെല്ലാം നേതൃത്വത്തില്‍ മുട്ട സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി കുഴിച്ചിട്ട് വിരിഞ്ഞിറങ്ങാന്‍ അവസരം ഒരുക്കുന്നത്.
വിരിഞ്ഞിറങ്ങുന്ന ഇത്തരം ആമ കുഞ്ഞുങ്ങളെ പ്രകൃതി സ്‌നേഹികളും സംഘടനകളുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലിലേക്ക് ഇറക്കി വിടുന്നത്. കടല്‍ഭിത്തി നിര്‍മിക്കപ്പെടുന്നതോടെ തീരത്തേക്ക് കയറിവരാന്‍ ആമകള്‍ക്ക് സാധിക്കാതെ വരുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കരയാമകളെ അപേക്ഷിച്ച് കടലാമകള്‍ വലിപ്പത്തിലും തൂക്കത്തിലും ഏറെ മുന്നിലാണെന്നതും കരയിലേക്ക് കയറി വരാന്‍ പ്രയാസം സൃഷ്ടിക്കുന്നു.
അബുദാബിയില്‍ സാദിയാത്ത് ബീച്ചിനും മോണ്ട്കാര്‍ലോ ബീച്ച് ക്ലബ്ബിനും ഇടയിലായിരുന്നു ആമ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയത്. പരിസ്ഥിതി സേവന കമ്പനിയായ ടുറിസം ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി(ടി ഡി ഐ സി)യുടെ നേതൃത്വത്തിലായിരുന്നു ആമകുഞ്ഞുങ്ങളെ കടലിലേക്ക് തിരിച്ചയച്ചത്.
ഈ സീസണില്‍ ആദ്യമായി ലഭിച്ച ആമ മുട്ടകളാണ് വിരിഞ്ഞിറങ്ങിയിരിക്കുന്നതും കടലിലേക്ക് തിരിച്ചയച്ചതുമെന്ന് ടി ഡി ഐ സിയുടെ പരിസ്ഥിതി സേവന വിഭാഗം തലവന്‍ ഡോ. നതാലി സ്റ്റെയിലന്‍സ് വ്യക്തമാക്കി. മുട്ട ലഭിച്ചത് മുതല്‍ ഞങ്ങള്‍ കടുത്ത ആകാംക്ഷയിലായിരുന്നു ഇവയില്‍ എത്ര എണ്ണം വിരിഞ്ഞിറങ്ങുമെന്ന് ആലോചിച്ചായിരുന്നു ഉത്കണ്ഠ. സാധാരണ കാണുന്നതിലും കൂടുതല്‍ ദൂരത്തായിരുന്നു ആമ മുട്ട നിക്ഷേപിച്ചത് ഇത് കുഞ്ഞുങ്ങള്‍ക്ക് കടലിലേക്ക് മടങ്ങാന്‍ പ്രയാസം സൃഷ്ടിക്കുമോയെന്ന് ഭയന്നിരുന്നു. ആമ മുട്ടയിട്ട് മടങ്ങിയത് മുതല്‍ ഈ പ്രദേശം ബീച്ചിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കടുത്ത നിരീക്ഷണത്തിലായിരുന്നു. സാദിയാത്തിനെ കടല്‍ ജീവികളുടെ പ്രകൃതി ദത്തമായ സംരക്ഷണ കേന്ദ്രമായി സൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ഏജന്‍സിയുടെ പട്ടികയില്‍ വംശനാശ ഭീഷണിയില്‍ ചുവപ്പില്‍ ഇടം പിടിച്ചവയാണ് ഹോക്‌സ്ബില്‍ ആമകള്‍. നിലനില്‍പ്പ് കടുത്ത തോതില്‍ ഭീഷണി നേരിടുകയും വംശനാശം ആശങ്കാജനകമാം വിധം ഉയരുകയും ചെയ്തവയാണ് ഈ പട്ടികിയില്‍ ഉള്‍പ്പെടുക. ഹോക്‌സ് ബില്‍ ആമകളില്‍ 80 ശതമാനവും ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായിരിക്കുന്നതായാണ് യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ നടത്തിയ പഠനം തെളിയിക്കുന്നത്.
കഴിഞ്ഞ മൂന്നു തലമുറകള്‍ക്കിടയിലാണ് ഇവയുടെ വംശനാശം സംഭവിച്ചിരിക്കുന്നത്. ഹോക്‌സ്ബില്‍ ആമകളുടെ സംരക്ഷണത്തിനായി 2010ലാണ് സാദിയാത്തില്‍ ആമ മുട്ടകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തി വിരിയിക്കാന്‍ ആരംഭിച്ചത്. സാദിയാത്ത് കടപ്പുറത്ത് ഇതുവരെ 650 മുട്ടകള്‍ വിരിയുകയും കുഞ്ഞുങ്ങളെ വിജയകരമായി കടലിലേക്ക് തിരിച്ചയക്കുകയും ചെയ്തിട്ടുണ്ട്. ശരാശരി ഭാരം 80 കിലോഗ്രാമും വലുപ്പും ഒരു മീറ്ററുമാണ്. എന്നാല്‍ 127 കിലോ ഗ്രാം ഭാരമുള്ളവയെ വരേ കണ്ടെത്തിയിട്ടുണ്ട്. പാറക്കൂട്ടങ്ങളിലും മറ്റും കാണുന്ന കടല്‍ച്ചെടികളായ കടല്‍പ്പഞ്ഞിയാണ് ഇവയുടെ പ്രധാന ഭക്ഷണം. പഴ്‌സ് പോലുള്ള ആഡംബര വസ്തുക്കളുടെ നിര്‍മിതിക്കായി ഇവയുടെ തോല്‍ ഉപയോഗിക്കുന്നതും വംശനാശ ഭീഷണിക്ക് കാരണമാവുന്നുണ്ട്.