Connect with us

Gulf

സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക്

Published

|

Last Updated

മസ്‌കത്ത്: രാജ്യത്ത് സ്വദേശിവത്കരണ നടപടികള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ജല വൈദ്യുതി മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കഴിഞ്ഞ ദിവസം ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ഡസ്ട്രി സെഘടിപ്പിച്ച പരിപാടിയില്‍ അധികാരികള്‍ വ്യക്തമക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ കെട്ടിടനിര്‍മാണ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ദുകം പ്രത്യേക സാമ്പത്തിക മേഖലയുടെ ചെയര്‍മാന്‍ യഹ്‌യ ബിന്‍ സൈദ് അല്‍ ജബ്‌രി നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സാമ്പത്തിക വിദഗ്ധരടക്കമുള്ളവരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞു. വിവിധ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിലൂടെ രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നു. സ്വദേശിവത്കരണ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ അഹ്മദ് ബിന്‍ ഹമദ് അല്‍ സുബ്ഹി, ഡെപ്യൂട്ടി ചെയര്‍മാന്‍ സാഹിര്‍ ബിന്‍ ഖാലിദ് അല്‍ സുലൈമാനി മെംബര്‍മാരായ മുഹമ്മദ് ബിന്‍ മുബാറക്ക് കൗഫാന്‍, അഹ്മദ് ബിന്‍ സൈഫ് തുടങ്ങിയവര്‍ വിവിദ സ്വദേശിവത്കരണ പദ്ധതികളെക്കുറിച്ചുള്ള പദ്ധതികള്‍ക്ക് നേതൃത്വം നല്‍കി.
സ്വദേശികള്‍ക്കിടയിലെ അഭ്യസ്ഥവിദ്യരെ കണ്ടെത്തി ജല വൈദ്യുതി മേഖലയില്‍ തൊഴില്‍ നല്‍കുന്നതിനുള്ള നടപടികള്‍ക്ക് പ്രാധാന്യം നല്‍കും. പരിചയക്കുറവ് അനുഭവപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള സഹായങ്ങള്‍ നല്‍കും. ഇത്തരം സംരംഭങ്ങളില്‍ നിന്നും പരിശീലനം നേടുന്നവര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ ജല വൈദ്യുതി രംഗത്ത് തൊഴില്‍ ലഭ്യമാക്കും. റൂറല്‍ ഇലക്ട്രിസിറ്റി അടക്കം അഞ്ച് കമ്പനികളാണ് പ്രധാനമായും രാജ്യത്ത് വൈദ്യുതി വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. കമ്പനികളുമായി ബന്ധപ്പെട്ട് സ്വദേശിവത്കരണത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കും. ജലവിതരണ മേഖലയില്‍ 90 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ചെറുകിട ജലവിതരണ കമ്പനികളില്‍ കൂടുതല്‍ വിദേശികളാണ്. നിര്‍മാണ മേഖലയിലും വ്യവസായിക മേഖലയിലും സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സ്വദേശിവത്കരണ നടപടികള്‍ നടപ്പിലാക്കിവരികയാണ്.
വൈദ്യുതി വിതരണത്തിനും കോണ്‍ട്രാക്ടിംഗിനുമായി റജിസ്റ്റര്‍ ചെയ്ത ചെറുകിട കമ്പനികളില്‍ നിന്നുള്‍പ്പെടെ 200 ദശലക്ഷം റിയാലിന്റെ നിക്ഷേപമാണ് വര്‍ഷത്തില്‍ നടക്കുന്നത്. 250 കമ്പനികളാണ് പ്രമുഖ കമ്പനികള്‍ക്ക് കീഴിലായും ചെറുകിയ സംരംഭങ്ങളായും റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മുഴുവന്‍ കമ്പനികളിലും സ്വദേശികള്‍ക്ക് പ്രാമുഖ്യം നല്‍കി തൊഴിലാളികളെ നിയമിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴിലവസരങ്ങള്‍കണ്ടെത്തുന്നതിന് യുവാക്കള്‍ക്കിടയില്‍ സെറ്റ് അപ് ഷോപ്പ് എന്ന പദ്ധതി നടപ്പിലാക്കുന്നുണ്ട്. സ്വദേശിവത്കരണ പദ്ധതികള്‍ വിജയകരമായി നടന്നുവരുന്നുണ്ടെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് വിലയിരുത്തി.
സര്‍ക്കാര്‍ മേഖലയിലെ നടപടികള്‍ ശക്തമാകുന്നതോടൊപ്പം സ്വകാര്യ മേഖലയിലും സ്വദേശിവത്കരണത്തിനുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കി വരികയാണ്. സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളെക്കുറിച്ച് പഠനം നടന്നു വരുന്നു.

 

Latest