കവിതയുടെ തടവുകള്‍ തടവിന്റെ കവിതകള്‍

Posted on: August 2, 2013 12:36 am | Last updated: August 2, 2013 at 12:36 am
SHARE

എന്തുകൊണ്ടാണ് ഇസ്‌ലാമിക തീവ്രവാദം? മറ്റൊന്നുമല്ല; ഇസ്‌ലാമിന് മുന്‍തൂക്കമുള്ള രാഷ്ട്രങ്ങളിലെല്ലാം എണ്ണയുണ്ട്; അമേരിക്കക്ക് അതിന്മേല്‍ ആധിപത്യവുമാവശ്യമുണ്ട് 
– താരിഖ് അലി

ശബ്ദങ്ങള്‍ എഴുതിയ വൈക്കം മുഹമ്മദ് ബഷീറിന്റെയും ധര്‍മപുരാണം എഴുതിയ ഒ വി വിജയന്റെയും മരണത്തെയും തിരോധാനത്തെയും സാധൂകരിക്കുന്ന വിധത്തിലുള്ള മനുഷ്യത്വവിരുദ്ധവും സാഹിത്യവിരുദ്ധവും ഭാഷാവിരുദ്ധവുമായ നടപടിയാണ് കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നുണ്ടായിരിക്കുന്നത്. ബിരുദ വിദ്യാര്‍ഥികള്‍ക്ക് മൂന്നാം സെമസ്റ്ററില്‍ പഠിക്കാനായി നിര്‍ദേശിക്കപ്പെട്ട ഇംഗ്ലീഷ് പുസ്തകത്തിലെ ഒരു കവിതയെ, അമേരിക്കന്‍ സാമ്രാജ്യാനുകൂലവും വലതുപക്ഷ-ഹിന്ദുത്വപരവുമായ നിലപാടിന് കീഴ്‌പ്പെട്ടുകൊണ്ട് നിഷ്ഠൂരമായി തമസ്‌കരിക്കാനുള്ള തീരുമാനമാണ് സര്‍വകലാശാല എടുത്തിരിക്കുന്നത്. ഇതിനുള്ള ചട്ടുകമായി പ്രവര്‍ത്തിച്ചത് ഒരു മലയാളം മാഷാണെന്നാണ് പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇദ്ദേഹത്തിന് ഇംഗ്ലീഷ് വായിച്ചാല്‍ മനസ്സിലാകുമോ എന്നതും തീര്‍ച്ചയില്ല. അതല്ലെങ്കില്‍ ശ്രേഷ്ഠ മലയാളത്തിനിട്ട് ഒരിടി കൊടുക്കണമെന്ന് ടിയാന്‍ തീരുമാനിച്ചതാകാനും മതി. ശബ്ദങ്ങള്‍ നിരോധിക്കുകയും ധര്‍മപുരാണത്തെ മറയ്ക്കാന്‍ ഖസാക്കിന്റെ ഇതിഹാസത്തെ പാടിപ്പുകഴ്ത്തുകയും ചെയ്യുന്ന കേരള/മലയാളത്തിന് യോജിച്ച നടപടിയെന്നും ഈ നിരോധനത്തെ വ്യാഖ്യാനിക്കാം.
ഞാന്‍ പഠിച്ചതും ബിരുദം നേടിയതും ഈ സര്‍വകലാശാലയില്‍ നിന്നാണെന്നോര്‍ക്കുമ്പോള്‍ ലജ്ജിച്ചു തല താഴ്ത്തുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാനായ എഴുത്തുകാരന്‍ വി കെ എന്‍ എഴുതിയ അധികാരം ഇതേ സര്‍വകലാശാല നിരോധിച്ചിരുന്നു. അന്ന് ദിവസങ്ങള്‍ നീണ്ടുനിന്ന പ്രത്യക്ഷസമരം തന്നെ നിരോധത്തിനെതിരായി നടത്തുകയുണ്ടായി. സര്‍വകലാശാല ആസ്ഥാനത്തു നടന്ന ആ സമരത്തില്‍ പങ്കെടുത്തു സംസാരിക്കാനുള്ള അവസരം എനിക്കുമുണ്ടായി. പക്ഷെ, നാം പാഠങ്ങളൊന്നും പഠിക്കുന്നില്ല. അധികാരത്തില്‍ അശ്ലീലമുണ്ടെന്നതായിരുന്നു കുറ്റം. ഏറ്റവും വൃത്തികെട്ട അശ്ലീലം ആ നിരോധമായിരുന്നുവെന്നത് ചരിത്രം തെളിയിച്ചു. അതുപോലെ, ഇപ്പോള്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഒളിച്ചുവെക്കപ്പെടുന്ന ‘കടലിനൊരു ഗീതം’ ഭീകരതയുടെ പേരിലാണ് നിരോധിച്ചിരിക്കുന്നത്. ഈ നിരോധമാണ് യഥാര്‍ഥ ഭീകരത എന്ന് കാലം തെളിയിക്കും. അങ്ങനെ തെളിയിക്കാനായില്ലെങ്കില്‍, സത്യവും ചരിത്രവും ഭാവനയും മനസ്സിലാകാത്ത മണ്ടന്മാരുടെ സ്ഥലകാലമായി കേരളം ഭാവിയില്‍ അറിയപ്പെടുകയും ചെയ്യും.
