Connect with us

International

ജാബിര്‍ അല്‍ മുബാറക്ക് വീണ്ടും കുവൈത്ത് പ്രധാനമന്ത്രിയാകും

Published

|

Last Updated

കുവൈത്ത് സിറ്റി: ശൈഖ് ജാബിര്‍ അല്‍ മുബാറക്ക് അല്‍ സബാഹിനെ വീണ്ടും കുവൈത്ത് പ്രധാനമന്ത്രിയാക്കി പുതിയ സര്‍ക്കാറുണ്ടാക്കാന്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് നിര്‍ദേശം നല്‍കി. അല്‍ സബാഹ് കുടുംബത്തില്‍ നിന്നുള്ള മുതര്‍ന്ന അംഗമായ ശൈഖ് ജാബിര്‍ എട്ട് മാസത്തെ തന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം അമീര്‍ വീണ്ടും പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. ആറിന് മുമ്പായി പുതിയ കാബിനറ്റിന് രൂപം നല്‍കാനാണ് നിര്‍ദേശം. മുന്‍ പ്രാധനമന്ത്രി ശൈഖ് നാസിര്‍, മുന്‍ സ്പീക്കര്‍, പ്രതിപക്ഷ കക്ഷി നേതാക്കള്‍ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് അമീര്‍, ശൈഖ് ജാബിറിനെ വീണ്ടും നിയമിച്ചത്.
ഭരണ ഘടനയനുസരിച്ച് മന്ത്രി സഭയുണ്ടാക്കാനുള്ള പൂര്‍ണ അധികാരം അമീറിനാണ്. ചുരുങ്ങിയത് മന്ത്രിസഭയില്‍ ഒരംഗമെങ്കിലും തിരഞ്ഞെടുക്കപ്പെട്ട എം പിമാരില്‍ നിന്നാവണം. എന്നാല്‍ എം പിമാരില്‍ നിന്നുള്ള അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ മന്ത്രിസഭയിലെ ആരോപണ വിധേയരായ വ്യക്തികളെ വീണ്ടും മന്ത്രിമാരാക്കാനുള്ള നീക്കത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുന്നുണ്ട്.
അമ്പതംഗ പാര്‍ലിമെന്റ് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ ജയിക്കാനേ ശിയാ വിഭാഗത്തിനായുള്ളൂവെന്ന് ജുഡീഷ്യല്‍ അധികൃതര്‍ പുറത്തുവിട്ട അന്തിമ ഫലപ്രഖ്യാപനമുണ്ടായിരുന്നു. ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ശിയാ വിഭാഗം 17 സീറ്റുകളില്‍ വിജയിച്ചിരുന്നുവെങ്കിലും കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. കുവൈത്ത് ജനതയില്‍ 30 ശതമാനം പേര്‍ ശിയാ വിഭാഗത്തില്‍പ്പെട്ടവരാണ്. ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 40 ശതമാനമായിരുന്നു വോട്ടിംഗ് എങ്കില്‍ ഇത്തവണ അത് 52.5 ആയി ഉയര്‍ന്നിരുന്നു.

Latest