മലയാളം സംരക്ഷിക്കാന്‍ പുതുതലമുറയില്‍ ഭാഷാ സ്‌നേഹം വളര്‍ത്തണം: കലക്ടര്‍

Posted on: July 31, 2013 2:22 am | Last updated: July 31, 2013 at 2:22 am

കണ്ണൂര്‍: മലയാള ഭാഷ സംരക്ഷിക്കപ്പെടണമെങ്കില്‍ പുതിയ തലമുറയില്‍ ഭാഷാ സ്‌നേഹവും ഭാഷാ പഠന സന്നദ്ധതയും വളര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇതിനുവേണ്ട മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളം ഗ്രന്ഥങ്ങളുടെ ഇ-പബ്ലിഷിംഗിന് കൂട്ടായ ശ്രമം ഉണ്ടാവണം. ആഗോളവല്‍ക്കരണത്തിന്റെയും വിവര സാങ്കേതിക വിദ്യയുടെയും കാലത്ത് യുവതലമുറയ്ക്കും കേരളത്തിന് പുറത്ത് വിദൂര സ്ഥലങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ക്കും മലയാള ഗ്രന്ഥങ്ങള്‍ പ്രാപ്യമാകാന്‍ ഇ-പബ്ലിഷിംഗ് സഹായകമാകുമെന്നും കലക്ടര്‍ പറഞ്ഞു.
വിവര്‍ത്തനത്തിന്റെ ഗീതാഞ്ജലി ഭാഷ്യം എന്ന വിഷയത്തില്‍ ഡോ.എന്‍ കെ ശശീന്ദ്രനും പ്രഭാഷണം നടത്തി. എ ഡി എം ഒ മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് ശശിധരന്‍ നന്ദിയും പറഞ്ഞു.