വേങ്ങരയിലെ കല്ലക്കയം മിനി കുടിവെള്ള പദ്ധതി അവതാളത്തില്‍

Posted on: August 1, 2013 1:05 am | Last updated: August 1, 2013 at 1:05 am

വേങ്ങര:

വാട്ടര്‍ അതോറട്ടറിയും വൈദ്യുതി ബോര്‍ഡും തമ്മിലുള്ള ശീത സമരം കാരണം വേങ്ങര നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി അവതാളത്തിലേക്ക്. വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ജലവിതരണ പദ്ധതി വികസിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ നടക്കുന്നതിനിടയിലാണ് ഇരു വകുപ്പുകളും തമ്മിലുള്ള ശീതസമരം വില്ലനായത്. ഇതോടെ നിലവിലെ മൂവായിരത്തോളം ഗുണഭോക്താക്കളുടെ കുടിവെള്ളം മുട്ടിതുടങ്ങി.
പദ്ധതിക്ക് ആവശ്യമായ ശുദ്ധജലം പമ്പ് ചെയ്യുന്നത് പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂര്‍ കല്ലക്കയത്ത് നിന്നാണ്. ഈ പമ്പ് ഹൗസില്‍ നിലവിലുണ്ടായിരുന്ന 75,100 എച്ച് പി ശേഷിയുള്ള രണ്ട് മോട്ടോറുകള്‍ക്ക് പുറമെ പദ്ധതി കാര്യക്ഷമമാക്കാന്‍ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ ഫണ്ട് ഉപയോഗിച്ച് 150 എച്ച് പി പമ്പിംഗ് ശേഷിയുള്ള ഒരു മോട്ടോര്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്.
നിലവില്‍ പമ്പ് ഹൗസിലേക്ക് കെ എസ് ഇ ബി നല്‍കിയ ട്രാന്‍സ്‌ഫോര്‍മറിന്റെ ശേഷി കുറവ് കാരണം പുതിയ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനോ പഴയവ കാര്യക്ഷമമായി പ്രവര്‍ത്തപ്പിക്കാനോ സാധിക്കുന്നില്ല. ഇതേ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പുതിയ ശേഷി കൂടിയ ട്രാന്‍സ്‌ഫോര്‍മറിനായി കെ എസ് ഇ ബി യെ സമീപിച്ചപ്പോഴാണ് ശീതസമരം അധികൃതരറിയുന്നത്. നിലവില്‍ വിവിധ ജലവിതരണ പദ്ധതികള്‍ക്കായി വാട്ടര്‍ അതോറിറ്റി ഉപയോഗിച്ച വൈദ്യുതിയുടെ ബില്‍ തുകയും മറ്റുമായി അര കോടി രൂപയിലധികം കെ എസ് ഇ ബിക്ക് നല്‍കാനുണ്ട്. ഈ തുക അടച്ച ശേഷം മാത്രം പുതിയവ സ്വീകരിച്ചാല്‍ മതിയെന്നായിരുന്നു കെ എസ് ഇബിയുടെ തീരുമാനം. ഇതേ തുടര്‍ന്ന് പുതിയ ട്രാന്‍സ്‌ഫോര്‍മറിനുള്ള മിനി കുടിവെള്ള പദ്ധതിയുടെ അപേക്ഷ സ്വീകരിക്കാനോ പണം കൈപ്പറ്റാനോ കെ എസ് ഇ ബി കൂട്ടാക്കിയിരുന്നില്ല.
സംഭവം പുലിവാല്‍ പിടിച്ചതോടെ വാട്ടര്‍ അതോറിറ്റി അനിശ്ചിതമായി കുടിവെള്ള വിതരണവും നിര്‍ത്തലാക്കി. ഒരാഴ്ചയിലധികം കുടിവെള്ള വിതരണം മുടങ്ങിയതോടെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സമ്മര്‍ദഫലമായി നിലവിലെ ട്രാന്‍സ്‌ഫോര്‍മര്‍ അറ്റകുറ്റപണി കഴിച്ച് താത്കാലികമായി പ്രവര്‍ത്തനത്തിന് സജ്ജമായിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇന്നലെ പഴയ സംവിധാനത്തില്‍ തന്നെ കുടിവെള്ള വിതരണം തുടങ്ങിയിട്ടുണ്ട്. അതേ സമയം അടക്കാനുള്ള പണത്തെ ചൊല്ലി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും പുതിയ 250 കെ വി എ പ്രസരണ ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മറിന് അഞ്ചു ലക്ഷം രൂപ കെ എസ് ഇ ബി സ്വീകരിച്ചതായും ട്രാന്‍സ്‌ഫോര്‍മര്‍ ഉടന്‍ സ്ഥാപിക്കാനാകുമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. കണ്ണമംഗലം, പറപ്പൂര്‍, ഊരകം, വേങ്ങര ഗ്രാമപഞ്ചായത്തുകള്‍ ആശ്രയിക്കുന്ന ഈ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ വികസന പദ്ധതികളാണ് നടക്കുന്നത്. കൂടാതെ നിലവിലുള്ള പമ്പിംഗ് ലൈന്‍ കാര്യക്ഷമമല്ലാത്തത് കാരണം സമാന്തര പൈപ്പ് ലൈന്‍ വലിച്ചുള്ള രണ്ട് കോടി രൂപയുടെ വികസന പ്രവര്‍ത്തനവും ഉടന്‍ നടക്കും.