ഫിന്‍മെക്കാനിക്ക കമ്പനി മേധാവിക്ക് എതിരെയുള്ള വിചാരണ: എ കെ ആന്റണി തെളിവ് നല്‍കും

Posted on: July 30, 2013 6:00 am | Last updated: July 29, 2013 at 11:04 pm

ബസ്റ്റോ അര്‍സിസിയോ(ഇറ്റലി): ഇന്ത്യയുമായുള്ള ഹെലികോപ്ടര്‍ ഇടപാടില്‍ അഴിമതി നടത്തിയ ഇറ്റലിയിലെ ഫിന്‍മെക്കാനിക്ക കമ്പനി മേധാവിക്കെതിരെയുള്ള വിചാരണയില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി തെളിവ് നല്‍കും. ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍, യു കെയുടെ മുന്‍ പ്രതിരോധ മന്ത്രി എന്നിവരുള്‍പ്പെടെ 80 പേര്‍ സാക്ഷിപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇവരെ സാക്ഷിവിസ്താരത്തിന് വിളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ മേധാവിയായിരിക്കേ 56 കോടി യൂറോ വരുന്ന കരാര്‍ ഉറപ്പിക്കുന്നതിന് ഇടനിലക്കാര്‍ക്ക് കോഴ നല്‍കിയ വിഷയത്തില്‍ ഗിസെപ്പ ഒര്‍സി കുറ്റക്കാരനാണെന്ന് പ്രോസിക്യൂട്ടര്‍ ആരോപിച്ചു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ മുന്‍ സി ഇ ഒ ബ്രൂണോ സ്പഗ്നോലിനിയും ഇദ്ദേഹത്തോടൊപ്പം വിചാരണ നേരിടുന്നുണ്ട്. എന്നാല്‍ കരാറില്‍ തെറ്റായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നാണ് ഇരുവരുടെയും നിലപാട്.