ചെമ്മണാമ്പതി എക്‌സൈസ് ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് താത്കാലിക ഷെഡ്ഡില്‍

Posted on: August 1, 2013 1:16 am | Last updated: August 1, 2013 at 1:16 am

കൊല്ലങ്കോട്: കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ പ്രധാന ചെക്ക്‌പോസ്റ്റുകളിലൊന്ന് പ്രവര്‍ത്തിക്കുന്നത് പുറമ്പോക്ക് ഭൂമിയിലെ താല്‍ക്കാലിക ഷെഡില്‍.
ചെമ്മണാമ്പതി എക്‌സൈസ് ചെക്ക്‌പോസ്റ്റിനാണ് ഈ ദുരവസ്ഥ. കഴിഞ്ഞ വര്‍ഷം ഷെഡില്‍ ചോര്‍ച്ച ശക്തമായപ്പോള്‍ ജീവനക്കാര്‍ പണപ്പിരിവ് നടത്തി ഷീറ്റുകളും ടാര്‍പോളിനും സ്ഥാപിച്ചു. ഇതിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഒരേസമയം അഞ്ച് ജീവനക്കാര്‍ ജോലിചെയ്യുന്ന ചെക്‌പോസ്റ്റാണിത്.
ജോലിയും വിശ്രമവുമെല്ലാം ഒരേ ഷെഡില്‍ തന്നെ. കുടിവെള്ളം പോലും ഇല്ലാത്ത ചെക്‌പോസ്റ്റ് ഷെഡില്‍ സ്ഥിരം സന്ദര്‍ശകരായ വിഷപ്പാമ്പുകള്‍ ഭീഷണിയാണ്. വാഹനങ്ങളിലെ ചരക്ക് പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ഇവിടത്തെ ട്രോളിയും കാടുമൂടിക്കിടക്കുകയാണ്.
പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനം ട്രോളിയില്‍ ഇല്ലാത്തതിനാലാണ് കാടുമൂടി നശിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.—