Connect with us

National

എല്ലാ വിഭജന ആവശ്യങ്ങളും അംഗീകരിച്ചാല്‍ 50 സംസ്ഥാനങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി: സംസ്ഥാന രൂപവത്കരണവുമായി ബന്ധപ്പെട്ട എല്ലാവരുടെയും ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ രാജ്യത്ത് 50 സംസ്ഥാനങ്ങളുണ്ടാകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച നിവേദനങ്ങള്‍ അടിസ്ഥാനമാക്കിയാല്‍ 21 സംസ്ഥാനങ്ങള്‍ പുതുതായി രൂപവത്കരിക്കേണ്ടി വരും. സംഘടനകളും വ്യക്തികളും നിവേദനം സമര്‍പ്പിച്ചവരില്‍പ്പെടും.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ് നാലാക്കി വിഭജിക്കണമെന്ന് മുഖ്യമന്ത്രി മായാവതി തന്നെ ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഒരു നിവേദനവും സമര്‍പ്പിച്ചിട്ടില്ല. ഉത്തര്‍പ്രദേശിനെ അവധ് പ്രദേശ്, പൂര്‍വാഞ്ചല്‍, ബുന്ദേല്‍ഖണ്ഡ്, ഹരിതപ്രദേശ് എന്നിങ്ങനെ വിഭജിക്കാനാണ് മായാവതി ആവശ്യപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ ആഗ്ര, അലിഗഢ,് രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഭരത്പൂര്‍, ഗ്വാളിയോര്‍ മേഖലകള്‍ ചേര്‍ത്ത് ബ്രാജ് പ്രദേശ് എന്ന പേരില്‍ സംസ്ഥാനം രൂപവത്കരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളുടെ ഭൂപ്രദേശങ്ങള്‍ യോജിപ്പിച്ച് ഭോജ്പൂര്‍ സംസ്ഥാനം രൂപവത്കരിക്കണമെന്ന ആവശ്യവും ശക്തമാണ്. മഹാരാഷ്ട്രയില്‍ വിദര്‍ഭ സംസ്ഥാനത്തിന് വേണ്ടി കാലങ്ങളായി ആവശ്യമുയരുന്നുണ്ട്. മണിപ്പൂരില്‍ കുകിലാന്‍ഡ്, തമിഴ്‌നാടിന്റെയും കര്‍ണാടകയുടെയും തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളും കേരളത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളും ഉള്‍പ്പെടുത്തി കൊങ്കുനാട്, വടക്കേബംഗാളില്‍ കമതാപൂര്‍, പശ്ചിമ ബംഗാളില്‍ ഗൂര്‍ഖാലാന്‍ഡ്, പശ്ചിമ അസമില്‍ ബോഡോ ലാന്‍ഡ്, കര്‍ബി ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന മേഖലകളെ കൂട്ടിച്ചേര്‍ത്ത് കര്‍ബി അംഗ്‌ലോംഗ് എന്നിവയെ കുറിച്ചും ആവശ്യമുയര്‍ന്നിട്ടുണ്ട്. മൈഥിലി ഭാഷ സംസാരിക്കുന്ന ബീഹാറിലെയും ഝാര്‍ഖണ്ഡിലെയും പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മിഥിലാഞ്ചല്‍, ഗുജറാത്തിനെ വിഭജിച്ച് സൗരാഷ്ട്ര, അസമിലെയും നാഗാലാന്‍ഡിലെയും ദിമാസ വിഭാഗം ജനങ്ങള്‍ വസിക്കുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ദിമാലാന്‍ഡ്, കര്‍ണാടകയില്‍ കുടക്, ഒഡീഷ, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കൊസാല്‍ സംസ്ഥാനം, കര്‍ണാടകയുടെയും കേരളത്തിന്റെയും അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി തുളു സംസ്ഥാനം തുടങ്ങിയവക്ക് വേണ്ടിയും ആവശ്യമുയരുന്നുണ്ട്.
ഇതിന് പുറമെ കൊങ്കണി ഭാഷ സംസാരിക്കുന്ന കര്‍ണാടക പശ്ചിമ ഭാഗത്തെ തീരപ്രദേശങ്ങളെ ഉള്‍പ്പെടുത്തി കൊങ്കണ്‍ സംസ്ഥാനം, പശ്ചിമ ബംഗാളിലെ കുച്ച്ബിഹാര്‍, ജല്‍പായ്ഗുരി എന്നിവയടക്കമുള്ള ജില്ലകളെ ഉള്‍പ്പെടുത്തി കംതാപൂര്‍, മേഘാലയയില്‍ ഗോറോലാന്‍ഡ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളും നാഗാലാന്‍ഡിന്റെ കിഴക്കന്‍ പ്രദേശങ്ങളും ഉള്‍പ്പെടുത്തി പുതിയ സംസ്ഥാനം എന്നിവക്ക് വേണ്ടിയും നിവേദനങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന നിവേദനവും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. 28 സംസ്ഥാനങ്ങളുള്ള രാജ്യത്ത് തെലങ്കാന രൂപവത്കൃതമാകുന്നതോടെ 29 സംസ്ഥാനങ്ങളുണ്ടാകും.

Latest