അമേരിക്കന്‍ ഭരണകൂടം ക്യൂബയില്‍ നടത്തുന്ന ഗ്വാണ്ടനാമോ എന്ന കുപ്രസിദ്ധമായ തടവറയില്‍ അടക്കപ്പെട്ട ഇബ്‌റാഹിം അല്‍ റുബായിഷ് എന്ന കവിയാണ് ഈ കവിതയെഴുതിയത്. 2006 ഡിസംബറില്‍ ഗ്വാണ്ടനാമോ ബേയിലെ തടങ്കല്‍പാളയത്തില്‍ നിന്ന് നിരുപാധികം വിട്ടയക്കപ്പെട്ട തടവുപുള്ളിയാണ് ഇബ്‌റാഹിം അല്‍ റുബായിഷ്. പാക്കിസ്ഥാനില്‍ അധ്യാപകവൃത്തിയിലേര്‍പ്പെട്ടിരിക്കെയാണ്, കൂലിപ്പട്ടാളക്കാര്‍ സഊദി പൗരനായ ഇബ്‌റാഹിം അല്‍ റുബായിഷിനെ പിടികൂടി സഖ്യസേനക്ക് വില്‍ക്കുന്നത്. ഒരിക്കല്‍ ന്യായാധിപ പദവിയിലേക്കു വരെ പരിഗണിക്കപ്പെട്ടിരുന്ന, വൈരനിര്യാതനബുദ്ധിയോട് അനിഷ്ടം പുലര്‍ത്തുന്ന ഈ മതപണ്ഡിതന്‍ പിടിയിലകപ്പെടുമ്പോള്‍ മൂന്ന് മാസം മാത്രം പ്രായമായ ഒരു പെണ്‍കുഞ്ഞിന്റെ പിതാവായിരുന്നു. 2001 മുതല്‍ 2006 വരെ അഞ്ച് വര്‍ഷമാണ് റുബായിഷ് അന്യായത്തടവില്‍ കഴിഞ്ഞത്. സൈനികക്കോടതിയിലെ വിചാരണക്കിടെ, ‘അപകടകാരിയാണെന്ന് ഞങ്ങള്‍ തുടര്‍ന്നും കരുതുകയാണെങ്കില്‍ താങ്കള്‍ പിടിച്ചുവെക്കപ്പെടും. അപകടകാരിയായി കരുതാതിരുന്നാല്‍ ഞങ്ങള്‍ വിട്ടയക്കാന്‍ ശിപാര്‍ശ ചെയ്യും. നിങ്ങളെ വിട്ടയക്കുന്നത് ഞങ്ങളെന്തുകൊണ്ട് പരിഗണിക്കണം?’ എന്ന ചോദ്യത്തോട് റുബായിഷിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘അന്താരാഷ്ട്ര കോടതിയില്‍ കുറ്റവാളിയാണെന്ന് സ്ഥിരീകരിക്കും വരെ ഒരാള്‍ നിരപരാധിയാണ്. എന്തുകൊണ്ടാണ് ഇവിടെ ഒരു വ്യക്തി നിരപരാധിയാണെന്ന് തെളിയിക്കും വരെ കുറ്റവാളിയെന്ന് കരുതപ്പെടുന്നത്?’
