ബി സി സി ഐ പാനല്‍ നിയമവിരുദ്ധമെന്ന് കോടതി

Posted on: July 31, 2013 1:02 am | Last updated: July 31, 2013 at 1:02 am

മുംബൈ: ഐ പി എല്‍ വാതുവെപ്പ് കേസില്‍ ടീം ഉടമകളുടെ പങ്ക് അന്വേഷിക്കാന്‍ ബി സി സി ഐ നിയമിച്ച രണ്ടംഗ ജുഡീഷ്യല്‍ പാനല്‍ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമെന്ന് ബോംബെ ഹൈക്കോടതി. പാനല്‍ രൂപവത്കരിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബി സി സി ഐയോട് കോടതി നിര്‍ദേശിച്ചു.
പാനലിനെതിരെ ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് എസ് ജെ വസീഫ്ദാറും എം എസ് സോണക്കും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഐ പി എല്‍ വാതുവെപ്പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും മുന്‍ ടീം സി ഇ ഒയായ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍സിനും ടീം ഉടമ രാജ് കുന്ദ്രക്കും പാനല്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇവര്‍ക്ക് ഒത്തുകളിയില്‍ പങ്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മദ്രാസ് ഹൈക്കൊടതിയിലെ മുന്‍ ജഡ്ജിമാരായ ടി ജയറാം ചൗത്ത, ആര്‍ ബാലസുബ്രഹ്മണ്യം എന്നിവരാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതേ തുടര്‍ന്ന് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഹരജി നല്‍കുകയായിരുന്നു.