Connect with us

Editorial

മതേതര നേതാക്കള്‍ക്കും മോഡിപ്പേടിയോ?

Published

|

Last Updated

നരേന്ദ്ര മോഡിക്ക് അമേരിക്കയിലേക്ക് വിസ നല്‍കരുതെന്ന് ആവശ്യപ്പെട്ട് 64 എം പിമാര്‍ അയച്ച കത്ത് യാഥാര്‍ഥ്യമാണെന്ന് തെളിഞ്ഞിരിക്കയാണ്. കത്ത് വിവാദമാകുകയും ഒപ്പിട്ട എം പിമാരില്‍ പലരും തങ്ങളുടെ ഒപ്പ് വ്യാജമാണെന്ന് പറയുകയും ചെയ്ത പശ്ചാത്തലത്തില്‍ കാലിഫോര്‍ണിയയിലെ ഫോറന്‍സിക് കേന്ദ്രം നടത്തിയ പരിശോധനയിലാണ് കത്ത് വ്യാജമല്ലെന്നും ഒപ്പുകള്‍ മുഴുവന്‍ അസ്സല്‍ തന്നെയാണെന്നും കണ്ടെത്തിയത്. 2002ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയുടെ പേരില്‍ അമേരിക്ക മോഡിക്ക് രാജ്യത്തേക്കുള്ള പ്രവേശം നിഷേധിച്ചിട്ടുണ്ട്. അമേരിക്കയുടെ നിലപാട് മാറ്റാനും വിസാ നിരോധം നീക്കിക്കിട്ടാനും മോഡിയും സംഘ്പരിവാര്‍ നേതാക്കളും സമ്മര്‍ദങ്ങള്‍ തുടരുന്നതിനിടെയാണ് ലോക്‌സഭയിലെ 25ഉം രാജ്യസഭയിലെ 39 ഉം അംഗങ്ങള്‍ ഒപ്പ് വെച്ച രണ്ട് കത്തുകള്‍ ഡല്‍ഹിയില്‍ നിന്ന് വൈറ്റ് ഹൗസിലേക്ക് പോകുന്നത്. 2000ത്തിലേറെ പേര്‍ വധിക്കപ്പെടാനും ഒന്നര ലക്ഷം പേര്‍ ഭവനരഹിതരാകാനും ഇടയായ, വംശഹത്യക്ക് നേതൃത്വം നല്‍കിയത് മോഡിയാണെന്നും അദ്ദേഹത്തിനുള്ള വിസാനിരോധം തുടരണമെന്നുമാണ് കത്തുകളുടെ ഉള്ളടക്കം. ഈ വിവരം മാധ്യമങ്ങളില്‍ വന്നതോടെ കത്തില്‍ താന്‍ ഒപ്പ് വെച്ചിട്ടില്ലെന്നും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തില്‍ ഇടപെടുന്ന നയം തന്റെ പാര്‍ട്ടിക്കില്ലെന്നും പറഞ്ഞു സി പി എം നേതാവ് സീതാറാം യെച്ചുരിയാണ് ആദ്യം രംഗത്ത് വന്നത്. തുടര്‍ന്ന് സി പി ഐ നേതാവ് എം പി അച്യുതന്‍, ഡി എം കെയിലെ കെ പി രാമലിംഗം, എന്‍ സി പിയിലെ സഞ്ജീവ് നായിക് തുടങ്ങിയവരും കത്തില്‍ ഒപ്പിട്ട കാര്യം നിഷേധിച്ചു. കത്ത് യാഥാര്‍ഥ്യമാണെന്നും ഒപ്പുകളില്‍ കൃത്രിമമില്ലെന്നും ഫോറന്‍സിക് പരിശോധന സ്ഥിരീകരിച്ചതോടെ ഇവര്‍ വെട്ടിലായിരിക്കയാണ്.
രാജ്യത്തെ മതേതര പാര്‍ട്ടി നേതാക്കളുടെ ഇരട്ട മുഖമാണ് ഈ സംഭവത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. നരേന്ദ്ര മോഡിയെപ്പോലുള്ള സംഘ്പരിവാര്‍ നേതാക്കളില്‍ പലരും ഭീകരരും തീവ്രവാദിക ളുമാണെന്ന് രഹസ്യമായി സമ്മതിക്കുമ്പോള്‍ തന്നെ, തുറന്നു പറഞ്ഞാല്‍ ന്യൂനപക്ഷ പ്രീണനമായി വ്യാഖ്യാനിക്കപ്പെടുമോ എന്ന ആശങ്കയില്‍ സംഘ്പരിവാര്‍ ഭീകരതയോട് അഴകൊഴമ്പന്‍ നയം സ്വീകരിക്കുകയാണ് മതേതരത്വത്തിന്റെ പൊയ്മുഖമണിഞ്ഞ നേതാക്കളേറെയും. പരസ്യമായ തീവ്രഹിന്ദുത്വ വിരുദ്ധ നിലപാട് പാര്‍ട്ടിയുടെ വോട്ട് ബേങ്കിനെ ബാധിച്ചേക്കുമെന്ന ഭീതിയില്‍ മൃദുഹിന്ദുത്വം മതേതര കക്ഷികള്‍ നയമായി അംഗീകരിക്കുകയും ചെയ്യുന്നു. പാര്‍ട്ടി സമ്മര്‍ദത്തെ തുടര്‍ന്നാണ് യെച്ചൂരിക്ക് ഒപ്പ് നിഷേധിക്കേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ഷിന്‍ഡേക്കുണ്ടായതും ഇതേ അനുഭവമാണല്ലോ. ആര്‍ എസ് എസും ബി ജെ പിയും ഭീകരപരിശീലനം നടത്തുന്നതായും രാജ്യത്തെ പല സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും ഈ സംഘടനകളാണെന്നും അത് പിന്നീട് ന്യൂനപക്ഷങ്ങളുടെ പേരില്‍ ചാര്‍ത്താന്‍ ശ്രമിക്കുകയാണെന്നുമുള്ള സത്യം ജനുവരിയില്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ സംസാരിക്കവേ ഷിന്‍ഡെ തുറന്നു പറഞ്ഞു. ഇതിനെതിരെ സംഘ്പരിവാര്‍ പ്രതിഷേധ കോലാഹലം സൃഷ്ടിക്കുകയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയും ചെയ്തപ്പോള്‍ ഷിന്‍ഡെ ഖേദം പ്രകടിപ്പിക്കുകയും ഒരു മതത്തെയും തീവ്രവാദവുമായി ബന്ധപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണുണ്ടായതെന്നും വിശദീകരണം നല്‍കി ഒഴിഞ്ഞു മാറുകയുമായിരുന്നു. പ്രതിഷേധങ്ങള്‍ക്കിടയിലും ആദ്യമൊക്കെ പ്രസ്താവനയില്‍ ഉറച്ചു നിന്ന അദ്ദേഹം പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് ഒടുവില്‍ ഖേദപ്രകടനം നടത്തിയത്. ഷിന്‍ഡെയുടെ പ്രസ്താവന അടിമുടി വസ്തുതാപരമാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് നല്ല ബോധ്യമുണ്ട്. രാജ്യത്ത് അരങ്ങേറിയ സ്‌ഫോടനങ്ങളെക്കുറിച്ച് നടന്നു വരുന്ന അന്വേഷണങ്ങള്‍ ഷിന്‍ഡെയുടെ വാക്കുകള്‍ക്ക് അടിവരയിടുകയും ചെയ്യുന്നു. ബി ജെ പി ഇതിനെ രാഷ്ട്രീയ ആയുധമാക്കുകയും ന്യൂനപക്ഷ പ്രീണനമായി വ്യാഖ്യാനിക്കുകയും ചെയ്യുമോ എന്ന ഭീതി മൂലമാണ് ഖേദപ്രകടനത്തിന് തുനിഞ്ഞത്.
വഴി തെറ്റിയ മുസ്‌ലിം സംഘടനകളും യുവാക്കളും നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഇസ്‌ലാമിക തീവ്രവാദമായും മുസ്‌ലിം ഭീകരതയായും മുദ്രകുത്തി ഒരു സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഒരുമ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍, സംഘ്പരിവാര്‍ നടത്തുന്ന കലാപങ്ങളെയും വംശഹത്യകളെയും ഹിന്ദുത്വ ഭീകരതയെന്നാരോപിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ഒരു മതത്തിലെ ഏതാനും പേര്‍ കാണിക്കുന്ന അതിക്രമങ്ങളെ ആ മതത്തിന്റെ പേരില്‍ ചാര്‍ത്താതിരിക്കുന്നത് തന്നെയാണ് ന്യായം. ആ നിലപാട് എല്ലാ മതങ്ങളുടെ കാര്യത്തിലും തുല്യരീതിയില്‍ പാലിക്കുന്നില്ലെന്നതാണ് പ്രശ്‌നം. ഇത്തരം ഇരട്ടത്താപ്പുകളും പൊയ്മുഖങ്ങളും ഉപേക്ഷിച്ച് സത്യമെന്ന് ബോധ്യപ്പെട്ട കാര്യം തുറന്നു പറയാനും സമ്മര്‍ദങ്ങളെ അതിജീവിച്ച് അതില്‍ ഉറച്ചുനില്‍ക്കാനുമുള്ള തന്റേടവും ആണത്തവും കാണിക്കുമ്പോഴാണ് മതേതരത്വത്തിന്റെ വക്താക്കള്‍ എന്നവകാശപ്പെടാന്‍ ഇവര്‍ അര്‍ഹരാകുന്നത്.

 

Latest