ജമാഅത്തിന്റെ രജിസ്‌ട്രേഷന്‍ ഹൈക്കോടതി റദ്ദാക്കി

Posted on: August 1, 2013 7:50 pm | Last updated: August 2, 2013 at 12:41 am
SHARE

ban jama

ധാക്ക: ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രജിസ്‌ട്രേഷന്‍ ഹൈക്കോടതി റദ്ദാക്കി. രജിസ്‌ട്രേഷന്‍ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ധാക്ക ഹൈക്കോടതി, ജനുവരിയില്‍ നടക്കേണ്ട പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ജമാഅത്തെ ഇസ്‌ലാമിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ പെരുമാറ്റച്ചട്ടം രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി വിധി. ജമാഅത്തെ ഇസ്‌ലാമി മത സംഘടനയാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്. 2009 ജനുവരിയിലാണ് സൂഫി സംഘടന ജമാഅത്തിനെതിരെ പൊതുതാത്പര്യ ഹരജി നല്‍കിയത്.
നിയമവിരുദ്ധമായാണ് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തിക്കുന്നതെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോസം ഹുസൈന്‍ വിധിയില്‍ പറഞ്ഞു. വന്‍ സുരക്ഷയാണ് ഹൈക്കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നത്. പൊതു തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാനാര്‍ഥികള്‍ക്ക് മത്സരിക്കാനാകില്ലെന്നാണ് വിധി വ്യക്തമാക്കുന്നതെന്ന് ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്‍ ശഹ്ദീന്‍ മാലിക് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ജമാഅത്ത് ഭരണഘടനയില്‍ മാറ്റം വരുത്തിയ ശേഷം രജിസ്‌ട്രേഷനായി വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി അഭിഭാഷകന്‍ അബ്ദുര്‍റസാഖ് പറഞ്ഞു. വിധി വന്നതിനെ തുടര്‍ന്ന് രാജ്യത്ത് പലയിടത്തും അക്രമ സംഭവങ്ങള്‍ അരങ്ങേറി. രാജ്യത്തെ പ്രധാന റോഡുകള്‍ പ്രക്ഷോഭകര്‍ അടച്ചിട്ടു. ചില സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തിട്ടുണ്ട്.
1971ലെ സ്വാതന്ത്ര്യ സമര കാലത്ത് പാക്കിസ്ഥാനൊപ്പം നിന്ന് യുദ്ധക്കുറ്റങ്ങള്‍ നടത്തിയതിന്റെ പേരില്‍ ജമാഅത്ത് നേതാക്കള്‍ വിചാരണ നേരിടുകയാണ്. യുദ്ധക്കുറ്റങ്ങള്‍ ചുമത്തി ജമാഅത്ത് നേതാക്കള്‍ക്ക് വധശിക്ഷയും ജീവപര്യന്തം തടവും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ലഭിച്ചിരുന്നു.