Connect with us

Gulf

കുവൈത്ത് അധിനിവേശത്തിന്റെ ഓര്‍മകളിലൂടെ...

Published

|

Last Updated

കുവൈത്തിനെ ഇറാഖ് ആക്രമിച്ചതിനു 23 വയസ് പൂര്‍ത്തിയായിരിക്കുന്നു. അന്ന് ഇറാഖ് ഭരിച്ചിരുന്ന സദ്ദാം ഹുസൈന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് കാലം തെളിയിച്ചു. സാമ്രാജ്യത്വ വിരോധത്തിന്റെ പേരില്‍ സദ്ദാമിനെ വാഴ്ത്തുന്നവര്‍ തന്നെ, കുവൈത്ത് അധിനിവേശം അപരാധമായിരുന്നുവെന്ന് തുറന്നു സമ്മതിക്കുന്നു.
1990 ആഗസ്റ്റ് രണ്ടിനാണ് കുവൈത്തിനെ ഇറാഖ് ആക്രമിച്ചത്. കുവൈത്തും ഇറാഖും എണ്ണ സമ്പന്ന രാജ്യങ്ങളായിരുന്നു. ഇറാനുമായുള്ള യുദ്ധകാലത്ത് അമേരിക്കയും സഖ്യ രാജ്യങ്ങളും ഇറാഖിനൊപ്പമായിരുന്നു. ഇറാന്‍ഇറാഖ് യുദ്ധം അവസാനിച്ചിട്ട് അധികകാലമായിരുന്നില്ല. ഇറാഖ് പുനഃനിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഇസ്രാഈലിനെതിരെ ഇറാഖ് കടുത്ത നിലപാട് സ്വീകരിച്ചുവരുകയുമായിരുന്നു. ഒരുവേള, ഇസ്രാഈലിനെ ഇറാഖ് അക്രമിക്കുമെന്ന ഘട്ടം വന്നു. ഇതിനിടയിലാണ് സദ്ദം ഹുസൈനും കുവൈത്തിലെ രാജകുടുംബവും വാക്‌പോര് തുടങ്ങിയത്.
പക്ഷേ, കുവൈത്തിനെ അക്രമിക്കാന്‍ മാത്രം എന്തു പ്രകോപനമാണ് ഉണ്ടായിരുന്നത് എന്ന് ഇന്നും അജ്ഞാതം. തര്‍ക്കം പരിഹരിക്കാന്‍ സഊദി അറേബ്യ മാധ്യസ്ഥതക്ക് തയാറായിരുന്നിട്ടും ഇറാഖ് വഴങ്ങിയില്ല. സദ്ദാം ഹുസൈന്റെ പട്ടാളം കുവൈത്തിലേക്ക് ഇരച്ചുകയറി. എണ്ണക്കിണറുകള്‍ക്ക് തീയിട്ടു. വിമാനത്താവളങ്ങളും റോഡുകളും പിടിച്ചടക്കി. രാജകുടുംബാംഗങ്ങളെ കൊലപ്പെടുത്തി.
കുവൈത്ത് പട്ടാളത്തിന് ചെറുത്തുനില്‍പ്പിനുള്ള അവസരം ലഭിച്ചില്ല. കുവൈത്ത് ഭരണാധികാരി ശൈഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയുടെ നേതൃത്വത്തില്‍ മിക്ക രാജകുടുംബാംഗങ്ങളും സഊദി അറേബ്യയില്‍ അഭയം തേടി. ഐക്യരാഷട്രസഭ ഒന്നടങ്കം ഇടപെട്ടുവെങ്കിലും സദ്ദാമിന്റെ സൈന്യം കുവൈത്ത് വിട്ടുപോകാന്‍ തയാറായില്ല. ഒടുവില്‍, അമേരിക്കയും സഖ്യസേനയും ഇറാഖിനെ ആക്രമിച്ചപ്പോഴാണ് ഇറാഖ് സൈന്യം കുവൈത്ത് വിട്ടുപോയത്. സഊദി അറേബ്യയെ താവളമാക്കിയായിരുന്നു പാശ്ചാത്യ സൈന്യങ്ങളുടെ ആക്രമണം. ഒന്നാം ഗള്‍ഫ് യുദ്ധം എന്നറിയപ്പെടുന്ന ആക്രമണം ഗള്‍ഫിന്റെ രാഷ്ട്രീയത്തിലും നിര്‍ണായക വഴിത്തിരിവായി.
