കാലിക്കറ്റില്‍ യു ജി, പി ജി കോഴ്‌സ് പ്രവേശത്തിന് ഏകജാലകം ഏര്‍പ്പെടുത്തും

Posted on: July 31, 2013 12:46 am | Last updated: July 31, 2013 at 12:46 am

തേഞ്ഞിപ്പലം: അടുത്ത വര്‍ഷം മുതല്‍ യുജി, പിജി കോഴ്‌സുകളുടെ പ്രവേശനത്തിന് ഏകജാലകം ഏര്‍പ്പെടുത്തും. ഡോ.അനില്‍ വള്ളത്തോളാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. കോപ്പിയടി ഉള്‍പ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളില്‍ ഉള്‍പ്പെട്ട അധ്യാപകര്‍,വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ഗൗരവതരമായ നടപടിയെടുക്കണമെന്ന പ്രമേയവും യോഗം അംഗീകരിച്ചു.

തൃശൂര്‍ സെന്റ് തോമസ് കോളജിലെ വിഷ്വല്‍ മീഡിയ സ്റ്റഡീസ് പി ജി ഡിപ്ലോമ കോഴ്‌സ് സ്വാശ്രയ കോഴ്‌സായി ഈ വര്‍ഷം മുതല്‍ തുടരണമെന്ന നിര്‍ദ്ദേശം അക്കാദമിക് കൗണ്‍സില്‍ തള്ളി. കോഴ്‌സിന് യു ജി സി സഹായം നിര്‍ത്തിയ സാഹചര്യത്തിലായിരുന്നു ഇത്തരമൊരു നിര്‍ദേശമുണ്ടായത്.
കുറ്റിപ്പുറം എം ഇ എസ് എന്‍ജിനീയറിംഗ് കോളജിലെ ഒമ്പതാം സെമസ്റ്റര്‍ ബി ആര്‍ക് വിദ്യാര്‍ഥിക്ക് മൂന്നാം തവണയും ഹാജര്‍ ഇളവ് അനുവദിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചു. കേവലം ആറ് സെമസ്റ്ററുകള്‍ മാത്രമുള്ള കോഴ്‌സുകള്‍ക്കും രണ്ട് തവണ ഹാജര്‍ ഇളവ് നല്‍കുന്ന സ്ഥിതിക്ക് പത്ത് സെമസ്റ്ററുകളുള്ള ബിആര്‍ക് കോഴ്‌സിന് കാലദൈര്‍ഘ്യം കണക്കിലെടുത്ത് കൂടുതല്‍ തവണ ഇളവ് അനുവദിക്കാവുന്നതാണെന്ന് യോഗം വിലയിരുത്തി.
ബിരുദ കോഴ്‌സുകളുടെ ചോയിസ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സിസ്റ്റം (സി സി എസ് എസ്) സംബന്ധിച്ച ചട്ടങ്ങള്‍ വോട്ടെടുപ്പോടെ പാസാക്കി. സിന്‍ഡിക്കേറ്റംഗം പ്രൊഫ. കെ എസിറാജാണ് ഇക്കാര്യം അവതരിപ്പിച്ചത്. കായിക താരം സണ്‍ജിത്തിന് ഇന്റേണല്‍ അസസ്‌മെന്റിനായി പുനഃപരീക്ഷ നടത്തണമെന്ന നിര്‍ദേശം അംഗീകരിച്ചു.
ജേര്‍ണലിസം പേപ്പര്‍ ഉള്‍പ്പെട്ട എം എ മലയാളം കോഴ്‌സിലെ റിപ്പോര്‍ട്ടിംഗ് ഫോര്‍ മീഡിയ, എഡിറ്റിംഗ് ഫോര്‍ മീഡിയ എന്നീ പേപ്പറുകളുടെ സിലബസ് സോപാധികമായി അംഗീകരിച്ചു.
ഒന്നാം വര്‍ഷ ബി പി എഡ് വിദ്യാര്‍ഥികള്‍ക്ക് മേഴ്‌സി ചാന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച് ഡോ.കെ.ശിവരാജന്‍ സമര്‍പ്പിച്ച നിര്‍ദേശം അംഗീകരിച്ചു.