ചുഴലിക്കാറ്റ്: 85 വീടുകള്‍ തകര്‍ന്നു, 28 ലക്ഷത്തിന്റെ നഷ്ടം

Posted on: August 3, 2013 7:35 am | Last updated: August 3, 2013 at 7:35 am
SHARE

കോഴിക്കോട്/താമരശ്ശേരി:

കഴിഞ്ഞ ദിവസം ജില്ലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും 85 വീടുകള്‍ തകര്‍ന്നു. കോഴിക്കോട് താലൂക്കിലെ കോട്ടൂളി, കൊടിയത്തൂര്‍, പന്നിയങ്കര, രാരോത്ത്, പൂളക്കോട്, പെരുവയല്‍, പെരുമണ്ണ, ചെറുവത്തൂര്‍, കടലുണ്ടി എന്നിവിടങ്ങളില്‍ 67 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കൊയിലാണ്ടി താലൂക്കിലെ കൂത്താളി, നൊച്ചാട്, മേപ്പയ്യൂര്‍, ചക്കിട്ടപ്പാറ, കോട്ടൂര്‍, അത്തോളി, ഉള്ള്യേരി എന്നിവിടങ്ങളില്‍ 16 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വടകര താലൂക്കിലെ കാവിലുംപാറയില്‍ തടത്തില്‍ ജോയിയുടെ വീട് പൂര്‍ണമായും തകര്‍ന്നു. തകര്‍ന്ന വീടുകള്‍ക്ക് 28 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നു.
കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റില്‍ നാശമുണ്ടായ പ്രദേശങ്ങളും ദുരന്തത്തിനിരയായവരെ മാറ്റിപ്പാര്‍പ്പിച്ച ക്യാമ്പും മന്ത്രിമാരായ എ പി അനില്‍കുമാറും പി കെ ജയലക്ഷ്മിയും സന്ദര്‍ശിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് എത്രയും വേഗം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനില്‍കുമാര്‍ പറഞ്ഞു. ദുരിതബാധിതര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പി കെ ജയലക്ഷ്മിഅറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ആശ്വാസ ധനസഹായമായി 2,000 രൂപ വീതം മന്ത്രി അനില്‍കുമാര്‍ വിതരണം ചെയ്തു. ചെമ്പുകടവ് ജി യു പി സ്‌കൂളിലും കളപ്പുറം കണ്ണോത്ത് മഅ്ദനുല്‍ ഉലും മദ്‌റസയിലും കഴിയുന്ന 37 കുടുംബങ്ങള്‍ക്ക് 74,000 രൂപയാണ് ഇന്നലെ വിതരണം ചെയ്തത്.
ദുരിതാശ്വാസ ക്യാമ്പില്‍ കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തുമെന്ന് അനില്‍കുമാര്‍ പറഞ്ഞു. കൃഷിനാശമുണ്ടായവര്‍ക്ക് കൃഷി വകുപ്പുമായി ആലോചിച്ച് ധനസഹായം നല്‍കുമെന്നും ചെമ്പുകടവ് മേഖലയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങുന്ന കാര്യം ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാ കലക്ടര്‍ സി എ ലത, കൊടുവളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് റസാഖ്, വൈസ് പ്രസിഡന്റ് ആനി ജോണ്‍, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദന്‍, ജില്ലാ പഞ്ചായത്തംഗം വി ഡി ജോസഫ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ ടി എ റഷീദ്, ആര്‍ ഡി ഒ. പി വി ഗംഗാധരന്‍, അഡീഷനല്‍ തഹസില്‍ദാര്‍ കെ സുബ്രഹ്മണ്യന്‍ മന്ത്രിമാരെ അനുഗമിച്ചു.