Connect with us

Gulf

രാവുണര്‍ന്ന് പെരുന്നാളൊരുക്കം

Published

|

Last Updated

മസ്‌കത്ത്: കച്ചവട കേന്ദ്രങ്ങള്‍ പെരുന്നാള്‍ തിരക്കില്‍. റമസാന്‍ അവസാന പത്തിലേക്ക് കടന്നതോടെ രാപ്പകല്‍ വ്യത്യാസമില്ലാതെ വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലും ഹൈപ്പര്‍ മാര്‍ക്കറ്റുളിലും സത്രീകളുടെയും കുട്ടികളുടെയും സംഘങ്ങളെത്തുന്നു.
സ്വദേശികളും വിദേശികളും പെരുന്നാളോര്‍മകളെ പുതുവസ്ത്രത്തിന്റെയും അത്തറിന്റെയും സുഗന്ധമുള്ളതാക്കി മാറ്റാന്‍ കച്ചവട കേന്ദ്രങ്ങളില്‍ കയറിയിറങ്ങുകയാണ്. ശരീരത്തനും മനസിനുമിണങ്ങുന്ന തങ്ങളുടെ ഇഷ്ട വസ്ത്രങ്ങളും പാദരക്ഷകളും തിരഞ്ഞെടുക്കുന്നതിനാണ് തിരക്ക്.
മിക്ക വസ്ത്രവ്യാപാര കേന്ദ്രങ്ങളും ഡിസ്‌കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചാണ് ഉപഭോക്താക്കളെ കൂട്ടുന്നത്. വസ്ത്ര കടകളും സൂപ്പര്‍ മാര്‍ക്കറ്റുകളും പരസ്പരം മത്സരിച്ച് ഓഫറുകള്‍ നല്‍കുന്നു.
ഗിഫ്റ്റ് വൗച്ചറുകളാണ് പ്രധാന ആകര്‍ഷണം. നിശ്ചിത റിയാലിന്റെ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ വൗച്ചറുകള്‍ ലഭിക്കും. പ്രമുഖ നിര്‍മാതാക്കളുടെ മോഡലുകള്‍ക്ക് അല്‍ പം വില കൂടുതലാണെങ്കിലും ആവശ്യക്കാര്‍ കൂടുതല്‍ ഇതിനാണ്. സ്വദേശികളാണ് ചെരുപ്പ് വാങ്ങാന്‍ കൂടുതല്‍ പ്രാധാന്യത്തോടെ എത്തുന്നത്.
പെരുന്നാള്‍ വിപണി ലക്ഷ്യം വെച്ച് വസ്ത്ര വിപണിയില്‍ പുത്തന്‍ മോഡലുകളുകള്‍ എത്തിയിട്ടുണ്ട്. പര്‍ദ, മഫ്തകള്‍, കുര്‍ത്ത, സ്വദേശി വസ്ത്രങ്ങള്‍, ജീന്‍സ് തുടങ്ങിയ വസത്രങ്ങള്‍ക്കാണ് ആവശ്യക്കാരേറെ. വസ്ത്രാലയങ്ങളില്‍ കുട്ടികളുടെ ഉടുപ്പുകള്‍ക്ക് പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. പുരുഷ വസ്ത്രങ്ങള്‍ക്കും പ്രത്യേക വിഭാഗമാണ്. എന്നാല്‍ പുരുഷ വസ്ത്രങ്ങള്‍ മാത്രം വില്‍പന നടത്തുന്ന കടകളിലാണ് പുരുഷന്‍മാര്‍ കൂടുതല്‍ ആശ്രയിക്കുന്നതെന്ന് റൂവിയിലെ ടെക്സ്റ്റയില്‍സ് തൊഴിലാളിയായ നിസാര്‍ തലശ്ശേരി പറഞ്ഞു.
കൂടുതല്‍ ആളുകളില്‍ ഷോപ്പിംഗിനെത്തുന്നത് ഹൈപ്പര്‍ മാര്‍ക്കറ്റുകളിലാണ്. ബ്രാന്റഡ് ഉത്പന്നങ്ങള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്. ബ്രാന്റഡ് വസ്തുക്കള്‍ ലഭിക്കുന്നതാണ് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ആളുകളെ എത്തിക്കുന്നത്. ബ്രാന്‍ഡ് സാധനങ്ങള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ ലുലുവില്‍ രണ്ട് വസ്ത്രങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒന്ന് സൗജന്യമായി ലഭിക്കുന്നു. ഇതിന് പുറമെ റമസാനില്‍ പര്‍ച്ചേഴ്‌സിംഗിനെത്തുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ കാറുകളും സമ്മാനമായി നല്‍കുന്നുണ്ട്. ലുലുവിന് പുറമെ മാര്‍സ് ഹൈപര്‍ മാര്‍കറ്റ് നിസാന്‍ കാര്‍ കമ്പനിയുമായി ചേര്‍ന്ന് “മാര്‍സ് മെഗാ ഡ്രൈവ്” പദ്ധതിയൊരുക്കുന്നുണ്ട്. രണ്ട് നിസാന്‍ എക്‌സ്റ്റെര്‍റ കാറുകളാണ് സമ്മാനമായി ലഭിക്കുന്നത്.
അതേസമയം, പെരുന്നാളിനോടനുബന്ധിച്ച്, വിദേശികള്‍ ധാരാളമായി സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതും വിപണിയിലെ തിരക്കു വര്‍ധനക്കു കാരണമായി. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി കാലങ്ങളില്‍ കനത്ത തിരക്കാണ് മുഴുവന്‍ കടകളിലും അനുഭവപ്പെട്ടത്. രാത്രി ഏറെ വൈകിയാണ് കടകളടക്കുന്നത്. തറാവീഹ് നിസാകരാനന്തരം ഷോപ്പിംഗിനെത്തുന്ന സ്വദേശികളെയും പകല്‍ സമയങ്ങളിലെ ജോലി കഴിഞ്ഞെത്തുന്ന വിദേശികളെയും ലക്ഷ്യം വെച്ചാണ് പാതി രാത്രി പിന്നിട്ടും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.