കാര്‍ പുഴയിലേക്ക് മറിഞ്ഞ് നാല്‌പേര്‍ മരിച്ചു

Posted on: August 3, 2013 6:00 am | Last updated: August 3, 2013 at 4:13 am
SHARE

accident

മാനന്തവാടി: വയനാട്ടില്‍ നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് പുഴയില്‍ വീണ് നാല് പേര്‍ മരിച്ചു. ഒരാളെ കാണാതായി. വാരാമ്പറ്റ-മാനന്തവാടി പാതയില്‍ മൊതക്കര പാലത്തില്‍ ഇന്നലെ രാത്രി എട്ടോടെയാണ് അപകടം. ഒരാള്‍ നീന്തി രക്ഷപ്പെട്ടു. മാനന്തവാടി പാണ്ടിക്കടവ് അരീക്കപ്പുറത്ത് കുഞ്ഞബ്ദുല്ല ഹാജി(65), സഹോദരങ്ങളായ ഹസന്‍ ഹാജി(62), മൊയ്തു(60), കാര്‍ ഓടിച്ചിരുന്ന പാണ്ടിക്കടവ് ചെമ്പന്‍കണ്ടി സിദ്ദീഖ് (28) എന്നിവരാണ് മരിച്ചത്. എടവക അമ്പലവയല്‍ തൊട്ടിക്കണ്ടി മൂസ(45)ആണ് നീന്തി രക്ഷപ്പെട്ടത്. പുഴ കര കവിഞ്ഞൊഴുകുകയാണ്. വാരാമ്പറ്റയിലെ ഓര്‍ഫനേജില്‍ പ്രാര്‍ഥനയും നോമ്പുതുറയും കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. പാണ്ടിക്കടവ് ചെമ്പരന്‍കണ്ടി കുഞ്ഞബ്ദുല്ല – ആഇശ ദമ്പതികളുടെ മകനാണ് സിദ്ദീഖ്.

വിവരം അറിഞ്ഞ് മാനന്തവാടിയില്‍ നിന്നുള്ള അഗ്നിശമന സേനയും പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ഏട്ടേമുക്കാലോടെയാണ് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇവര്‍ മരിച്ചു. ഓര്‍ഫനേജ് കമ്മിറ്റി അംഗങ്ങളാണ് മൂവരും.