Connect with us

Kannur

പുതിയ കാര്‍ഷിക നയം ഇരുട്ടടിയാകും

Published

|

Last Updated

കണ്ണൂര്‍:സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് “അവകാശ ലാഭം” സ്വരൂപിക്കാനെന്ന പേരില്‍ പൊതുവിപണിയില്‍ വില്‍ക്കുന്ന ഓരോ കിലോ അരിക്കും ഒരു രൂപ സെസ് ഏര്‍പ്പെടുത്തണമെന്ന സര്‍ക്കാറിന്റെ കാര്‍ഷിക നയത്തിലെ കരട് നിര്‍ദേശം സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകും. നെല്‍ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി നെല്ലിന് ഉയര്‍ന്ന വില നല്‍കുന്നതിനാണ് പൊതുവിപണിയിലെ അരിക്ക് ഒരു രൂപ സെസ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം കാര്‍ഷിക നയത്തിലുള്‍ക്കൊള്ളിച്ചിട്ടുള്ളത്. നിലവില്‍ ഉത്പാദിപ്പിക്കുന്ന നെല്ലിന് കര്‍ഷകന് സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന താങ്ങുവിലയേക്കാള്‍ ഇരട്ടി വിലക്കാണ് അരി പൊതുവിപണിയില്‍ വില്‍ക്കുന്നത്. ഉയര്‍ന്ന വിലക്ക് അരി വിറ്റുപോകുമ്പോള്‍ തുച്ഛമായ തുക കര്‍ഷകന് ലഭിക്കുന്നത് മാറ്റിയെടുക്കാന്‍ പ്രത്യേക ഫണ്ട് സ്വരൂപിക്കണമെന്ന നിര്‍ദേശം നേരത്തെ തന്നെയുയര്‍ന്നിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഉപഭോക്താക്കളില്‍ നിന്ന് അധികമായി ലഭിക്കുന്ന തുക ഉപയോഗിച്ച് കര്‍ഷകര്‍ക്ക് മാത്രമായി പ്രത്യേക നിധി രൂപവത്കരിക്കാന്‍ കരടുനയത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഓരോ വര്‍ഷവും സ്വരൂപിക്കുന്ന ഇത്തരത്തിലുള്ള അവകാശനിധിയില്‍ നിന്ന് ഒരു കിലോ നെല്ലിന് അഞ്ച് രൂപയെങ്കിലും കൂട്ടി നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാര്‍ഷിക നയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

40 ലക്ഷം ടണ്‍ അരി സംസ്ഥാനത്ത് ഓരോ വര്‍ഷവും വിറ്റുപോകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുതിയ നയപ്രകാരം സെസ് ഏര്‍പ്പെടുത്തിയാല്‍ ഈ ഇനത്തില്‍ മാത്രം 350 മുതല്‍ 400 കോടി വരെ രൂപ സര്‍ക്കാറിന് ലഭ്യമാകുമെന്ന് കാര്‍ഷിക നയം വിരല്‍ചൂണ്ടുന്നു. ഒരു ടണ്‍ നെല്ല് നല്‍കുന്ന കര്‍ഷകന് 15,000 രൂപയെങ്കിലും ഓരോ വിളവെടുപ്പ് കാലത്തും അവകാശലാഭമായി ലഭിക്കും. ഏറെ ആവശ്യക്കാരുള്ള പാലക്കാടന്‍ മട്ടയുടെ നെല്ലിന് നിലവില്‍ 22.60 രൂപയാണ് കര്‍ഷകന് ലഭിക്കുന്നത്. എന്നാല്‍ ഇത് അരിയായി വിപണിയിലെത്തുമ്പോള്‍ കിലോക്ക് 65 രൂപ മുതല്‍ 70 രൂപ വരെയായി വര്‍ധിക്കുന്നു. ഇടനിലക്കാരുടെ ഇടപെടലും മറ്റുമാണ് വലിയ വിലവര്‍ധനക്ക് കാരണമാകുന്നത്. ഇത്തരത്തില്‍ അരിക്ക് എത്ര വില വര്‍ധിക്കുമ്പോഴും ഏറ്റവും താഴെത്തട്ടിലുള്ള കര്‍ഷകന് നാമമാത്രമായ തുക മാത്രമേ ലഭിക്കുകയുള്ളൂ. നെല്‍ കര്‍ഷകന് അവകാശലാഭം ലഭിക്കുന്നത് പോലെ പഴം, പച്ചക്കറി, റബ്ബര്‍ മേഖലകളിലും ഇത്തരം “അവകാശലാഭം” സ്വരൂപിക്കണമെന്നും ഇതിനായി പഠനം നടത്തണമെന്നുമുള്ള നിര്‍ദേശവും കാര്‍ഷിക നയത്തിന്റെ കരട് രേഖയിലുണ്ട്.
അതേസമയം, ഭക്ഷ്യധാന്യ ഉത്പാദനത്തില്‍ വന്‍ കുറവ് വരുന്ന സാഹചര്യമുണ്ടാകുമ്പോള്‍ സെസ് ഏര്‍പ്പെടുത്തി അരി വില ഉയര്‍ത്തണമെന്ന നിര്‍ദേശം സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കുക. അരി വില നിയന്ത്രിക്കുന്ന പ്രത്യേക ലോബിയുള്‍പ്പെടെ ഈ അവസരം മുതലെടുക്കുകയും അരിക്ക് കനത്ത തോതില്‍ വിലയുയരാന്‍ കാരണമാകുകയും ചെയ്യും.

 

 

---- facebook comment plugin here -----

Latest