Connect with us

Kerala

ചര്‍ച്ച അലസി; തൃശൂര്‍-പാലക്കാട് റൂട്ടില്‍ ഇന്ന് മുതല്‍ ബസ് സമരം

Published

|

Last Updated

വടക്കഞ്ചേരി: പൂര്‍ണമായും തകര്‍ന്നു കിടക്കുന്ന ദേശീയപാത 47 മണ്ണുത്തി മുതല്‍ വടക്കുഞ്ചേരി വരെയുള്ള പാതയുടെ അറ്റകുറ്റപ്പണി നാളെ ആരംഭിക്കുമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ എം എസ് ജയ അറിയിച്ചു. ആഗസ്റ്റ് 15നുള്ളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും.
പണികള്‍ വിലയിരുത്താന്‍ ആഗസ്റ്റ് എട്ടിന് കലക്റ്ററുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കും. ഇന്നലെ ജില്ലാ കലക്ടര്‍ എം എസ് ജയയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെയും ബസുടമകളുടെയും യോഗത്തിലാണ് ഇവര്‍ തീരുമാനം അറിയിച്ചത്.
അതേസമയം നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് ബസ് സര്‍വ്വീസ് ഇന്നു മുതല്‍ നിര്‍ത്തിവെക്കുമെന്നും പണികള്‍ തുടങ്ങിയാല്‍ മാത്രമെ സമരത്തില്‍ നിന്നും പിന്‍മാറുകയുള്ളൂവെന്നും യോഗത്തിനു ശേഷം ബസുടമകളും അറിയിച്ചു. വാണിയംപാറ മുതല്‍ കുതിരാന്‍ അമ്പലം വരെയുള്ള പാതയുടെ റീട്ടാറിങ് പൂര്‍ത്തിയായിട്ടുണ്ട്. കുതിരാന്‍ മുതല്‍ വഴുക്കുംപാറവരെയുള്ള പാതയുടെ റീട്ടാറിങ് കൊടുങ്ങല്ലൂര്‍ യൂനിറ്റ് ഏറ്റെടുക്കും.
വാളയാര്‍ മുതല്‍ മണ്ണുത്തി വരെയുള്ള അറ്റകുറ്റപ്പണി എന്‍ എച്ച് അഥോറിറ്റി ഏറ്റെടുക്കും. ഇവിടങ്ങളില്‍ കരാറുകാരോട് വേഗത്തില്‍ നിര്‍മാണം തുടങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാതാ നിര്‍മാണം നിലച്ചതോടെ നാട്ടിലേക്ക് മടങ്ങിയിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസിന്റെ സഹായത്തോടെ തിരിച്ചെത്തിച്ച് നാളെ വൈകുന്നേരത്തോടെ പണി തുടങ്ങാനാണ് കലക്ടറുടെ നിര്‍ദേശം.
മണ്ണുത്തി മുതല്‍ വടക്കുഞ്ചേരിവരെയുള്ള പാതയുടെ നിര്‍മാണത്തിനായി നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. അധികമായി തുക വേണ്ടി വന്നാല്‍ അഞ്ചു കോടി കൂടി അനുവദിപ്പിക്കാനുള്ള നടപടികളെടുക്കാമെന്ന് എം എല്‍ എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, എം പി വിന്‍സെന്റെ്, പി കെ ബിജു എം പി എന്നിവര്‍ സമ്മതിച്ചു.
മെറ്റില്‍, ക്വാറി വേസ്റ്റ് ഇട്ട് കുഴികള്‍ നികത്തി ടാര്‍ ഉപയോഗിച്ച് പാച്ചിങ് നടത്തുമെന്ന് എന്‍ എച്ച് എ ഐ ഉദ്യോഗസ്ഥന്‍ രാമനാഥന്‍ അറിയിച്ചു. ഈ ബലപ്പെടുത്തിയ ആറുവരി നിര്‍മാണം ആരംഭിക്കുന്ന അടുത്ത സെപ്റ്റംബര്‍വരെയെങ്കിലും നിലനില്‍ക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പാതയുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചാല്‍ ചരക്കു ഗതാഗതം പാലക്കാട്-ഒറ്റപ്പാലം-ഷൊര്‍ണൂര്‍ വഴി തിരിച്ചുവിടാനുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്ന് ആര്‍ ടി ഒ അശോകന്‍ അറിയിച്ചു. തകര്‍ന്നു കിടക്കുന്ന കുന്നംകുളം-ഗുരുവായൂര്‍, പട്ടിക്കാട്-പീച്ചി റോഡുകളുടെ കാര്യത്തിലും ഉടന്‍ നടപടിയുണ്ടാകും.
അതേസമയം ദേശീയപാത 47ല്‍ റീട്ടാറിങ് വേണമെന്നും ഓട്ടയടക്കല്‍കൊണ്ട് പ്രയോജനമില്ലെന്നും ബസുടമകളും തൊഴിലാളികളും ആവശ്യപ്പെട്ടു. യോഗത്തില്‍ ദേശീയപാതാ അഥോറിറ്റിക്കെതിരെ രൂക്്ഷ വിമര്‍ശന മുയര്‍ന്ന യോഗത്തില്‍ 2005 മുതല്‍ ഈ പാത നരകപാതയാണെന്ന് ബസ് ഉടമസ്ഥ സംഘം ഭാരവാഹിയായ ജോസ് കുഴുപ്പില്‍ പറഞ്ഞു. അന്ന് കേസ് കൊടുത്തതിന്റെ ഫലമായണ് അറ്റകുറ്റപ്പണി നടന്നത്.
2008മുതല്‍ ഇവിടെ ഒരു പണിയും നടന്നിട്ടില്ല. റോഡിനു താങ്ങാനാവുന്നതിലും ഇരട്ടിയാണ് ഇതിലൂടെയുള്ള ചരക്കു ഗതാഗതം. ഒരു മഴപെയ്താല്‍ പാച്ച് വര്‍ക്ക് ഒലിച്ചു പോകുന്നത് എല്ലാവര്‍ഷവും കാണുന്നതാണ്. വാണിയംപാറ മുതല്‍ കുതിരാന്‍ അമ്പലംവരെ റീട്ടാര്‍ ചെയ്തതു പോലെ മണ്ണുത്തിവരെ റീട്ടാര്‍ നടത്തണമെന്ന് ബസ് ഉടമസ്ഥ സംഘവും എംപ്ലോയീസ് യൂണിയനും ആവശ്യപ്പെട്ടു.
99 ബസാണ് കിഴക്കന്‍ മേഖലകളില്‍ സര്‍വീസ് നടത്തുന്നത്. റോഡ് ഇല്ലാതായതോടെ ഇത് 34 ബസായി കുറഞ്ഞു. 1000 തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്തിരുന്നു. ഒരു നഷ്ടപരിഹാരവും ല‘ിക്കാതെ പലരും ജോലി ഉപേക്ഷിച്ചു പോയി. ഈ സാഹചര്യത്തിലാണ് റീട്ടാറിങ് ആവശ്യപ്പെടുന്നതെന്ന് ഇവര്‍ പറഞ്ഞു.