കാനില്‍ നാല് കോടി യൂറോയുടെ രത്‌നങ്ങള്‍ മോഷ്ടിച്ചു

Posted on: July 30, 2013 12:11 am | Last updated: July 30, 2013 at 12:11 am

ലണ്ടന്‍: കാനിലെ പ്രശസ്തമായ കാള്‍ടണ്‍ ഹോട്ടലില്‍ നിന്ന് തോക്ക്ധാരി 40 മില്യന്‍ (നാല് കോടി) യൂറോ വിലമതിക്കുന്ന അമൂല്യ രത്‌നങ്ങള്‍ കവര്‍ച്ച ചെയ്തു. ഞായറാഴ്ച ഉച്ചക്കാണ് വിപുലമായ സുരക്ഷാ സംവിധാനത്തെയാകെ നടുക്കിയ കവര്‍ച്ച നടന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ലോകത്ത് നടന്ന ഏറ്റവും വലിയ ആഭരണ കവര്‍ച്ചയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. അതിവിശിഷ്ടവും അമൂല്യവുമായ സ്വര്‍ണ, രത്‌നാഭരണങ്ങളുടെ പ്രദര്‍ശനത്തിനിടയിലണ് കവര്‍ച്ച.
ഒരാള്‍ തനിച്ചാണ് കവര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് കരുതുന്നത്. പ്രദര്‍ശനം കാണാനെത്തിയ ആളെന്ന വ്യാജേനെ ഹാളില്‍ ചുറ്റിനടന്ന കവര്‍ച്ചക്കാരന്‍ അവസരം ഒത്തുകിട്ടിയപ്പോള്‍ കൈയിലുണ്ടായിരുന്ന സ്യൂട്ട്‌കെയ്‌സില്‍ രത്‌നങ്ങളും ആഭരണങ്ങളും കുത്തിനിറച്ച ശേഷം വന്നതു പോലെ തന്നെ ഹോട്ടലില്‍ നിന്ന് പുറത്ത് കടന്ന് രക്ഷപ്പെടുകയായിരുന്നു.
ഇസ്‌റാഈല്‍ കോടീശ്വരനായ ലെവ് ലെവീവിന്റെ ഉടമസ്ഥതയിലുള്ള മോസ്‌കൊ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ലെവീവ് ഡയമണ്ട് ഹൗസാണ് രത്‌നാഭരണ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നത്. തെക്കന്‍ ഫ്രാന്‍സിലെ കാനില്‍ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കാള്‍ട്ടണ്‍ ഇന്റര്‍ കോണ്ടിനന്റെല്‍ ഹോട്ടല്‍ ധനാഢ്യരുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. ഏറ്റവും ചെലവേറിയ ഹോട്ടല്‍ കൂടിയാണിത്.