മണല്‍തരികളിലെ ശൈഖ് സായിദ് കാഴ്ചക്കാര്‍ക്ക് വിസ്മയമായി

Posted on: July 31, 2013 8:50 pm | Last updated: July 31, 2013 at 8:50 pm

അബുദാബി: യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സ്മരണാര്‍ഥം അബുദാബി നാഷനല്‍ തീയേറ്ററില്‍ എമിറേറ്റ്‌സ് ബിസിനസ് വുമണ്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. ‘സായിദ് ആന്‍ഡ് ദി എമിറേറ്റ്‌സ്’ ല്‍ ചിത്രകാരനായ ഉദയ് റസ്സല്‍പുരം വരച്ച ശൈഖ് സായിദിന്റെ മണല്‍തരികള്‍ കൊണ്ടുള്ള ചിത്രങ്ങള്‍ കാഴ്ചക്കാര്‍ക്ക് വിസ്മയ കാഴ്ചയായി.
യു എ ഇയിലെ ഏഴ് എമിറേറ്റുകളിലെയും മറ്റു വിവിധ രാജ്യങ്ങളിലെയും 35ല്‍ പരം വര്‍ണ മണല്‍ ഉപയോഗിച്ചാണ് ഉദയ്, ശൈഖ് സായിദിന്റെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. അരനൂറ്റാണ്ടോളമായി മണല്‍ ചിത്രകലയിലൂടെ ശ്രദ്ധേയനായ മണല്‍ ചിത്രകല ആചാര്യന്‍ നേമം കെ കൃഷ്ണന്‍ നായരുടെ ശിഷ്യത്വത്തിലൂടെ 18 വര്‍ഷം മുമ്പ് വര്‍ണങ്ങളുടെ വ്യത്യസ്ത ലോകത്ത് നിലയുറപ്പിക്കുകയും കഠിന പരിശ്രമത്തിന്റെ ഫലമായി മണല്‍ ചിത്രകലാ രംഗത്ത് ശ്രദ്ധേയനാവുകയുമായിരുന്നു.
ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖരായ വ്യക്തികളുടെ മണല്‍ ചിത്രങ്ങള്‍ രൂപപ്പെടുത്തി അവര്‍ക്ക് സമ്മാനിക്കുകയും ഇന്ത്യയിലും ഗള്‍ഫ് നാടുകളിലുമായി നിരവധി ശ്രദ്ധേയമായ മണല്‍ ചിത്ര പ്രദര്‍ശനങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് ഉദയ്.
എട്ടുവര്‍ഷമായി യു എ ഇയുടെ മണല്‍ ചിത്രകാരനായി മാറിയ ഉദയ് റസ്സല്‍പുരം മുഴുവന്‍ സമയവും മണല്‍ ചിത്രരചനക്കും അവയുടെ പ്രചാരത്തിനും വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്.