പരമ്പരാഗതമായി അമേരിക്കന്‍ ചേരിയിലായിരുന്ന സഊദി അറേബ്യ, പാശ്ചാത്യരുമായി കൂടുതല്‍ അടുത്തു. ഫലസ്തീന്‍ പ്രശ്‌നത്തില്‍ സഊദി അറേബ്യ ഇസ്രാഈലിനെ എതിര്‍ക്കുമ്പോള്‍ തന്നെ, ഇസ്രാഈലിന്റെ സുഹൃത്തായ അമേരിക്കയുടെ നയങ്ങള്‍ തള്ളിപ്പറയാന്‍ സഊദിക്കു കഴിയുമായിരുന്നില്ല. ഒന്നാം ഗള്‍ഫ് യുദ്ധത്തിനു ശേഷം സഊദിക്കു പിന്നാലെ കുവൈത്തും അമേരിക്കയുടെ ഉറ്റ രാജ്യമായി. അമേരിക്കയുടെ സൈനിക താവളം കുവൈത്തില്‍ അനുവദിക്കപ്പെട്ടു.
ഒന്നാം ഗള്‍ഫ് യുദ്ധം സംഭവിച്ചില്ലായിരുന്നുവെങ്കില്‍ മധ്യപൗരസ്ത്യദേശത്തിന്റെ ചരിത്രം ഒരുപക്ഷേ മറ്റൊന്നാകുമായിരുന്നു. മേഖലയില്‍ അമേരിക്കന്‍ ആധിപത്യം ഊട്ടിയുറപ്പിച്ചത് ഇറാഖിന്റെ കുവൈത്ത് അധിനിവേശമാണ്. ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ യഥേഷ്ടം വിഹരിക്കുന്ന സ്ഥിതി വന്നു. ഗള്‍ഫ് യുദ്ധത്തിലൂടെ സദ്ദാം ഹുസൈനെ ഭരണത്തില്‍ നിന്നു നിഷ്‌കാസിതനാക്കാനും കൊലപ്പെടുത്താനും അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും കഴിഞ്ഞത്, ഒന്നാം ഗള്‍ഫ് യുദ്ധം അമേരിക്കക്കു നല്‍കിയ ആത്മവിശ്വാസമാണ്. ആ ആത്മവിശ്വാസവും തന്‍പോരിമയും ഇപ്പോഴും തുടരുന്നു.
ലിബിയയെ നിരന്തരം അക്രമിക്കാനും ഭരണാധികാരി കേണല്‍ ഗദ്ദാഫിയെ തൂത്തെറിയാനും അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും കരുത്തു നല്‍കിയത് അതിന്റെ തുടര്‍ച്ചയാണ്. മധ്യപൗരസ്ത്യദേശത്ത് അമേരിക്കന്‍ ഇസ്രാഈല്‍ അജണ്ട നടപ്പാക്കാന്‍ മണ്ണ് ഉഴുതുമറിച്ചിട്ട, ഏറ്റവും നിരാശാജനകമായ സാഹചര്യത്തിന്റെ നാന്ദികുറിക്കപ്പെട്ടത് 1990 ആഗസ്റ്റ് രണ്ടിനാണെന്ന് നിസംശയം പറയാം. കുവൈത്ത് അധിനിവേശത്തെ സദ്ദാം പിന്നീട് ന്യായീകരിച്ചതായി 2004ല്‍ മാധ്യമപ്രവര്‍ത്തകനായ ജോര്‍ജ് എല്‍ പൈറോ അറിയിച്ചു.
1980 മുതല്‍ 88 വരെ ഇറാനുമായുണ്ടായ യുദ്ധത്തിന്റെ കെടുതികളില്‍ നിന്ന് ഇറാഖിനെ മുക്തമാക്കിക്കൊണ്ടുവരുമ്പോള്‍ കുവൈത്ത് വഞ്ചിച്ചുവെന്നും കുവൈത്തിനെ പാഠം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും സദ്ദാം പറഞ്ഞു.
