ടിപി വധം: ഭരണ നേതൃത്വവുമായി ആലോചിച്ചാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് പ്രതിഭാഗം

Posted on: July 31, 2013 12:49 am | Last updated: July 31, 2013 at 12:49 am

കോഴിക്കോട്:

കോണ്‍ഗ്രസ്, ആര്‍ എം പി, ആര്‍ എസ് എസ് നേതൃത്വവുമായി ആലോചിച്ചാണ് ടി പി വധക്കേസില്‍ അന്വേഷണസംഘം സാക്ഷികളെയും പ്രതികളെയും നിശ്ചയിച്ചതെന്ന് പ്രതിഭാഗം. ഭരണനേതൃത്വവും മേലധികാരികളും അന്വേഷണസംഘവും കൂടിയാലോചിച്ച് ഉണ്ടാക്കിയ ധാരണ പ്രകാരമാണ് മഹസറുകളും കുറ്റപത്രവും തയ്യാറാക്കിയത്. കൃത്രിമമായി തെളിവുണ്ടാക്കാന്‍ ശ്രമിച്ചതിനാലാണ് പ്രോപ്പര്‍ട്ടി ലിസ്റ്റ് പ്രകാരം കസ്റ്റഡിയിലെടുത്ത വസ്തുക്കള്‍ കോടതിയില്‍ ഹാജരാക്കാന്‍ വൈകിയതെന്നും ഡി വൈ എസ് പി കെ വി സന്തോഷിന്റെ എതിര്‍ വിസ്താരത്തിനിടെ പ്രതിഭാഗം ചൂണ്ടിക്കാട്ടി.
എന്നാല്‍ പ്രതിഭാഗത്തിന്റെ ഈ വാദങ്ങളെല്ലാം എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ നടന്ന വിസ്താരത്തില്‍ ഡി വൈ എസ് പി സന്തോഷ് നിഷേധിച്ചു. ഇയാളുടെ വിചാരണ ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയായി. തുടര്‍ന്ന് അന്വേഷണ സംഘത്തിലെ വടകര ഡി വൈ എസ് പി ജോസി ചെറിയാന്റെ എതിര്‍ വിസ്താരം ആരംഭിച്ചു. പത്രങ്ങളിലും ടി വിയിലും വന്ന ഫോട്ടോകളും പോലീസിന്റെ ക്യാമറയില്‍ സൂക്ഷിച്ച ഫോട്ടോകളും കാണിച്ചതിനും കസ്റ്റഡിയിലുള്ള പ്രതികളെ നേരില്‍ കാണിച്ചുകൊടുത്തതിനും ശേഷമാണ് സാക്ഷികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയെതന്ന് സന്തോഷിന്റെ വിസ്താരത്തിനിടെ പ്രതിഭാഗം വാദിച്ചു.
പ്രോപ്പര്‍ട്ടി ലിസ്റ്റ് പ്രകാരം കസ്റ്റഡിയിലെടുത്ത വസ്തുക്കള്‍ കോടതിയില്‍ ഹാജരാക്കാന്‍ മനപ്പൂര്‍വം കാലതാമസം വരുത്തിയിട്ടില്ല. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നുമായി പ്രതികളെയും വസ്തുക്കളെയും കസ്റ്റഡിയിലെടുത്തതിനാലും വളരെയേറെ പ്രതികള്‍ കേസിലുള്‍പ്പെട്ടതുകൊണ്ടുമാണ് പ്രോപ്പര്‍ട്ടി ലിസ്റ്റ് പ്രകാരമുള്ള വസ്തുക്കള്‍ ഹാജരാക്കാന്‍ കാലതാമസം നേരിട്ടതെന്ന് അഡീഷനല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ. പി കുമാരന്‍കുട്ടിയുടെ റീ പ്രോസിക്യൂഷന്‍ വിസ്താരത്തിനിടെ അദ്ദേഹം പറഞ്ഞു. ടി പി കൊല്ലപ്പെട്ട രാത്രി രണ്ട് തവണ വള്ളിക്കാട്ട് പോയി വടകര ഡി വൈ എസ് പി ജോസി ചെറിയാന്‍ പരിശോധന നടത്തിയെന്നത് കളവാണെന്ന് അദ്ദേഹത്തെ വിസ്തരിക്കുന്നതിനിടെ പ്രതിഭാഗം വാദിച്ചു.
ടി പിയെ ഇടിച്ചെന്ന് പറയുന്ന കാറിന്റെ പെയ്ന്റ് പാളി കണ്ടെടുത്തില്ലെന്നും പെയ്ന്റ്പാളി മഴയിലോ കാറ്റിലോ പെട്ട് നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും പ്രതിഭാഗം പറഞ്ഞു. എന്നാല്‍ ഇത് നിഷേധിച്ച ജോസി ചെറിയാന്‍ ‘അന്നേദിവസം മഴയുണ്ടായിരുന്നില്ലെന്നും പെയ്ന്റ് പാളി പറന്നുപോകാത്ത വിധം കട്ടിയുള്ളതായിരുന്നെന്നും’ മൊഴി നല്‍കി. ടി പി വധം സംബന്ധിച്ച് വടകര പൊലീസ് സ്റ്റേഷനില്‍ ആദ്യം ലഭിച്ച വിവരവും കോടതിയില്‍ ഹാജരാക്കിയ എഫ് ഐ ആറിലെ വിവരങ്ങളും വിഭിന്നമാണെന്ന പ്രതിഭാഗം വാദം ശരിയല്ലെന്നും ഡി വൈ എസ് പി മൊഴി നല്‍കി.
പ്രതിഭാഗത്തിനായി അഡ്വ. കെ വിശ്വന്‍, അഡ്വ. എം അശോകന്‍ എന്നിവരാണ് സാക്ഷികളെ വിസ്തരിച്ചത്.