Connect with us

Gulf

41 ശീഷ കടകള്‍ക്ക് ഡിഇഡി പിഴ ചുമത്തി

Published

|

Last Updated

ദുബൈ:18 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ശീഷ നല്‍കിയതുമായി ബന്ധപ്പെട്ടാണ് 52 ശതമാനം ശീഷ കടകള്‍ക്കും പിഴ ചുമത്തിയതെന്നും ഇത് വലിയ സാമൂഹിക പ്രശ്‌നമാണെന്നും ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റി(ഡി ഇ ഡി)ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊമേഴ്‌സ്യല്‍ കംട്രോള്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സെക്ടര്‍ ഫീല്‍ഡ് കണ്‍ട്രോള്‍ വിഭാഗം തലവന്‍ അഹമ്മദ് അല്‍ അവാദി വ്യക്താമാക്കി.

ഗര്‍ഭിണികളെയും കുട്ടികളെയും കടയില്‍ പ്രവേശിപ്പിക്കുന്നത് കുറ്റകരമാണെന്ന് അറിഞ്ഞിട്ടും ഇത്തരം തെറ്റുകള്‍ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ശീഷയില്‍ നിന്നും സമീപത്തുള്ളവര്‍ക്ക് പുകവലിയുടെ ദുഷ്യം സംഭവിക്കുന്നതുമായി ബന്ധപ്പെട്ടാണ് പിഴ ചുമത്തുന്നത്. കോഫി ഷോപ്പുകള്‍, റസ്റ്റോറന്റ്‌സ് എന്നിവക്കെതിരെയാണ് പിഴ. നോ ടു പാസീവ് സ്‌മോകിംഗ് കാമ്പയിനുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കുറ്റകരമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയതും പിഴ ചുമത്തിയതുമെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ റമസാന്‍ മുതലാണ് പുകവലിക്കാരില്‍ നിന്നും മറ്റുള്ളവക്ക് പുകയിലയുടെ ദൂഷ്യം ഉണ്ടാവാതിരിക്കാനായി അധികൃതര്‍ കാമ്പയിന് തുടക്കമിട്ടതും പരിശോധനയും പിഴ ചുമത്തലും സ്ഥാപനം അടപ്പിക്കലും ആരംഭിച്ചതും. ഗര്‍ഭിണികള്‍, 18 വയസിന് താഴെ പ്രായമുള്ളവര്‍ എന്നിവരെ ശീഷ കടകളില്‍ പ്രവേശിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. ശീഷകള്‍ നല്‍കുന്നവര്‍, അവ വില്‍പ്പന നടത്തുന്ന കടകള്‍, ശീഷ വലിക്കാന്‍ അവസരം ഒരുക്കുന്ന ശീഷ കടകള്‍, കോഫി ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് ഈ റമസാന്റെ ആരംഭം മുതല്‍ റെയ്ഡ് നടത്തിയത്. കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അനധികൃതമായി അടഞ്ഞ രീതിയിലുള്ള കാബിനുകള്‍ ശീഷ കടകള്‍ക്ക് ഉള്ളില്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടും നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ കടകള്‍ക്ക് അകത്ത് വിനോദത്തിനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചതിനും അനധികൃതമായി ബോര്‍ഡുകള്‍ വെച്ചവര്‍ക്കും പിഴ ചുമത്തിയിട്ടുണ്ടെന്നും അഹമ്മദ് വെളിപ്പെടുത്തി.
പിഴവ് കണ്ടെത്തിയ ചില സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. അനുവദനീയമായ സമയത്തിലും കൂടുതല്‍ സമയം കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചതുമായി ബന്ധപ്പെട്ടാണ് ഇത്. എമിറേറ്റില്‍ 500 ല്‍ പരം ശീഷ കടകളാണ് പ്രവര്‍ത്തിക്കുന്നത്. ശീഷ വലിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുള്ള കോഫി ഷോപ്പുകളും ഇതില്‍ ഉള്‍പ്പെടും. ഇവിടങ്ങളിലെല്ലാം ശീഷയുമായി ബന്ധപ്പെട്ട ദൂഷ്യങ്ങളെക്കുറിച്ച് ബോധവത്ക്കരണം വകുപ്പിന് കീഴില്‍ നടക്കുന്നുണ്ട്.
10,000 ബോധവത്ക്കരണ പോസ്റ്റുകളും ബുക്ക്‌ലെറ്റുകളും ബോധവത്ക്കരണത്തിനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 114 കോഫി ഷോപ്പുകള്‍ക്ക് ഇതുവരെ ഇവ വിതരണം ചെയ്തിട്ടുണ്ട്. പതിവായി പരിശോധന നടത്തുന്നുണ്ട്. 18 വയസ്സില്‍ താഴെ പ്രായമുള്ളവരും ഗര്‍ഭിണികളും കടകളില്‍ എത്തു ന്നതായി ശീഷ വലിക്കുന്നവര്‍ തന്നെ പരാതിപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകള്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഇത് അനുവദിക്കാവുന്ന കാര്യമല്ല. പുകവലിക്കാരില്‍ നിന്നും മറ്റുള്ളവര്‍ക്ക് ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ശീഷ വലിക്കുന്നവരെയും ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവരെയും ബോധവത്ക്കരിക്കാനാണ് പരിശ്രമിക്കുന്നത്. സ്ഥാപനങ്ങള്‍ നിയമം കര്‍ശനമായി പാലിക്കണം. ഇതുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം 600545555 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

 

Latest