ഇറാഖിന്റെ എണ്ണ വില കുറക്കാന്‍ കുവൈത്ത് ശ്രമിച്ചുവത്രെ. ഇതേകുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇറാഖ് വിദേശകാര്യ മന്ത്രി ഡോ. സാദ്ദും ഹമ്മാദിയെ കുവൈത്തിലേക്കയച്ചു. വിദേശ ശക്തിയാണ് എണ്ണ വില നിയന്ത്രിക്കുന്നതെന്ന് കുവൈത്ത് കൈമലര്‍ത്തി. മാത്രമല്ല, ഇറാഖി സ്ത്രീകളെ പത്തു ദിനാര്‍ പോലും വിലയില്ലാത്തവരാക്കി മാറ്റുമെന്നും കുവൈത്ത് പ്രതിനിധി പ്രകോപിപ്പിച്ചുവെന്നും സദ്ദാം കുറ്റപ്പെടുത്തി.
കുവൈത്ത് അധിനിവേശം കേരളീയര്‍ക്കും വലിയ ആഘാതമായിരുന്നു. പതിനായിരക്കണക്കിനു മലയാളികള്‍ അന്ന് കുവൈത്തിലുണ്ടായിരുന്നു. ഭൂരിപക്ഷം ആളുകള്‍ക്കും നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. കുവൈത്തിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ എയര്‍ ഇന്ത്യക്ക് ഭഗീരഥ യത്‌നം വേണ്ടിവന്നു. മിക്ക ആളുകള്‍ക്കും ഉടുതുണിയല്ലാതെ മറ്റൊന്നും കൈയിലെടുക്കാന്‍ കഴിഞ്ഞില്ല. കേരളക്കരയില്‍ ഏറെ അനിശ്വിതത്വം നിലനിന്നിരുന്നു. യുദ്ധം അവസാനിച്ചാല്‍ എല്ലാവര്‍ക്കും നഷ്ടപരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമേ ലഭിച്ചുള്ളൂ.
അന്ന് കുവൈത്തില്‍ നിന്ന് പാലായനം ചെയ്ത ചിലര്‍, മറ്റു ചില ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിപ്പെട്ടു. ചുരുക്കം പേര്‍, വാണിജ്യസാമ്രാജ്യം കെട്ടിപ്പൊക്കി. ചിലര്‍ യുദ്ധാനന്തരം കുവൈത്തിലേക്ക് മടങ്ങി. മടങ്ങിയവരില്‍ ഭൂരിപക്ഷം പേര്‍ക്കും തരക്കേടില്ലാത്ത ജീവിതോപാധി തരപ്പെട്ടു. ഈയിടെ കുവൈത്ത് സര്‍ക്കാര്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തിയപ്പോള്‍ മാത്രമാണ് ആശങ്കയുടെ കരിനിഴല്‍ വീണ്ടും താണിറങ്ങിയത്.
കുവൈത്ത്, ഇന്ന് വികസന പാതയിലാണ്. സദ്ദാം ഹുസൈന്റ പതനത്തിനു ശേഷം, ഇറാഖുമായി ബന്ധം വീണ്ടും സ്ഥാപിച്ചു. കുവൈത്തിന് ഭീമമായ തുക നഷ്ടപരിഹാരം ഇറാഖ് നല്‍കാനുണ്ട്. എന്നാലും ബന്ധം ശക്തിപ്പെട്ടുവരുന്നു. ഇരു രാജ്യങ്ങളും വ്യോമ ബന്ധം പുനഃസ്ഥാപിച്ചു. കയറ്റിറക്കുമതി യഥേഷ്ടം നടക്കുന്നു.
പക്ഷേ, 23 വര്‍ഷം മുമ്പ് മധ്യപൗരസ്ത്യദേശത്തിനേറ്റ മുറിവ് ഇപ്പോഴും നിലനില്‍ക്കുുന്നു. കുവൈത്തിനെ ചവിട്ടിയരക്കാന്‍ സദ്ദാം തീരുമാനമെടുക്കരുതായിരുന്നുവെന്ന് മഹാഭൂരിപക്ഷം പേരും ഇപ്പോഴും വിശ്വസിക്കുന്നു. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായി സദ്ദാമിനെ നെഞ്ചേറ്റുന്നവര്‍ പോലും അതൊരു തിക്താനുഭവമെന്ന് വിലയിരുത്തുന്നു.

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്