കുവൈത്തില്‍ ശൈഖ് ജാബില്‍ അല്‍ മുബാറക്ക് വീണ്ടും പ്രധാനമന്ത്രി

Posted on: July 31, 2013 8:00 am | Last updated: July 31, 2013 at 9:30 pm

Jabir Almubarakകുവൈത്ത് സിറ്റി: കുവൈത്തില്‍ സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ശൈഖ് ജാബില്‍ അല്‍ മുബാറക്ക് അല്‍ സബാഹിനെ കുവൈത്ത് അമീര്‍ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചു. മുന്‍ പ്രധാനമന്ത്രി ശൈഖ് നാസര്‍, മുന്‍ സ്പീക്കര്‍ ജാസിം എന്നിവരുമായി നടത്തിയ കൂടിയാലോചനക്ക് ശേഷമായിരുന്നു അമീറിന്റെ പ്രഖ്യാപനം.

ഭരണഘടനാപ്രകാരം ഏറ്റവും ചുരുങ്ങിയത് മന്ത്രിസഭയിലെ ഒരംഗമെങ്കിലും തെരെഞ്ഞെടുക്കപ്പെട്ട എം പിമാരില്‍ നിന്നാവണം. ഭരണഘടനയനുസരിച്ച് മന്ത്രിസഭയുണ്ടാക്കാനുള്ള പൂര്‍ണ അധികാരം അമീറില്‍ നിക്ഷിപ്തമാണ്. തെരെഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിന് അതില്‍ ഒരു റോളും ഇല്ല.
എന്നാല്‍ കഴിഞ്ഞ മന്ത്രിസഭയില്‍ ആരോപണ വിധേയരായവരും ഗ്രില്ലിങ് നോട്ടീസ് നല്‍കപ്പെട്ടവരുമായ വ്യക്തികളെ വീണ്ടും മന്ത്രിമാരാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ ഗ്രൂപ്പിലെ എം പിമാര്‍ രംഗത്തിറങ്ങി.

പ്രതിരോധ ധനകാര്യമന്ത്രിമാരായി ശൈഖ് അഹമ്മദ് അല്‍ ഖാലിദ്, മുസ്തഫ അല്‍ ശിമാലി എന്നിവരെ വീണ്ടും നിയമിച്ചാല്‍ അംഗീകരിക്കില്ല എന്ന് എം പിമാരായ ഹുസൈന്‍ അല്‍ മുതൈരി, ഔദ അല്‍ റുവൈഅ എന്നിവര്‍ വ്യക്തമാക്കി.

അതേസമയം വിദേശ തൊഴിലാളികള്‍ക്കെതിരെ കര്‍ശന നിലപാടുകള്‍ എടുക്കുകയും, സമീപകാല സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത തൊഴില്‍ വകുപ്പ് മന്ത്രി ദിക്‌റ അല്‍ റിഷീദി മന്ത്രിസഭയില്‍ തുടരുമെന്ന് വ്യക്തമായി.