ഡോ. കെ രാജഗോപാലന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസ് തിരഞ്ഞെടുത്ത പുസ്തകത്തിലെ ലിറ്ററേച്ചര്‍ ആന്‍ഡ് കണ്ടമ്പററി ഇഷ്യൂസ്(സാഹിത്യവും സമകാലിക പ്രശ്‌നങ്ങളും) എന്ന വിഭാഗത്തിലാണ് ഈ കവിതയുള്ളത്. ടി വൈ അരവിന്ദാക്ഷനും സി ആര്‍ മുരുകന്‍ ബാബുവുമാണ് എഡിറ്റര്‍മാര്‍. ഗ്വാണ്ടനാമോ തടവറയിലെ തടവുകാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ മാര്‍ക്ക് ഫാല്‍ക്കോഫ് സമാഹരിച്ച ഗ്വാണ്ടനാമോയില്‍ നിന്നുള്ള കവിതകള്‍: തടവുകാര്‍ സംസാരിക്കുന്നു(പോയംസ് ഫ്രം ഗ്വാണ്ടനാമോ: ദ ഡീറ്റെയിനീസ് സ്പീക്ക്) എന്ന ഗ്രന്ഥത്തിലാണ് ഈ കവിത ആദ്യം പ്രസിദ്ധീകരിച്ചത്. ഇബ്‌റാഹിം അല്‍ റുബായിഷിന് അല്‍ഖാഇദയുമായി ബന്ധമുണ്ടെന്ന് അസന്നിഗ്ധമായി തെളിഞ്ഞിട്ടൊന്നുമില്ല. മാത്രമല്ല, ഗ്വാണ്ടനാമോയിലെ എണ്ണൂറോളം വരുന്ന തടവുകാരില്‍ പകുതിയാളുകളും നിരപരാധികളാണെന്ന് അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രതിരോധ മന്ത്രാലയം തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ തടവുകാര്‍ക്ക് വേണ്ട വിധത്തിലുള്ള നിയമസഹായമൊന്നും തന്നെ മിക്കപ്പോഴും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. അവരുടെ വിചാരണകളാകട്ടെ മിക്കപ്പോഴും പ്രഹസനമായി തീരുകയും അവര്‍ അതിക്രൂരവും നിഷ്ഠൂരവുമായ പീഡനങ്ങള്‍ക്ക് വിധേയരാകുകയും ചെയ്യുന്നത് സാധാരണ കാര്യം മാത്രം. ഈ പീഡനങ്ങളുടെ പല ചിത്രങ്ങളും വീഡിയോകളും ഇന്‍ര്‍നെറ്റില്‍ ലഭ്യമാണ്.
2006ല്‍ ആംനെസ്റ്റി ഇന്‍ര്‍നാഷനലാണ് ഈ കവിതാ സമാഹാരം ആദ്യമായി പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി ഓരോ വരിയും പെന്റഗണ്‍ പരിശോധിച്ചിരുന്നു. ആ പാസും വിലപ്പോകാത്ത എന്തു ധാര്‍മികതയും സുരക്ഷയുമാണ് കോഴിക്കോട് സര്‍വകലാശാല തെക്കെ മലബാറിലെ വിദ്യാര്‍ഥികള്‍ക്കായി കാത്തു വെച്ചിരിക്കുന്നത് എന്നറിയില്ല. ഈ കവിതകളില്‍ പലതും ടൂത്ത് പേസ്റ്റ് കൊണ്ടും കാപ്പിക്ക് മുകളിലായി പൊന്തുന്ന പത കൊണ്ടും ചുമരുകളിലാണ് ആദ്യം എഴുതിയത്. പിന്നീട് തടവുകാരെ സന്ദര്‍ശിക്കുന്ന വക്കീലന്മാരാണ് അവ എഴുതിയെടുത്തത്. അധികാരത്തിന്റെയും യുദ്ധങ്ങളുടെയും പീഡനങ്ങളുടെയും ചൂഷണങ്ങളുടെയും ചരിത്രവിഗതികളില്‍ രൂപപ്പെടുന്ന മനുഷ്യരുടെ കഷ്ടപ്പാടുകള്‍ പ്രതിഫലിക്കുന്ന ഇത്തരം കവിതകള്‍ പരിചയപ്പെടാനും പഠിക്കാനും സാധ്യമാകാത്ത ബിരുദ പഠനം കൊണ്ട് എന്തു പ്രയോജനമാണ് സത്യത്തിലുള്ളത്? ‘കവിത എന്നത് മനുഷ്യശബ്ദത്തിന്റെ കലയാണ്. നിശ്ചയമായും നാം അവഗണിക്കാന്‍ പാടില്ലാത്ത എന്തൊക്കെ പ്രശ്‌നങ്ങളും യാഥാര്‍ഥ്യങ്ങളുമാണ് ഈ പ്രപഞ്ചത്തിലുള്ളത് എന്നത് തുറന്നു പറയുന്ന അക്ഷരങ്ങളും വാക്കുകളുമാണവ. എല്ലാ അതിര്‍ത്തികളെയും മറികടന്നു കൊണ്ട്, യഥാര്‍ഥവും വിവരണാത്മകവുമായ ഈ സംസാരങ്ങള്‍, അമേരിക്കക്കാര്‍ മറന്നുപോയ ആദര്‍ശങ്ങളെക്കുറിച്ചും മാനവികതയെക്കുറിച്ചും അവരെ ഓര്‍മപ്പെടുത്തി. അവ നിങ്ങളുടെ അംഗീകാരമോ വിശ്വാസമോ സഹതാപമോ ആവശ്യപ്പെടുന്നില്ല. വെറും ശ്രദ്ധ മാത്രം അതിന്മേല്‍ പതിപ്പിക്കുക. അത് എത്രയും പെട്ടെന്ന് വേണമെന്നു മാത്രം’. റോബര്‍ട്ട് പിന്‍സ്‌കി എഴുതിയ നിരീക്ഷണമാണിത്.
