ഇന്ന് റമസാനിലെ അവസാന വെള്ളി

Posted on: August 2, 2013 8:35 am | Last updated: August 2, 2013 at 8:35 am
SHARE

മലപ്പുറം: വിശുദ്ധ റമസാനിലെ അവസാന വെള്ളിയുടെ പുണ്യം തേടി വിശ്വാസികള്‍. നരക മോചനം തേടുന്ന പത്തില്‍ പാപക്കറകള്‍ തീര്‍ക്കാന്‍ മനമുരുകി നാഥനിലേക്ക് കൈ ഉയര്‍ത്തുന്ന നിമിഷങ്ങള്‍. ലൈലത്തുല്‍ ഖദ്‌റിന് സാധ്യതയേറെയുള്ള ദിവസങ്ങളാണ് ഇനി ബാക്കിയുള്ളത് എന്നതിനാല്‍ ഓരോ മണിക്കൂറുകളും വിശ്വാസികള്‍ക്ക് വിലപ്പെട്ടതാണ്.
നേരത്തെ പള്ളികളിലെത്തി ഖുര്‍ആന്‍ പാരായണം ചെയ്തും പ്രാര്‍ഥനകളില്‍ മുഴുകിയും അവര്‍ സൃഷ്ടാവിന്റെ പ്രീതിക്ക് വേണ്ടി എല്ലാം സമര്‍പ്പിക്കും. റമസാന്‍ വ്രതത്തിലൂടെ നേടിയെടുത്ത വിശുദ്ധി തുടര്‍ന്നും ജീവിതത്തില്‍ കാത്തുസൂക്ഷിക്കാന്‍ ജുമുഅ ഖുതുബയില്‍ ഇമാമുമാര്‍ വിശ്വാസികളെ ഉണര്‍ത്തും. റമസാന്‍ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കപ്പെടുന്നതിനാല്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന സംഗമങ്ങളും നടക്കും. പാവപ്പെട്ടവരെ സഹായിക്കല്‍ ഏറെ പുണ്യമുള്ള കര്‍മമായതിനാല്‍ ദാന ധര്‍മങ്ങള്‍ അധികരിപ്പിച്ചും അവര്‍ പുണ്യമാസത്തിന്റെ നന്‍മയില്‍ പങ്കാളികളാകും.