Connect with us

Wayanad

കുടുംബശ്രീയെ പഠിക്കാന്‍ ഉത്തരേന്ത്യന്‍ സംഘം വയനാട്ടിലെത്തി

Published

|

Last Updated

കല്‍പ്പറ്റ: ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (എന്‍ ആര്‍ എല്‍എം) മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി കുടുംബശ്രീയെ പഠിക്കാന്‍ ഉത്തരേന്ത്യന്‍ സംഘം ജില്ലയിലെത്തി. രണ്ടു ബാച്ചുകളിലായി 9 അംഗ സംഘമാണ് ജില്ലയില്‍ പര്യടനം നടത്തുന്നത്.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ രൂപീകരിച്ച നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍.ആര്‍.ഒ) മുഖേനയാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കുന്നത്. ബീഹാറിലെ ഗയ, മുസഫിര്‍ ജില്ലകളിലാണ് ജീവിക പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്.
മേഘ ഹന്ന പോളിന്റെ നേതൃത്വത്തില്‍ യങ്ങ് പ്രൊഫഷണല്‍ (വൈ.പി) അംഗങ്ങളായ അതിദി ദേയ് സര്‍ക്കാര്‍ (ബോംബെ), ഹിമാന്ദ്രി സര്‍ക്കാര്‍ (ഡെല്‍ഹി), കുശ്ബു സിന്‍ഹ (ജാര്‍ഖണ്ഡ്) എന്നിവര്‍ ജില്ലയിലെ 7 സി.ഡി.എസുകളില്‍ പഠന പര്യടനം പൂര്‍ത്തിയാക്കി.
ബിഹാര്‍ സംസ്ഥാനത്തെ ഗയ ജില്ലയിലുള്ള വിജേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള മാസ്റ്റര്‍ എം.ഇസിമാരുടെ 4 അംഗ സംഘത്തില്‍ സണ്ണി കുമാര്‍, സനോജ് കുമാര്‍, രാജേഷ് രഞ്ജന്‍ ഭാരതി, പവന്‍ കുമാര്‍ എന്നിവര്‍ അംഗങ്ങളാണ്. സംഘം ഒരാഴ്ച ജില്ലയില്‍ വിവിധ സി.ഡി.എസുകള്‍ കേന്ദ്രീകരിച്ച് പഠന പര്യടനം നടത്തും.
കുടുംബശ്രീ നടപ്പിലാക്കുന്ന കേന്ദ്ര – സംസ്ഥാന – തനത് പദ്ധതികളും ജില്ലയില്‍ മാത്രമായി നടപ്പിലാക്കുന്ന പരിപാടികളും സംഘം പഠന വിധേയമാക്കുന്നുണ്ട്. കുടുംബശ്രീ ചെറുകിട സംരംഭങ്ങള്‍, സംഘകൃഷി, ബാലസഭ, സംഘടനാ സംവിധാനം, ഗോത്ര പദ്ധതികള്‍, ത്രിതല പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതികള്‍, സ്ത്രീശാക്തീകരണത്തില്‍ കുടുംബശ്രീ വഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ നേരിട്ട് കണ്ട് മനസ്സിലാക്കാനാണ് സംഘം എത്തിയത്. ബീഹാര്‍ സംസ്ഥാനത്തെ 32 അംഗ മാസ്റ്റര്‍ എം.ഇ.സിമാരുടെ സംഘം സംസ്ഥാനത്തെ വയനാട്, കൊല്ലം, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ കുടുംബശ്രീയെ പഠിക്കാന്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.