Connect with us

Palakkad

ആദിവാസികള്‍ക്ക് ഭൂമി: പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നടപ്പാക്കാന്‍ കടമ്പകളേറെ

Published

|

Last Updated

പാലക്കാട്: അട്ടപ്പാടി ആദിവാസികള്‍ക്ക് ഭൂമി ലഭിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ നിര്‍ദേശം നടപ്പാക്കാന്‍ കടമ്പകളേറെ. നവജാത ശിശുക്കളുടെ മരണത്തെക്കുറിച്ച് നേരിട്ട് അറിയുന്നതിന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ഉപദോഷ്ടാവ് ടി കെ എ നായര്‍ അട്ടപ്പാടി സന്ദര്‍ശിക്കുകയും വിവരങ്ങള്‍ പ്രധാനമന്ത്രി അറിയിച്ചതിനെ തുടര്‍ന്ന്, ഭൂരഹിതരായ ആദിവാസികള്‍ക്ക് ആറ് മാസത്തിനകം ഭൂമി നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിക്കുകയായിരുന്നു.
കാറ്റാടി ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് ആദിവാസി ഭൂമി കണ്ടെത്തി നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം റവന്യു, വനം വകുപ്പുകളും സര്‍വേ ഡിപ്പാര്‍ട്ടുമെന്റും ചേര്‍ന്ന് തുടങ്ങിയ സര്‍വേ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
റവന്യു, ആദിവാസി, വനഭൂമികള്‍ വേര്‍തിരിച്ച് നല്‍കുന്നതിനായി 100 സര്‍വേയര്‍മാരെ ഉള്‍പ്പെടുത്തിയാണ് നടപടികള്‍ തുടങ്ങിയത്. ഡെപ്യുട്ടി കലക്ടറുടെ മേല്‍നോട്ടത്തില്‍ ഓഫീസും തുറന്നു. സ്ഥല പരിശോധനകള്‍ നടത്തിയ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്രകാരം ആദിവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ രേഖകളും ഹാജരാക്കി. ഭൂമിയുടെ അതിരുകളിലെ കാടുവെട്ടിത്തെളിച്ച് ഉദ്യോഗസ്ഥരെ കാത്തിരുന്ന നാട്ടുകാര്‍ക്ക് ഒടുവില്‍ നിരാശയായിരുന്നു ഫലം. അനധികൃതമായി ഭൂമി കൈവശംവെച്ചിരുന്നവരുടെ സമ്മര്‍ദത്തില്‍ ഉദ്യോഗസ്ഥര്‍ നടപടി നിര്‍ത്തിവെക്കുകയായിരുന്നു. ഭൂമാഫിയ കൈവശപ്പെടുത്തിയതുപോലെ വനംവകുപ്പും പല കാരണങ്ങള്‍പറഞ്ഞ് ആദിവാസിഭൂമി കൈയേറ്റം നടത്തിയിട്ടുണ്ട്. വനംവകുപ്പ് ജണ്ടകളിട്ട ആദിവാസി ഭൂമികള്‍ കണ്ടെത്താന്‍ സംയുക്ത സര്‍വേകൊണ്ട് മാത്രമേ കഴിയൂ.
ആയിരത്തോളംപേരുടെ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച സര്‍വേ വിഭാഗം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ്‌പോലും ഇപ്പോഴില്ല.—കിഴക്കന്‍ അട്ടപ്പാടിയില്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമി ബിനാമി പേരുകളില്‍ ഭൂമാഫിയ സ്വന്തമാക്കിയിട്ടുണ്ട്. 1975ലെ ആദിവാസി ഭൂനിയമം നിലനില്‍ക്കുമ്പോള്‍തന്നെ 1999ല്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ആദിവാസിഭൂമി പുനരവകാശ സംരക്ഷണ നിയമവും നിലനില്‍ക്കുന്നുണ്ട്.
2009ല്‍ ഇതിനനുബന്ധമായുണ്ടായ സുപ്രീം കോടതി വിധിയും നടപ്പായിട്ടില്ല. ഇതിനാല്‍ 1986ന് ശേഷമുള്ള ക്രയവിക്രയങ്ങള്‍ അസാധുവാക്കി ഭൂമി ആദിവാസികള്‍ക്ക് നല്‍കണം. എന്നാല്‍ റീസര്‍വേ നടത്തി അധികഭൂമി പിടിച്ചെടുക്കുന്നതിന് റവന്യു അധികാരികളും അലംഭാവം കാണിക്കുകയാണ്. അട്ടപ്പാടിയില്‍നിന്ന് കോടതികളിലേക്കെത്തുന്ന കേസുകളിലേറെയും ഭൂതര്‍ക്കങ്ങളുമായി ബന്ധപ്പെട്ടതാണ്. 2,432 കേസുകളാണ് ഒറ്റപ്പാലം ആര്‍ ഡി ഒയുടെ മുമ്പില്‍ മാത്രം ഇതുവരെ എത്തിയത്.
പാരമ്പര്യ കൃഷിരീതികളില്‍ നിന്ന് ആദിവാസികള്‍ മാറിയതാണ് പോഷകാഹാര കുറവിന് കാരണം. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ആദിവാസികള്‍ക്ക് അവര്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ച് നല്‍കിയാല്‍മാത്രമേ കഴിയൂ. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഭൂമി നല്‍കുന്നതിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.—