നാട്ടിലേക്കു പുറപ്പെട്ടയാള്‍ വിമാനത്തില്‍ വെച്ചു മരിച്ചു

Posted on: July 31, 2013 10:58 pm | Last updated: July 31, 2013 at 10:58 pm

മസ്‌കത്ത്: നാട്ടിലേക്ക് പുറപ്പെട്ട മലയാളി വിമാനത്തില്‍ വെച്ചു മരിച്ചു. തിരുവനന്തപുരം വര്‍ക്കല മുണ്ടെയില്‍ ‘ആതിര’യില്‍ ബി സുഗതന്‍ (57) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10. 50ന് മസ്‌കത്തില്‍നിന്നുള്ള ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ നാട്ടിലേക്കു തിരിച്ചതായിരുന്നു. പുലര്‍ച്ചെ 3.45ന് വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യുന്നതിന് ഇരുപത് മിനിറ്റ് മുമ്പായിരുന്നു മരണം സംഭവിച്ചത്.
ഒപ്പം യാത്ര ചെയ്തിരുന്ന ഭാര്യ ഉഷ, വിമാനം ഇറങ്ങാറായപ്പോള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം ശ്രദ്ധയില്‍പെട്ടത്. ലാന്‍ഡ് ചെയ്ത ഉടന്‍ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു.
ഹൈലില്‍ കേബിള്‍ നെറ്റ്‌വര്‍ക്ക് വ്യാപാരം നടത്തുകയായിരുന്ന സുഗതന്‍ 36 വര്‍ഷമായി ഒമാനില്‍ കഴിഞ്ഞു വരുന്നു. 20 കൊല്ലം വൈദ്യുതി മന്ത്രാലയത്തില്‍ ജീവനക്കാരനായിരുന്നു. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആയുര്‍വേദ ചികിത്സക്കായാണ് നാട്ടിലേക്ക് മടങ്ങിയത്. ഹൈല്‍ എസ് എന്‍ ഡി പി ശാഖ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍ നടക്കും. മക്കള്‍: മനു, അനു. മരുമകന്‍: അനുദാസ്‌