ഏഴു മാസമായി ശമ്പളമില്ലാതെ തൊഴിലാളികള്‍ നാട്ടില്‍ പോകാന്‍ എംബസിയുടെ സഹായം തേടി

Posted on: August 2, 2013 3:29 pm | Last updated: August 2, 2013 at 3:30 pm
SHARE

Laboursമസ്‌കത്ത്: ഏഴു മാസമായി ശമ്പളം ലഭിക്കാതെ ജോലി ചെയ്തു വന്ന തിരുവനന്തപുരം സ്വദേശികള്‍ നാട്ടില്‍ പോകുന്നതിന് ഇന്ത്യന്‍ എംബസിയുടെ സഹായം തേടി. ശമ്പളം ലഭിക്കാതെ ജോലി ചെയ്യാന്‍ പ്രയാസമാണെന്നറിയിച്ചതിനെത്തുടര്‍ന്ന് തൊഴിലുടമ ഇവരെ താമസ കേന്ദ്രത്തില്‍നിന്നും പുറത്താക്കി. സുഹൃത്തുക്കളുടെ സഹായത്തോടെ കഴിഞ്ഞു വരുന്ന തൊഴിലാളികള്‍ എങ്ങിനെയെങ്കിലും നാട്ടിലേക്കു രക്ഷപ്പെടണമെന്ന മോഹത്തിലാണ്.

ഹൈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനറല്‍ മെയിന്റനന്‍സ് കമ്പനിയിലെ തൊഴിലാളികളായ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ഹരിദാസ്, ആറ്റിങ്ങല്‍ ഐലം സ്വദേശി സുരേക്ഷ് ബാബു, കുറ്റിച്ചില്‍ സ്വദേശി ജെയിംസ് രാജു, ആറ്റിങ്ങല്‍ സ്വദേശി മഹേഷ് എന്നിവരാണ് മാസങ്ങളായി തൊഴിലുടമ ശമ്പളം നല്‍കാതെ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് വെല്‍ഫെയര്‍ സെക്രട്ടറി പി എം ജാബിറിന്റെ സഹായത്തോടെ എംബസിയില്‍ സഹായം തേടിയത്. പാസ്‌പോര്‍ട്ട് തൊഴിലുടമയുടെ കൈവശമായതിനാല്‍ ഇവര്‍ക്ക് സ്വമേധയാ നാട്ടിലേക്കു പോകാന്‍ കഴിയുന്നില്ല. നാട്ടില്‍ ഏജന്റുമാര്‍ക്ക് പണം നല്‍കിയാണ് മൂന്നു പേര്‍ തൊഴിലിനായി ഇവിടെയെത്തിയത്. ഇവരില്‍ രണ്ടു പേര്‍ മേശന്‍മാരും രണ്ടു പേര്‍ ഹെല്‍പ്പര്‍മാരുമാണ്. ആദ്യ കാലത്ത് മുടക്കമില്ലാതെ ശമ്പളം നല്‍കിയിരുന്നു. എന്നാല്‍ ഏഴു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നും ഭക്ഷണം കഴിക്കുന്നതിനായി വല്ലപ്പോഴും ചെറിയ സംഖ്യ മാത്രമാണ് ലഭിച്ചിരുന്നതെന്നും സുരേഷ് ബാബു പറഞ്ഞു. നേരത്തെ 100 റിയാലായിരുന്നു ശമ്പളം. എന്നാല്‍ ഏഴു മാസം മുമ്പ് മേശന്‍മാരുടെ ശമ്പളം 170 റിയാലായും ഹെല്‍പ്പര്‍മാരുടെത് 165 റിയാലാക്കിയും ഉയര്‍ത്തിയെങ്കിലും ലഭിച്ചില്ല. എന്നാല്‍ എല്ലാ ദിവസവും ജോലി ചെയ്യിപ്പിച്ചിരുന്നു. നാട്ടില ഭാര്യയും മക്കളുമുള്ളവരാണ് മൂന്നു പേര്‍. കുടുംബത്തിലേക്ക് പണമയിച്ചിട്ട് മാസങ്ങളായെന്ന് തൊഴിലാളികള്‍ പറയുന്നു. 

നാട്ടില്‍നിന്നും വന്നിട്ട് ഏറെ നാളായതിനെത്തുടര്‍ന്ന് അവധിക്കു പോകാനായി അനുവാദം ചോദിച്ചെങ്കിലും സമ്മതിച്ചില്ലെന്ന് സുരേഷ് ബാബുവും മഹേഷും പറഞ്ഞു. അഞ്ചു മലയാളികളും രണ്ടു ബംഗ്ലാദേശ് സ്വദേശികളുമാണ് സ്ഥാപനത്തില്‍ ഉള്ളത്. മലയാളിയാണ് കമ്പനിയുടെ ഫോര്‍മാന്‍. ഇയാള്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ട്. എന്നാല്‍ ഫോര്‍മാന് തങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് രണ്ടു പേര്‍ രണ്ടാഴ്ച മുമ്പു തന്നെ ജോലി നിര്‍ത്തി കമ്പനിയുടെ താമസസ്ഥലത്തു നിന്നും പോന്നിരുന്നു. താമസിക്കാന്‍ സ്ഥലമില്ലാത്തതിനെത്തുടര്‍ന്നാണ് തങ്ങള്‍ അവിടെ തന്നെ തുടര്‍ന്നതെന്നും എന്നാല്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ പോന്നതാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം താമസസ്ഥലത്തെ വൈ്യദ്യുതി വിച്ഛിദിച്ചിരുന്നു. ഇനിയും അങ്ങോട്ടു പോയാല്‍ സ്‌പോണ്‍സര്‍ ഉപദ്രവിക്കുമെന്നതിനാല്‍ സുഹൃത്തിന്റെ കൂടെ താമസിക്കുകയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. 

എംബസിയിലെത്തിയ തൊഴിലാളികളെ പരാതിയുമായി ലേബര്‍ വിഭാഗത്തിലേക്ക് അയച്ചു. ഭക്ഷണത്തിനായി 15 റിയാല്‍ വീതം എംബസി നല്‍കി. ലേബര്‍ കോടതി സെപ്തംബര്‍ 10നാണ് ഹിയറിംഗിന് തിയതി നിശ്ചയിച്ചിരിക്കുന്നത്. അതുവരെയും ഇവിടെ തുടരുക എന്നത് ദുരിതമായിരിക്കുമെന്ന് തൊഴിലാളികള്‍ പറയുന്നു. സ്‌പോണ്‍സറുടെ കണ്ണില്‍പെടാതെ വേണം കഴിഞ്ഞു കൂടാന്‍. പാസ്‌പോര്‍ട്ട് സ്‌പോണ്‍സറുടെ കൈവശമായതിനാല്‍ വേറെ മാര്‍ഗമില്ലാതെ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയുകയാണിവര്‍.