ഹിറ്റ്‌ലറുടെ ജര്‍മനിയിലും ഫ്രാങ്കോയുടെ സ്‌പെയിനിലും മുസോളിനിയുടെ ഇറ്റലിയിലും പോള്‍പോട്ടിന്റെ കമ്പൂച്ചിയയിലും അടിയന്തരാവസ്ഥക്കാലത്തെ ഇന്ത്യയിലും തടവും പീഡനങ്ങളും അനുഭവിച്ചവര്‍ എഴുതിയ കവിതകള്‍, കഥകള്‍ അവര്‍ ഭാഗഭാക്കായ സിനിമകള്‍ ഇതെല്ലാമില്ലെങ്കില്‍, അവ പരിചയപ്പെട്ടില്ലെങ്കില്‍ ലഭിക്കുന്ന വിദ്യാഭ്യാസവും ബിരുദവും തീര്‍ത്തും അര്‍ഥശൂന്യവും ചരിത്രവിരുദ്ധവും മനുഷ്യത്വേതരവുമായിരിക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. ഇവയൊക്കെയും ലോകമെമ്പാടുമുള്ള നിരവധി സര്‍വകലാശാലകളില്‍ വ്യാപകമായി പഠിപ്പിക്കുന്നുമുണ്ട്. ആരാണ് ഭീകരനെയും സ്വാതന്ത്ര്യ ഭടനെയും വേര്‍തിരിച്ച് നിര്‍ണയിക്കുന്നത്? ഒരാള്‍ കവിതയെഴുതുമ്പോള്‍ അയാള്‍ കൂടുതല്‍ ഭീകരനായി തീരുകയാണോ ചെയ്യുന്നത്? അതോ അത്രയും സമയത്തേക്കെങ്കിലും അയാളില്‍ മനുഷ്യത്വം ഉണരുന്നുണ്ടോ? ഇവിടെ നിരോധിക്കപ്പെട്ട കവിതയിലെ വരികളില്‍ എന്തെങ്കിലും അക്രമപ്രേരണയോ, അല്‍ഖാഇദക്കും താലിബാനും അനുകൂലമായ, അതുമല്ലെങ്കില്‍ ജിഹാദിന് ആഹ്വാനം ചെയ്യുന്ന എന്തെങ്കിലും വരികളുമുണ്ടോ? ഇതൊന്നും പരിഗണിക്കാതെ കേട്ട പാതി കേള്‍ക്കാത്ത പാതി കവിത നിരോധിച്ച സര്‍വകലാശാലയും അതിനു ഉപദേശിച്ച വിദഗ്ധനും ഏതു മൂഢ സ്വര്‍ഗത്തിലുള്ളവരാണ്?
മാത്രമല്ല, ഒരു കവിതയോ കലാസൃഷ്ടിയോ പഠിക്കുന്നതിനും വായിക്കുന്നതിനും അതെഴുതിയയാളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കണമെന്ന് പറയുന്നത് എത്രമാത്രം വിഡ്ഢിത്തമാണ്! ഫാസിസ്റ്റായ എസ്രാ പൗണ്ടിന്റെയും നാസികള്‍ക്ക് അനുകൂലമായി നിലപാടെടുത്ത ഗുന്തര്‍ഗ്രാസിന്റെയും സാഹിത്യകൃതികള്‍ വായിച്ചില്ലെങ്കില്‍ അതെന്തു പൊള്ളയായ ലോകസാഹിത്യ പഠനമായിരിക്കും? ഹിറ്റ്‌ലറെ പ്രകീര്‍ത്തിക്കുന്ന, ലെനി റീഫണ്‍ സ്റ്റാളിന്റെ ട്രയംഫ് ഓഫ് വില്ലും ഒളിമ്പിയ ഒന്നും രണ്ടുമടക്കമുളള ഡോക്കുമെന്ററികള്‍ കണ്ടിട്ടില്ലാത്തവര്‍ക്ക് സിനിമയുടെ മഹത്തായ കലാപരതയും ചരിത്രവും പരിചയമില്ല എന്നതാണ് വാസ്തവം. ഇവിടെ, ഇബ്‌റാഹിം അല്‍ റുബായിഷ് അമേരിക്ക തടവിലാക്കിയ ഒരാളാണെന്നു മാത്രമേ തെളിഞ്ഞിട്ടുള്ളൂ. ബാക്കിയെല്ലാം പ്രചാരണങ്ങളും ഊഹങ്ങളും മാത്രം. എന്നിട്ടും ആ പ്രസക്തമായ കവിത, ഇന്ത്യയില്‍ അതും കേരളത്തില്‍ നിരോധിക്കപ്പെട്ടിരിക്കുന്നു. എന്തൊരസംബന്ധം!
