ചോക്കാട് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

Posted on: July 31, 2013 2:01 am | Last updated: July 31, 2013 at 2:01 am

കൊളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഉച്ചക്ക് ശേഷം വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും.
യു ഡി എഫ് ധാരണ പ്രകാരം രണ്ടര വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് പ്രസിഡന്റ് പദവി കൈമാറുന്നതിന് വേണ്ടി മുസ്‌ലിം ലീഗിലെ കെ അബ്ദുല്‍ഹമീദ് സ്ഥാനം രാജിവെച്ചതോടെയാണ് ചോക്കാട്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനും ഒറവംകുന്ന് വാര്‍ഡില്‍ നിന്നുമുള്ള അംഗവുമായ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണനെയാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തിരിക്കുന്നത്.
നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റു ചില പേരുകള്‍ കൂടി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ്കുഞ്ഞി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ കെ മുഹമ്മദലി തുടങ്ങിയവര്‍ തിങ്കളാഴ്ച ചോക്കാട്ടെത്തി മണ്ഡലം പ്രസിഡന്റ് മധുജോസഫിന്റെ സാനിധ്യത്തില്‍ പ്രധാന പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിരുന്നു. ഇതോടെയാണ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായത്.
അതേ സമയം, ഘടകകക്ഷിയായ പഞ്ചായത്ത് പസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നിശ്ചയിച്ച ആളെകുറിച്ച് മുസ്‌ലിംലീഗ് നേരത്തേ തന്നെ എതിര്‍പ്പുയര്‍ത്തിയിരുന്നു. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. ഭരണ സമിതിയില്‍ ലീഗിനും കോണ്‍ഗ്രസിനും എട്ട് അംഗങ്ങള്‍ വീതമാണുള്ളത്.
ലീഗില്‍ നിന്നും അനുകൂല നിലപാടാണ് പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മധുജോസഫ് പറഞ്ഞു.പ്രതിപക്ഷത്തെ സി പി എം തങ്ങളുടെ തീരുമാനം ഇന്ന് രാവിലെ പ്രഖ്യാപിക്കുമെന്നാണ് ലോക്കല്‍ സെക്രട്ടറി സുരേഷ് പറ്ഞ്ഞു. പാര്‍ട്ടിക്ക് പഞ്ചായത്തില്‍ രണ്ട് അംഗങ്ങളാണുള്ളത്.