Connect with us

International

കുവൈത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു

Published

|

Last Updated

കുവൈത്ത് സിറ്റി: കുവൈത്തില്‍ 16 അംഗ മന്ത്രിസഭ അധികാരമേറ്റു. പ്രധാനമന്ത്രിയടക്കം ഭരണ കുടുംബമായ അല്‍ സബാഹ് കുടുംബത്തില്‍ നിന്ന് ഏഴ് അംഗങ്ങള്‍ അടങ്ങിയതാണ് പുതിയ മന്ത്രിസഭ. അമീര്‍ ശൈഖ് സബാഹ് അല്‍ അഹമദ് സത്യപ്രതിജ്ഞക്ക് നേതൃത്വം നല്‍കി. പ്രതിരോധം, ധനകാര്യം, വിദേശകാര്യം, എന്നീ വകുപ്പുകള്‍ക്ക് അല്‍ സബഹ് കുടുംബാംഗങ്ങള്‍ തന്നെ നേതൃത്വം നല്‍കും. തൊഴില്‍ സാമൂഹിക ക്ഷേമ വകുപ്പില്‍ വനിതയായ ദിക്‌റാ അല്‍ റശീദി തുടരും. ഇതോടെ വിദേശികള്‍ക്കെതിരെ തുടങ്ങിവെച്ച നടപടികള്‍ തുടരുമെന്ന് ഉറപ്പായി.

മറ്റൊരു വനിതാ മന്ത്രിയായ റൗളാ ദശദിക്ക് ആസൂത്രണ വികസന വകുപ്പ് ലഭിച്ചു. മുന്‍ സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണറായ ശൈഖ് സാലിം അബ്ദുല്‍ അസീസ് അല്‍ സബയാണ് പുതിയ ധനകാര്യ മന്ത്രി. പൊതു ചെലവുകള്‍ ഭീമമായി വര്‍ധിക്കുന്നു എന്ന് ആരോപിച്ച് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച ശൈഖ് സാലിമിന്റെ ധനകാര്യ വകുപ്പിലേക്കുള്ള വരവ് കൂടുതല്‍ സാമ്പത്തിക അച്ചടക്കത്തിന് വാതില്‍ തുറക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അതോടൊപ്പം പ്രതിപക്ഷത്തിന്റെ കണ്ണിലെ കരടായിരുന്ന മുന്‍ മന്ത്രി മുസ്തഫ അല്‍ ഹാമിലിയെ എണ്ണ വകുപ്പ് നല്‍കി.