തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ യുപിഎ തീരുമാനിച്ചു

Posted on: July 30, 2013 5:47 pm | Last updated: August 1, 2013 at 6:23 pm

telangana-map

ഹൈദരാബാദ്: വര്‍ഷങ്ങള്‍ നീണ്ട മുറവിളിക്കൊടുവില്‍ ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപവല്‍കരിക്കുന്നതിന് യു പി എ ഏകോപന സമിതി യോഗത്തില്‍ തീരുമാനമായി. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആന്ധ്രപ്രദേശ് വിഭജിച്ച പകരം സീമാന്ദ്ര, റായല്‍ തെലുങ്കാന എന്നീ സംസ്ഥാനങ്ങളാണ് നിലവില്‍ വരിക. പത്ത് ജില്ലകള്‍ കൂട്ടിച്ചേര്‍ത്ത് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനാണ് തീരുമാനം. തെലുങ്കാന യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇനി രാഷ്ട്രപതിയും കേന്ദ്രമന്ത്രി സഭയും പാര്‍ലമെന്റും ആന്ധ്ര നിയമസഭയും തീരുമാനത്തിന് അംഗീകാരം നല്‍കണം. ആദ്യ പത്ത് വര്‍ഷം ഹൈദരാബാദ് പൊതു തലസ്ഥാനമായിരിക്കും. തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള തീരുമാനം ജനങ്ങളുടെ വിജയമെന്ന് ബിജെപി പ്രതികരിച്ചു. നടപടി പൂര്‍ത്തിയാക്കി തെലുങ്കാന സംസ്ഥാനം അടുത്ത വര്‍ഷം തുടക്കത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തെലുങ്കാന സംസ്ഥാന രൂപവത്കരണത്തിലൂടെ വന്‍ രാഷ്ട്രീയ ലാഭമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് ടി ആര്‍ എസുമായി ചേര്‍ന്ന് തെലുങ്കാന മേഖലയില്‍ ആധിപത്യമുറപ്പിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ ആധിപത്യം ഇതിലൂടെ തടയാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.