Connect with us

Malappuram

മലപ്പുറം നഗരസഭയില്‍ സോഡിയം വേപ്പറുകള്‍ ഇനി പ്രകാശിക്കില്ല

Published

|

Last Updated

മലപ്പുറം: വൈദ്യുതി ഉപയോഗം കൂടുതലും വെളിച്ചം കുറവുമുള്ള സോഡിയം വേപ്പര്‍ തെരുവുവിളക്കുകള്‍ ഇനി നഗരസഭയില്‍ പ്രകാശിക്കില്ല. സോഡിയം വേപ്പറിന് പകരം സി എഫ് എല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് നഗരസഭ. 10മുതല്‍ 12വര്‍ഷം വരെ പഴക്കമുള്ള തെരുവ് വിളക്കുകളാണ് നഗരസഭയിലുള്ളത്. ഇവയെല്ലാം മാറ്റിസ്ഥാപിക്കുമെന്ന് ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫ കൗണ്‍സിലില്‍ പറഞ്ഞു.
തെരുവ് വിളക്കുകള്‍ അറ്റകുറ്റപണി നടത്തേണ്ട കരാറുകാര്‍ ഇതിന് തയ്യാറാവുന്നില്ല. നിരന്തരം ആവശ്യപ്പെട്ടാലും ആഴ്ചകള്‍ പിന്നിട്ടാണ് തകരാര്‍ പരിഹരിക്കുകയെന്ന് കൗണ്‍സിലര്‍ പരാതിപ്പെട്ടു. ഇതില്‍ കരാറുകാരനോട് വിശദീകരണം ചോദിക്കും. 2014 ഫെബ്രുവരി വരെ തെരുവുവിളക്കുകള്‍ അറ്റകുറ്റ പണിക്ക് നല്‍കുന്ന ടെന്‍ഡര്‍ അംഗീകരിക്കുന്നത് അടുത്ത കൗണ്‍സിലിലേക്ക് മാറ്റി. നിലവിലുള്ള കരാറുകാരും മറ്റൊരു കമ്പനിയുമാണ് ഇതിനായി അപേക്ഷിച്ചത്.
22,72 വാട്ടുകളിലുള്ള 3421 സി എഫ് എല്ലും 18 ഹൈമാസ്റ്റുകളുമാണ് സ്ഥാപിക്കുക. നിലവില്‍ 3000ത്തോളം തെരുവ് വിളക്കുകളാണുള്ളത്. പെരുന്നാള്‍ കഴിയുന്നതോടെ നഗരത്തില്‍ ട്രാഫിക് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ തീരുമാനമെടുക്കും.
ജനങ്ങളുടെ അഭിപ്രായം അറിഞ്ഞതിനുശേഷമാണ് പരിഷ്‌കാരം നടപ്പിലാക്കുക. നഗരസഭയിലെ സേവനങ്ങള്‍ കൃത്യസമയത്ത് നല്‍കാത്ത ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കും. എം ഗവേണ്‍സിന്റെ രണ്ടാംഘട്ടം ഓഗസ്റ്റ് അവസാനത്തോടെ നടപ്പിലാക്കും.
അനധികൃത പണമിടപാട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെടും. സാമൂഹ്യക്ഷേമ പെന്‍ഷപനുകള്‍ വര്‍ധിപ്പിച്ച് കൊണ്ടുള്ള ധനകാര്യവകുപ്പിന്റെ നടപടിക്കും കൗണ്‌സില്‍ അംഗീകാരം നല്‍കി.

---- facebook comment plugin here -----