ടി20 പരമ്പരയും പാക്കിസ്ഥാന്

Posted on: July 30, 2013 12:50 am | Last updated: July 30, 2013 at 12:50 am

കിംഗ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും പാക്കിസ്ഥാന്‍ സ്വന്തമാക്കി. രണ്ടാം ടി20യില്‍ വിന്‍ഡീസിനെ 11 റണ്‍സിനാണ് പാക്കിസ്ഥാന്‍ കീഴടക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തപ്പോള്‍ വിന്‍ഡീസിന്റെ പോരാട്ടം 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124ല്‍ അവസാനിച്ചു.
പാക് ബൗളര്‍മാരുടെ കൃത്യതായാര്‍ന്ന ബൗളിംഗാണ് വിന്‍ഡീസിന് വിജയം നിഷേധിച്ചത്. 35 റണ്‍സെടുത്ത ബ്രാവോയാണ് ടോപ്പ് സ്‌കോറര്‍. 28 റണ്‍സെടുത്ത നരെയ്ന്‍, 23 റണ്‍സെടുത്ത പൊള്ളാര്‍ഡ് എന്നിവരും അല്‍പ്പം പിടിച്ചു നിന്നു.
പാക് നിരയില്‍ നാലോവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത മുഹമ്മദ് ഹഫീസ് തിളങ്ങി. അജ്മല്‍, തന്‍വീര്‍, ബാബര്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. ബാബറാണ് കളിയിലെ കേമനായത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ അഞ്ചിന് 97 എന്ന നിലയില്‍ പരുങ്ങിയിരുന്നു. എന്നാല്‍ 36 പന്തില്‍ 46 എടുത്ത് പുറത്താകാതെ നിന്ന ഉമര്‍ അക്മലിന്റെ ബാറ്റിംഗ് അവരെ ഭേദപ്പെട്ട നിലയിലെത്തിച്ചു. അഹമ്മദ് ഷെഹ്‌സാദ് 44 റണ്‍സെടുത്തു.
കളിയിലെ കേമനായ ബാബര്‍ അവസാനമിറങ്ങി ആറ് പന്തില്‍ 11 റണ്‍സെടുത്തു. നരെയ്ന്‍ മൂന്നും ബദ്രി രണ്ടും വിക്കറ്റെടുത്തു.