തടവില്‍ നിന്നുള്ളവരുടെ കവിതകളും കലാസൃഷ്ടികളും പ്രസിദ്ധീകരിക്കുകയും പഠിക്കുകയും ചെയ്യുന്ന രീതി ലോകത്തെമ്പാടും നിലവിലുണ്ട്. തടവുകാരില്‍, കുറ്റം ചെയ്തവരും രാഷ്ട്രീയത്തടവുകാരും നിരപരാധികളും ഉള്‍പ്പെടും. ആരോ ആയിക്കൊള്ളട്ടെ. മനുഷ്യരുടെ വേദനാജനകമായ മുറിവുകളാണ് അവര്‍ ആവിഷ്‌കരിക്കുന്നത്. അത് ദൈവത്തോടുള്ള സംസാരമാണ്; അല്ല, ദൈവം തന്നെയാണ് സംസാരിക്കുന്നത്. പുറത്തുള്ള സ്വതന്ത്ര മനുഷ്യരോടുള്ള സത്യസന്ധമായ സംവാദവുമാണ്. കഴിഞ്ഞ വര്‍ഷവും ഈ പുസ്തകവും കവിതയും തന്നെയാണ് പഠിക്കാനുണ്ടായിരുന്നത്. അത് വായിച്ച് ഏതെങ്കിലും കുട്ടിയോ അധ്യാപകനോ ഭീകരതക്കനുകൂലമായതോ ഭീകരന്‍ തന്നെയായിത്തീര്‍ന്നതോ ആയ ഒരു സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
എവിടേക്കാണ് കേരളം മുന്നേറുന്നത്? വെട്ടുവഴിക്കവിതകളെഴുതി സ്വാതന്ത്ര്യം ഉദ്‌ഘോഷിച്ച മഹാകവികളൊന്നും ഈ നിരോധത്തെക്കുറിച്ച് കമാന്നു മിണ്ടുന്നില്ല. സച്ചിദാനന്ദനും കെ ഇ എന്നും മാത്രമാണ് പരസ്യമായി പ്രതികരിച്ചത്. കോഴിക്കോട് സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറായ ഡോ. എം വി നാരായണന്‍ ഈ പ്രശ്‌നത്തെ മുന്‍നിര്‍ത്തി രാജി കൊടുത്തതായും വാര്‍ത്തയുണ്ട്. അത്രയെങ്കിലത്ര. ഒരു കണക്കിന് നിരോധവും നന്നായി. ഇംഗ്ലീഷറിയുന്നവര്‍, ഈ കവിത ഇംഗ്ലീഷ് ഭാഷയിലും മലയാളം മാത്രമറിയുന്നവര്‍ അതിന്റെ തര്‍ജമയും വായിക്കട്ടെ. ചര്‍ച്ചകള്‍ നടക്കട്ടെ. അങ്ങനെയെങ്കിലും കുറച്ച് നിര്‍ഭയരായ ആളുകള്‍ കേരളത്തിലവശേഷിക്കുന്നുണ്ടെന്ന് കാലം തെളിയിക്കും.
കടപ്പാട്: 1. GUANTANAMO II by K Satchidanandan(kafila.org)
2. ഗ്വാണ്ടനാമോയില്‍ നിന്നൊരു കവിത – കടലിനൊരു ഗീതം – സെബിന്‍ ഏബ്രഹാം ജേക്കബ്(malayal.am/വിനോദം/സാഹിത്യം/22627/ഗ്വാണ്ടനാമോയില്‍ നിന്നൊരു കവിത-കടലിനൊരു ഗീതം)