അനധികൃത ജൂത കുടിയേറ്റം: ഇസ്‌റാഈല്‍ സബ്‌സിഡി വര്‍ധിപ്പിച്ചു

Posted on: August 5, 2013 11:41 pm | Last updated: August 5, 2013 at 11:41 pm
SHARE

ജറുസലം: ഫലസ്തീനിലെ അനധികൃത ജൂത കുടിയേറ്റത്തിന് ഇസ്‌റാഈല്‍ സബ്‌സിഡി വര്‍ധിപ്പിച്ചു. 91 അധിനവേശങ്ങളില്‍ മൂന്നിടത്ത് കഴിഞ്ഞ വര്‍ഷം നിയമപരമായി വികസനത്തിന് മുന്‍ഗണന നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ സബ്‌സിഡി ആവശ്യമാണെന്നാണ് ഇസ്‌റാഈല്‍ നിലപാട്. ഇസ്‌റാഈലിന്റെ പുതിയനീക്കം സമാധാന ചര്‍ച്ചകളില്‍ വിനാശകരമായ ഫലമുളവാക്കുമെന്ന് ഫലസ്തീന്‍ ഉദ്യോഗസ്ഥ ഹനാന്‍ അശറാവി പറഞ്ഞു. ഇത്തരം നീക്കങ്ങളില്‍നിന്ന് ഇസ്‌റാഈലിനെ അമേരിക്കയും അന്താരാഷ്ട്രാ സമൂഹവും വിലക്കണമെന്നും ഇവര്‍ പറഞ്ഞു.

മൂന്ന് വര്‍ഷംമുമ്പ് മുടങ്ങിപ്പോയ ഇസ്‌റാഈല്‍- ഫലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ അമേരിക്കയുടെ ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച പുനരാരാംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീര്‍ഘകാലമായി തടവില്‍ കഴിയുന്ന 100 ഫലസ്തീന്‍ തടവുകാരെ വിട്ടയക്കാമെന്ന് ഇസ്‌റാഈല്‍ സമ്മതിച്ചിരുന്നു.
പടിഞ്ഞാറന്‍ ജറുസലേം തലസ്ഥാനമാക്കി പുതിയ രാജ്യം രൂപവത്കരിക്കണമെന്നാണ് ഫലസ്തീനിന്റെ ആവശ്യം. എന്നാല്‍ വിഭജനത്തിന് ഇസ്‌റാഈല്‍ ഒരുക്കമല്ല. 1967ല്‍ ഇസ്‌റാഈല്‍ പിടിച്ചടക്കിയ വെസ്റ്റ് ബാങ്കിലും പടിഞ്ഞാറന്‍ ജറുസലമിലുമായി അഞ്ച് ലക്ഷത്തോളം ജൂതര്‍ കുടിയേറിയിട്ടുണ്ട്. അന്താരാഷ്ട്രാ നിയമപ്രകാരം കുടിയേറ്റം അനധിക്യതമാണെങ്കിലും ഇത് സംബന്ധിച്ച് ഇസ്‌റാഈല്‍ ഇപ്പോഴും തര്‍ക്കത്തിലാണ്.