Connect with us

Gulf

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ദുബൈയില്‍ 5,300 കോടിയുടെ നിക്ഷേപം

Published

|

Last Updated

ദുബൈ: നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് പുതിയ റെക്കാര്‍ഡുകളുമായി കുതിക്കുന്ന ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വന്‍ വളര്‍ച്ച. 2013ന്റെ ആദ്യ ആറു മാസങ്ങളില്‍ മാത്രം റിയല്‍ എസ്റ്റേറ്റ് രംഗത്ത് 5,300 കോടി ദിര്‍ഹത്തിന്റെ നിക്ഷേപം നടന്നതായി ദുബൈ ലാന്റ് ഡിപാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷമായി മാന്ദ്യത്തില്‍ നിന്നും കരകയറിവരികയായിരുന്നു ദുബൈയിലെ റിയല്‍ എസ്‌റ്റേറ്റ് മേഖല. ഈ വര്‍ഷത്തിന്റെ തുടക്കത്തോടെ പൂര്‍ണമായും മാന്ദ്യം വിട്ടുണര്‍ന്ന ദബൈയില്‍ സ്വദേശികള്‍ക്കൊപ്പം ജി സി സി രാജ്യങ്ങളില്‍ നിന്നും ഒപ്പം ഇന്ത്യ, പാക്കിസ്ഥാന്‍, ബ്രിട്ടണ്‍, ഈജിപ്ത്, ലബനോണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് വന്‍തോതില്‍ നിക്ഷേപം ഒഴുകി എത്തിയിരിക്കുന്നത്.
ഗള്‍ഫ് മേഖലയില്‍ നിന്നും എമിറേറ്റില്‍ നിക്ഷേപം നടത്തയവരില്‍ സ്വദേശികളാണ് മുന്‍പന്തിയില്‍. മൊത്തം നിക്ഷേപത്തിന്റെ 12 ശതമാനവും സ്വദേശികളുടേതാണ്. 111 ശതമാനം വര്‍ധനവാണ് അറബ് നിക്ഷേപകരില്‍ ഉണ്ടായിരിക്കുന്നത്. 3,200 കോടി ദിര്‍ഹമാണ് വിദേശികള്‍ എമിറേറ്റില്‍ നിക്ഷേപിച്ചിരിക്കുന്നത്. അതായത് നിക്ഷേപ വര്‍ധനവ് 73 ശതമാനം. ലാന്റ് ഡിപാര്‍ട്ട്‌മെന്റ് പുറത്തുവിട്ട അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ കമ്പോളത്തെക്കുറിച്ചുള്ള കൃത്യമായ വിവരമാണ് സ്വദേശികളെ ഈ രംഗത്ത് പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇതോടൊപ്പം നിക്ഷേപത്തിനുള്ള പുതിയ മാര്‍ഗങ്ങളും സ്വദേശികളെ ആകര്‍ഷിക്കുന്നു. 2,765 സ്വദേശികളില്‍ നിന്നായി 1,200 കോടി ദിര്‍ഹം നിക്ഷേപം ദുബൈ റിയല്‍ എസ്റ്റേറ്റ് രംഗത്ത് എത്തി. സഊദി അറേബ്യന്‍ പൗരന്മാരാണ് നിക്ഷേപകരില്‍ രണ്ടാമത്. 605 നിക്ഷേപകര്‍ 200 കോടി ദിര്‍ഹമാണ് നിക്ഷേപിച്ചിരിക്കുന്നത്. 360 നിക്ഷേപകരില്‍ നിന്നായി 36 കോടിയുമായി ഖത്തര്‍ മൂന്നാം സ്ഥാനത്തുണ്ട്. ഒമാന്‍, ബഹ്‌റൈന്‍ സ്വദേശികളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തിയവര്‍.
അറബ് മേഖലക്ക് പുറത്തു നിന്നുള്ളവരില്‍ ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്ത്. 499 പേരാണ് നിക്ഷേപം നടത്തിയത്. 800 കോടി ദിര്‍ഹം വരും ഇന്ത്യക്കാരുടെ നിക്ഷേപം. 3,285 നിക്ഷേപകരും 300 കോടിയുമായി പാക്കിസ്ഥാന്‍കാരാണ് രണ്ടാമത്. 2,389 നിക്ഷേപകരുമായി ബ്രിട്ടനാണ് മൂന്നാമത്.
അറബ് മേഖലയില്‍ നിന്നും ദുബൈയിലേക്കുള്ള നിക്ഷേപത്തില്‍ ഏറ്റവും അധികം ഒഴുക്ക് ഈയിടെ പ്രകടമാക്കുന്ന രാജ്യം ജോര്‍ദാനാണ്. 598 പേരുടെ നിക്ഷേപം 100 കോടി ദിര്‍ഹം വരും. രണ്ടാം സ്ഥാനത്ത് ലബനോണാണ്. 437 നിക്ഷേപകര്‍ 88.4 കോടിയാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ഈജിപ്ത് 388 നിക്ഷേപകരില്‍ നിന്നായി 75.3 കോടിയും എമിറേറ്റില്‍ മുതല്‍ മുടക്കിയിട്ടുണ്ട്.
ദുബൈയുടെ റിയല്‍ എസ്‌റ്റേറ്റ് മേഖല സുസ്ഥിരമാണെന്നാണ് നിക്ഷേപത്തില്‍ സംഭവിക്കുന്ന വര്‍ധനവ് കാണിക്കുന്നതെന്ന് ദുബൈ ലാന്റ് ഡിപാര്‍ട്ടമെന്റ് ഡയറക്ടര്‍ സുല്‍ത്താന്‍ ബുട്ടി ബിന്‍ മെജ്‌റന്‍ വ്യക്തമാക്കി. നിക്ഷേപിക്കാനുളള വൈവിധ്യമായ മേഖലകള്‍ ഇവിടെയുള്ളതും മികച്ച വരുമാനവുമാണ് ആളുകളെ നിക്ഷേപ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത്. ഇത് തദ്ദേശീയരെയും വിദേശീയരെയും ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം ഇറക്കാന്‍ പ്രേരിപ്പിക്കുകയാണ്.
ദുബൈയില്‍ ഇപ്പോള്‍ മാന്ദ്യത്തിന്റെ ലാഞ്ചനപോലുമില്ലെന്നാണ് നിക്ഷേപത്തിലെ ഉയര്‍ച്ച കാണിക്കുന്നത്. കമ്പോളം വളര്‍ച്ചയുടെ പാതയിലാണ്. സര്‍ക്കാരിന്റെ ക്രിയാത്മകവും നിക്ഷേപ സൗഹൃദവുമായ നയങ്ങളാണ് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. ഈ ഒരൊറ്റ ഘടകമാണ് രാജ്യന്തര തലത്തില്‍ നിക്ഷേപകരെ ദുബൈയിലേക്ക് ആകര്‍ഷിക്കുന്നത്. നിക്ഷേപകരെ ആകര്‍ഷിക്കുന്ന സര്‍ക്കാര്‍ നയം തുടരുമെന്നും ഡയറക്ടര്‍ വ്യക്തമാക്കി. എമിറേറ്റില്‍ നിക്ഷേപിക്കുന്നത് സുരക്ഷിതവും മികച്ച ലാഭം ലഭിക്കുന്നതുമാണെന്ന ധാരണയും നിക്ഷേപം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.