ശുദ്ധജല വിതരണം പ്രാഥമിക സര്‍വേ പൂര്‍ത്തിയായി

Posted on: August 3, 2013 7:50 am | Last updated: August 3, 2013 at 7:50 am
SHARE

അഗളി: അട്ടപ്പാടിയില്‍ 30 കോടി രൂപയുടെ ശുദ്ധജല വിതരണ പദ്ധതിക്ക് പ്രാഥമിക സര്‍വേ പൂര്‍ത്തിയായി. മൂന്ന് പഞ്ചായത്തുകളിലെ ആദിവാസി ഊരുകളില്‍ ശുദ്ധജലം ലഭ്യമാക്കുകയാണ് പദ്ധതിയടെ ലക്ഷ്യം. അട്ടപ്പാടി പാക്കേജിന്റെ ഭാഗമായി വാട്ടര്‍ അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ ചെറുതും വലുതുമായ 108 കുടിവെളള പദ്ധതികളാണ് അട്ടപ്പാടിയിലുളളത്.

പദ്ധതികളും പൈപ്പുകളും ഇത്രയേറെ ഉണ്ടായിട്ടും അട്ടപ്പാടിയുടെ ദാഹമകറ്റാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പരിഹാരമെന്നോണമാണ് പുതിയ പദ്ധതി. വാട്ടര്‍ അതോറിറ്റിയുടെ പ്രാഥമിക സര്‍വേ പ്രകാരം പുതൂര്‍ പഞ്ചായത്തിലെ പാടവയലില്‍ വാനിപ്പുഴയില്‍ തടയണകെട്ടി വെളളം സംഭരിക്കും.
15 കിലോമീറ്റര്‍ അകലെ അഗളി കാവുണ്ടിക്കല്ലില്‍ നിന്നാണ് വെളളം ശുദ്ധീകരിച്ച് വിതരണം ചെയ്യുക. അഗളി , പുതൂര്‍, ഷോളയൂര് പഞ്ചായത്തുകളിലായി 30,000 കുടുംബങ്ങളിലെ ഒരു ലക്ഷം പേര്‍ക്ക് ശുദ്ധജലം നല്‍കാനാകുമെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
അട്ടപ്പാടിയിലെ കുടിവെളളത്തില്‍ ഫളൂറൈഡിന്റെ അംശം അനുവദനീയമായതിലും ഇരട്ടിയാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പുതിയ പദ്ധതിക്ക് പ്രാധാന്യം ഏറെയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here