Connect with us

Kannur

മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യ സ്വയംപര്യാപ്തം: ഡോ. ടെസ്സി തോമസ്

Published

|

Last Updated

കണ്ണൂര്‍: മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യ സ്വയംപര്യാപ്തമാണെന്ന് ഇന്ത്യയുടെ മിസൈല്‍ വനിത എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസ്. തദ്ദേശീയമായി തന്നെയാണ് ഇന്ത്യ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. അതുകൊണ്ട് ഇന്ത്യക്ക് ഈ രംഗത്ത് കാലുറപ്പിച്ച് നില്‍ക്കാനാകുമെന്നും അഗ്നി 5 വികസിപ്പിക്കാന്‍ ഗവേഷണം നടത്തിയ ശാസ്ത്രസംഘത്തിന് നേതൃത്വം നല്‍കിയ ടെസ്സി തോമസ് പറഞ്ഞു. അഗ്നി പരമ്പരയിലെ അഞ്ചാം തലമുറയായ അഗ്നി 5 മിസൈലിന്റെ പരീക്ഷണ വിജയം ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത അഗ്നി 5ന്റെ ഒരു പരീക്ഷണം കൂടി ഈ വര്‍ഷം നടക്കുമെന്ന് കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് എന്‍ജിനീയറിംഗ് കോളജിലെ ദേശീയ സെമിനാറില്‍ പങ്കെടുക്കാനെത്തിയ ടെസ്സി പറഞ്ഞു.
അഗ്നിയുടെ രണ്ട് പരീക്ഷണ വിക്ഷേപണം കൂടി പൂര്‍ത്തിയായാല്‍ 2015 ഓടെ ഇതിനെ ഇന്ത്യന്‍ പ്രതിരോധ വിഭാഗത്തിന്റെ ഭാഗമാക്കി മാറ്റാനാകും. ഇന്ത്യ സമാധാനപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമാണ് പ്രതിരോധ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. അഗ്നി എന്നത് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി ആര്‍ ഡി ഒ)യുടെ പദ്ധതിയാണെങ്കിലും രണ്ടായിരത്തോളം സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇതിന്റെ നിര്‍മാണ സംവിധാനം പൂര്‍ത്തിയാക്കാനായത്. അയ്യായിരം കിലോമീറ്ററായായിരുന്നു ഇതിന്റെ ആകാശപരിധിയായി ഉദ്ദേശിച്ചതെങ്കില്‍ ഏഴായിരം കിലോമീറ്റര്‍ വരെ ഇതിന് സഞ്ചരിക്കാന്‍ കഴിയുമെന്നാണ് ഇതുസംബന്ധിച്ച് നിരീക്ഷണം നടത്തിയ അന്യരാജ്യ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതുതന്നെ നമ്മുടെ ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് കിട്ടിയ വലിയ അംഗീകാരമായി കണക്കാക്കപ്പെടുമെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകള്‍ പ്രതിരോധ ഗവേഷണ രംഗത്തേക്ക് കടന്നുവരുന്നുണ്ടെന്നത് വലിയ ശുഭസൂചനയാണ് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുത്ത അതിദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണമെന്ന ചരിത്ര നേട്ടത്തിന് ചുക്കാന്‍ പിടിച്ച ടെസ്സി തോമസ് ആലപ്പുഴ സ്വദേശിനിയാണ്. ഈ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടര്‍ കൂടിയാണ് അവര്‍. 2012 ഏപ്രില്‍ 19നായിരുന്നു അഗ്നിയുടെ ആദ്യ പരീക്ഷണം. മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ പി ജെ അബ്ദുല്‍കലാമാണ് ടെസ്സിയുടെ ഗുരു.