അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം: 12 മരണം

Posted on: August 3, 2013 6:20 pm | Last updated: August 3, 2013 at 6:22 pm
SHARE

Afghanistan_suicide blastപെഷവാര്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം ചാവേര്‍ ആക്രമണം. സ്ത്രീകളും കുട്ടികളുമടക്കം 12 പേര്‍ കൊല്ലപ്പെട്ടു. ജലാലാബാദ് നഗരത്തിലെ കോണ്‍സുലേറ്റ് മന്ദിരത്തിനടുത്താണ് സ്‌ഫോടനം നടന്നത്. 24 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സ്‌ഫോടക വസ്തു നിറച്ച കാര്‍ കോണ്‍സുലേറ്റിന് സമീപമുള്ള ഗേറ്റിലിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കോണ്‍സുലേറ്റിന് സമീപമുള്ള മുസ്ലിം പള്ളിയിലെത്തിയവരാണ് മരിച്ചവരില്‍ ഏറെയും. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലമാണ് ജലാലാബാദ്. കോണ്‍സുലേറ്റിനുനേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അഫ്ഗാന്‍ ഇന്ത്യയ്ക്ക് നല്‍കിയിരുന്നു. അതേത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള സേനാ ഉദ്യോഗസ്ഥര്‍ മൂന്നു ദിവസം മുമ്പ് കോണ്‍സുലേറ്റിലെത്തി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തിയിരുന്നു.

2008ലും 2009ലും കാബൂളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കപ്പെട്ടിരുന്നു.