Connect with us

Malappuram

കുട്ടികളുടെ പേരില്‍ ഇന്‍ഷ്വറന്‍സ് എടുക്കാതിരുന്നത് തുക ലഭിക്കാന്‍ വൈകുമെന്നതിനാല്‍

Published

|

Last Updated

അരീക്കോട്: ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടര്‍ പായിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ഷരീഫ് കുട്ടികളുടെ പേരില്‍ ഇന്‍ഷ്വറന്‍സ് പോളിസിയെടുക്കാതിരുന്നതിനു കാരണം ഇന്‍ഷ്വറന്‍സ് തുക ലഭിക്കാന്‍ വൈകുമെന്നതിനാലാണെണ് പൊലീസ്.
കൊല നടത്തുന്നതിന് മുമ്പായി ഭാര്യയുടെ പേരില്‍ പത്തുലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പോളിസിയെടുക്കുകയും കുട്ടികളുടെ പേരില്‍ ഇന്‍ഷ്വറന്‍സ് പോളിസിയെടുക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റിസ്‌ക് കവറേജ് ആരംഭിക്കാന്‍ രണ്ട് വര്‍ഷം പ്രീമിയം അടക്കുകയോ കുട്ടികള്‍ക്ക് ഏഴ് വയസാവുകയോ വേണമെന്നതിനാലാണ് കുട്ടികളുടെ പേരില്‍ ഇന്‍ഷ്വറന്‍സ് എടുക്കുന്നതില്‍ നിന്ന് പിന്തിരിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തുവെന്ന പൊലീസ് നിഗമനത്തെ ശക്തിപ്പെടുത്തുന്ന തെളിവുകളാണ് ഇതിലൂടെ പുറത്തു വന്നത്. ഒരു കുട്ടിയുടെ പേരില്‍ പത്തു ലക്ഷവും മറ്റേ കുട്ടിയുടെ പേരില്‍ ഇരുപത് ലക്ഷത്തിന്റെയും പോളിസിയെടുക്കാനായിരുന്നു ഷരീഫ് പ്രാഥമിക നടപടികള്‍ ആരംഭിച്ചിരുന്നത്. ഇതിന്റെ രേഖകള്‍ നേരത്തെ ഷരീഫിന്റെ കാറില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇന്നലെ കോഴിക്കോട് എല്‍ ഐ സി ഡിവിഷണല്‍ ഓഫീസില്‍ പ്രതിയേയും കൂട്ടി പൊലീസ് തെളിവെടുത്തു.
കഴിഞ്ഞ മെയ് 28 നാണ് ഭാര്യ സാബിറയുടെ പേരില്‍ പത്തു ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസി എടുത്തത്. നാലു ദിവസം മുമ്പ് പോളിസി രേഖകള്‍ ഇന്‍ഷൂറന്‍സ് ഓഫീസില്‍ നേരിട്ടെത്തി കൈപ്പറ്റുകയും ചെയ്ത ശേഷമാണ് കൊല നടത്തിയത്. അപകടമരണമാണെന്ന് വരുത്തിതീര്‍ത്ത് വന്‍തുക സമ്പാദിക്കുകയായിരുന്നു ലക്ഷ്യം.
ഭാര്യയുടെ ആഭരണങ്ങള്‍ പണയപ്പെടുത്തിയ അരീക്കോട് ഫെഡറല്‍ ബേങ്കിലും പൊലീസ് തളിവെടുപ്പ് നടത്തി. ഇവിടെ ഒമ്പത് തവണ സ്വര്‍ണം പണയം വച്ചതായി കണ്ടെത്തി. സംഭവ ദിവസം തുണികള്‍ വാങ്ങിയ കോഴിക്കോടുള്ള ആര്‍ പി മാളിലും തെളിവെടുപ്പ് നടത്തി. ഷോപ്പിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. വാങ്ങിയ വസ്ത്രങ്ങളും പ്രതിയെയും ജീവനക്കാര്‍ തിരിച്ചറിഞ്ഞു. മഞ്ചേരി സി ഐ. വി എ കൃഷ്ണദാസാണ് കേസ് അന്വേഷിക്കുന്നത്. ഗ്രേഡ് എസ് ഐമാരായ ഗംഗാധരന്‍, വിജയന്‍, ഡ്രൈവര്‍ റഷീദ്, സുഭാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ തെളിവെടുപ്പുകള്‍ക്കായി കൊണ്ടുപോയത്. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. കഴിഞ്ഞ 22 ന് ആലുക്കല്‍ വെള്ളക്കെട്ടിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി ഭാര്യയേയും രണ്ട് കുട്ടികളേയും കൊലപ്പെടുത്തിയെന്നാണ് കേസ്.

Latest