കേസന്വേഷണം ഒത്തുകളിയോ?

Posted on: July 31, 2013 6:00 am | Last updated: July 31, 2013 at 12:26 am

SIRAJ.......ഐ പി എല്‍ ഒത്തുകളി സംബന്ധിച്ച് ബി സി സി ഐ നിയോഗിച്ച രണ്ടംഗ സമിതിയുടെ അന്വേഷണം മറ്റൊരു ഒത്തുകളിയായിരുന്നോ? സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടും അതു സംബന്ധിച്ച കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിലപാടും ബോംബെ ഹൈക്കോടതി വിധിയുമെല്ലാം ചേര്‍ത്തു വായിക്കുമ്പോഴാണ് ഇങ്ങനെയൊരു സന്ദേഹം ഉയരുന്നത്. ഒത്തുകളിയില്‍ ബി സി സി ഐ മുന്‍ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍ ടീം ഉടമ രാജ് കന്ദ്രക്കും പങ്കില്ലെന്ന് വിലയിരുത്തുന്ന റിപ്പോര്‍ട്ടാണ് സമിതി നിയമിച്ച, ജസ്റ്റിസ് ആര്‍ ബാലസുഹ്മ്രണ്യവും ജസ്റ്റിസ് ടി ജയറാം ചൗധയും അടങ്ങുന്ന രണ്ടംഗ സമിതി ബി സി സി ഐക്ക് സമര്‍പ്പിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമകളായ ഇന്ത്യാ സിമന്റ്‌സിനും അന്വേഷണ സമിതി ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്.

ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബി സി സി ഐ പ്രസിഡണ്ട്് സ്ഥാനത്ത് നിന്ന് മാറിനിന്ന എന്‍ ശ്രീനിവാസന്‍, മരുമകന്‍ മെയ്യപ്പന്‍ തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ളതാണ് ഇന്ത്യാ സിമന്റ്‌സ്. വാതുവെപ്പില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും ഗുരുനാഥ് മെയ്യപ്പനും പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ശ്രീനിവാസന് സ്ഥാനം ഒഴിയേണ്ടി വന്നത്. ഐ പി എല്‍ ഒത്തുകളിവിവാദം ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കുകയും ബി സി സി ഐയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വിധം രൂക്ഷമാകുകയും ചെയ്തപ്പോള്‍ സെക്രട്ടരി സഞ്ജയ് ജഗ്ദലെ, ട്രഷറര്‍ അജയ് ഷിര്‍ക്കെ തുടങ്ങിയവര്‍ സ്ഥാനങ്ങള്‍ രാജി വെച്ചെങ്കിലും ശ്രീനിവാസന്‍ രാജിക്ക് തയാറാകാതെ പദവിയില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിച്ചതായിരുന്നു. ബി സി സി ഐ യോഗം ശ്രീനിവാസന്റെ നിലപാടില്‍ കടുത്ത അസംതൃപ്തി രേഖപ്പെടുത്തുകയും അദ്ദേഹം രാജി വെക്കുന്നില്ലെങ്കില്‍ മറ്റു രണ്ട് ഭാരവാഹികളുടെ രാജി സ്വീകരിക്കേണ്ടെന്ന കര്‍ക്കശ തീരുമാനമെടുക്കുകയും ചെയ്തപ്പോഴാണ് താത്കാലികമായി പദവിയില്‍ മാറിനില്‍ക്കാന്‍ അദ്ദേഹം സന്നദ്ധനായത്. വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം വിന്ദു ധാരാസിംഗാണ് മെയ്യപ്പന്റെ പങ്ക് വ്യക്തമാക്കിയത്. മെയ്യപ്പന് വേണ്ടിയാണ് താന്‍ വാതുവെപ്പ് നടത്തിയതെന്നായിരുന്നു പോലീസ് മുമ്പാകെ ധാരാസിംഗിന്റെ മൊഴി. മത്സരത്തിനിടെ ധാരാസിംഗ് 35 തവണ മെയ്യപ്പനുമായി ഫോണില്‍ സംസാരിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
ശ്രീനിവാസന് പ്രസിഡണ്ട് സ്ഥാനത്തേക്ക് മടങ്ങി വരാന്‍ സഹായകമാണ് സമിതിയുടെ റിപ്പോര്‍ട്ട്. അതിനുള്ള കരുനീക്കങ്ങള്‍ അണിയറയില്‍ ആരംഭിക്കവെ സമിതിക്ക് നിയമസാധുതയില്ലെന്ന ഡല്‍ഹി ഹൈക്കോടതി പ്രസ്താവം അദ്ദേഹത്തിന് വീണ്ടും ആഘാതമായിരിക്കയാണ്. ബി സി സി ഐ നിയമിച്ച രണ്ടംഗ ജുഡീഷ്യല്‍ കമ്മീഷന്‍ ഭരണ ഘടനാ വിരുദ്ധമാണെന്നാണ് കോടതി നിരീക്ഷണം. സമിതി പിരിച്ചുവിട്ട് പുതിയ അന്വേഷണ സംഘത്തെ നിയമിക്കാനും ഡല്‍ഹി കോടതി ബി സി സി ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ബോര്‍ഡിനെങ്ങനെയാണ് സ്വന്തം പാളിച്ചകളെക്കുറിച്ച് അന്വേഷിക്കാന്‍ സാധിക്കുകയെന്ന് ചോദിച്ച കോടതി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളില്‍ വൈരു ദ്ധ്യങ്ങളുണ്ടെന്നും നിരീക്ഷിക്കുകയുണ്ടായി. ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമര്‍ശം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ക്ലീന്‍ ചിറ്റ് നല്‍കിയ അന്വേഷണ സമിതി റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്നതാണ് കായിക മന്ത്രാലയത്തിന്റെ നിലപാടും. ആരോപണവിധേയര്‍ക്ക് പോലീസ് അന്വേഷണം കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്നും കോടതി നടപടികളില്‍ സമിതി തീരുമാനത്തിന് പ്രസക്തിയേതുമില്ലെന്നും കായിക മന്ത്രാലയം സെക്രട്ടറി പി കെ ദേബ്‌റയുടെ പത്രക്കുറിപ്പില്‍ പറയുന്നു. ഇവിടെയാണ് സമിതിയുടെ വിശ്വാസ്യതയില്‍ സന്ദേഹവും ശ്രീനിവാസന് സ്ഥാനത്ത് മടങ്ങിയെത്താന്‍ നടത്തിയ ഒരു പൊറാട്ട് നാടകമായിരുന്നോ അന്വേഷണമെന്ന ചോദ്യവും ഉയരുന്നത്. അന്വേഷണത്തില്‍ തനിക്കെതിരെ തെളിവൊന്നുമില്ലെന്നു കണ്ടാല്‍ വീണ്ടും അധ്യക്ഷനാക്കണമെന്ന്് ശ്രീനിവാസന്‍ ആവശ്യപ്പെട്ടതായി വന്ന വാര്‍ത്തയും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. കോടികള്‍ മാറിമറിയുന്ന ക്രിക്കറ്റ് ബോര്‍ഡിന്റെ അധ്യക്ഷ പദവി ചില്ലറ കാര്യമല്ലെന്നാണ് ശ്രീനിവാസന്റെ ഈ കളിയില്‍ നിന്ന് പൊതുജനം വായിച്ചെടുക്കുന്നത്.

ALSO READ  ദേവീന്ദര്‍ സിംഗ് ഉയര്‍ത്തുന്ന സന്ദേഹങ്ങള്‍