Connect with us

Kasargod

ആശങ്കകള്‍ അകന്നു; ടാങ്കറുകള്‍ ശൂന്യമെന്ന് ഇ മെയില്‍ സന്ദേശം

Published

|

Last Updated

കാസര്‍കോട്: കപ്പല്‍ തകര്‍ന്ന് കാസര്‍കോട് തീരത്ത് കരക്കടിഞ്ഞ ടാങ്കറുകള്‍ ശൂന്യമാണെന്ന് കപ്പലുടമകള്‍ ജില്ലാ കലക്ടര്‍ക്ക് വിവരം നല്‍കി. ടാങ്കര്‍ ശൂന്യമാണെന്ന് ചൂണ്ടിക്കാട്ടി കപ്പല്‍ കമ്പനിയും ഇന്‍ഷ്വറന്‍സ് കമ്പനിയും നല്‍കിയ രേഖകള്‍ കലക്ടര്‍ക്ക് ലഭിച്ചു.

ജപ്പാനിലെ ഷിമുസുവില്‍ നിന്നും ലോഡ് ചെയ്ത എം ഒ എല്‍ കംഫര്‍ട്ട് എന്ന കപ്പല്‍ നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമിലേക്ക് പോകുന്ന വഴിയാണ് കടലില്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന ആറ് ടാങ്കറുകളാണ് കാസര്‍കോട് തീരത്തടിഞ്ഞത്. പുറംകടലില്‍ നിന്ന് കാസര്‍കോട് തീരങ്ങളിലൊഴുകിയെത്തിയ ടാങ്കറുകളില്‍ അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ശീതീകരണ വാതകമാണെന്ന് നിരീക്ഷകരായി എത്തിയവര്‍ അഭിപ്രായപ്പെട്ടിരുന്നു. കപ്പലുകളില്‍ എ സി, റെഫ്രിജറേറ്റര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന മോണോ ക്ലോറോ ഡൈ ഫഌറോ മീഥേന്‍ അഥവ ഫ്രിയോണ്‍ 22 എന്ന വാതകമാണെന്നാണ് ഇവര്‍ പറഞ്ഞത്. ഫ്രിയോണ്‍ വാതകം എത്രത്തോളം ടാങ്കറുകളിലുണ്ടെന്നതും ചോര്‍ച്ചക്കുള്ള സാധ്യതയും പറയാനാകില്ലെന്ന് രാസപരിശോധകന്‍ സച്ചിദാനന്ദന്‍ വ്യക്തമാക്കിയിരുന്നു.
ടാങ്കറുകള്‍ നീക്കം ചെയ്യാന്‍ ഒരു മാസത്തെ സമയം വേണമെന്ന് കപ്പല്‍ ഏജന്‍സി പ്രതിനിധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പത്ത് ദിവസത്തിനകം ടാങ്കറുകള്‍ നീക്കം ചെയ്യണമെന്ന് ബന്ധപ്പെട്ടവരോട് കലക്ടര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ടാങ്കറുകള്‍ കടല്‍ മാര്‍ഗം മംഗലാപുരം തുറമുഖത്തെത്തിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ സഹായവും ജില്ലാ ഭരണകൂടം തേടിയ സാഹചര്യത്തിലാണ് ടാങ്കറുകള്‍ ശൂന്യമാണെന്നറിയിക്കുന്ന കപ്പല്‍ കമ്പനിയുടെയും ഇന്‍ഷ്വറന്‍സ് കമ്പനിയുടെയും ഇ മെയില്‍ സന്ദേശം ഇന്നലെ ജില്ലാ കലക്ടര്‍ക്ക് ലഭിച്ചത്.

Latest